ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ 10 കോടി ഡോസ് കൊവിഡ് വാക്സിന് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ . കോവിഷീല്‍ഡ് വാക്സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമം സംബന്ധിച്ച് പരാതി ഉന്നയിക്കുന്നതിനിടെയാണ് വാക്സിന് ഉല്‍പ്പാദനവും വിതരണവും ഉയര്‍ത്താനാകുമെന്ന് എസ്ഐഐ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്.
കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും വാക്സിന് ഉല്‍പ്പാദനം ഉയര്‍ത്താന്‍ ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നാണ് മരുന്ന് കമ്പനി കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 'മെയ് മാസത്തിലെ 6.5 കോടി ഡോസില്‍ നിന്നും ജൂണ്‍ മാസത്തില്‍ 9 മുതല്‍ 10 കോടി ഡോസ് വാക്സിന് വരെ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയും' അമിത് ഷായ്ക്ക് അയച്ച കത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് അറിയിച്ചു.
വാക്സിന് വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയും നിര്‍ദേശങ്ങളും നല്‍കിയതിന് പ്രകാശ് സിങ് അമിത് ഷായ്ക്ക് നന്ദിയും പറഞ്ഞു. മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിയില്‍നിന്ന് ഇന്ത്യയിലെയും ലോകത്തെയും മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്. സിഇഒ അഡാര്‍ പൂനവാലയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി തോളോട് തോള് ചേര്‍ന്നുനിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍ വാക്സിന് ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.
കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് മെയ് മാസത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്സിന് ഉത്പാദനം ജൂണില്‍ 6.5 കോടി ഡോസായി വര്‍ധിപ്പിക്കുമെന്നും ജൂലായില്‍ ഏഴ് കോടി ആക്കുമെന്നും ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്പാദനം 10 കോടി ആക്കുമെന്നുമാണ് അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജൂണില്‍തന്നെ ഉത്പാദനം 10 കോടി ഡോസുകളാക്കും എന്നാണ് പുതിയ അവകാശവാദം.






