
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വീണ നായര്‍. സീരിയല്‍ രംഗത്തും സിനിമയിലും ഒരുപോലെ സാന്നിധ്യമറിയിച്ച കലാകാരിയുമാണ് അവര്‍. മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തിയെങ്കിലും 25 ഓളം സിനിമകളിലും ഭാഗമാകാന്‍ വീണയ്ക്ക് കഴിഞ്ഞു. തന്റെ കലാജീവിതത്തിനുപിന്നില് മാതാപിതാക്കളുടെ അനുഗ്രഹവും ഭര്‍ത്താവിന്റെ പിന്തുണയുമാണെന്ന് പറയുകയാണ് ഈ കലാകാരി.
വീണയുടെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
ഇപ്പോള്‍ ഭര്‍ത്താവ് കണ്ണനും മകനുമൊപ്പം ദുബായില്‍ അജ്മാനിലാണ് താമസിക്കുന്നത്. സന്തോഷമായി, സമാധാനമായി ജീവിക്കുന്നു. ഒരു പുതിയ സിനിമയുടെ പ്രോജക്ട് ഉടനെയുണ്ടാകും അതിനുവേണ്ടിയുളള കാത്തിരിപ്പിലാണ്.
ബിഗ്ബോസ് സീസണ് 3 കാണാറുണ്ടോ, എങ്ങനെ വിലയിരുത്തുന്നു?
ബിഗ് ബോസ് ഷോയ്ക്ക് അഡിക്റ്റടാണ് എന്നുവേണമെങ്കില്‍ പറയാം. ഷോ കാണാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. നമ്മുടെ വീട്ടില്‍ പുതിയ ആളുകള്‍ വന്ന് താമസിക്കുന്ന ഫീലാണ് ഇപ്പോഴത് കാണുമ്പോള്‍. വിലയിരുത്തുന്നത് എങ്ങനെയെന്നു ചോദിച്ചാല്‍ ഷോ നന്നായി പോകുന്നുണ്ട് എന്നാണ് അഭിപ്രായം. എന്നും മുടങ്ങാതെ കാണാറുണ്ട്. ഇപ്പോള്‍ മത്സരിക്കുന്ന എല്ലാവരും തന്നെ ശക്തരായ മത്സരാര്‍ഥികളാണ്. അവസാന അഞ്ച് പേരില്‍ ആരൊക്കെ വരുമെന്ന് പറയാന്‍ പറ്റില്ല.
ബിഗ്ബോസില്‍ നിന്നുണ്ടായ സൗഹൃദങ്ങള്‍?
ബിഗ്ബോസ് കൊണ്ടുണ്ടായ പ്രോജക്ടാണ് ബോയിങ് ബോയിങ്. ഞങ്ങളുടെ സൗഹൃദം എന്നും നിലനില്ക്കുന്നതും ആ സൗഹൃദം ശക്തമാണെന്നുമുളളതിന് തെളിവാണ് ബോയിങ് ബോയിങ് എന്ന വെബ് സീരിസ്. ബി.ബി കമ്പനി എന്ന യൂട്യൂബ് ചാനലിലാണ് അത് കാണിക്കുന്നത്. ബിഗ് ബോസിലുള്ള മിക്കവാറും എല്ലാവരും അതിലുണ്ട്. സുരേഷ് കുമാര്‍ ആണ് ഡയറക്ട് ചെയ്യുന്നത്. എന്നൊടൊപ്പം ബിഗ്ബോസിലുണ്ടായിരുന്ന ഫുക്രു, സുരേഷേട്ടന്, പ്രദീപേട്ടന്, രഘു, ആര്യ ഇവരൊക്കെ ബോയിങ് ബോയിങ് എന്ന വെബ് സീരിസിന്റെ ഭാഗമാണ്.
വി വൈബ്സ് എന്ന യൂട്യൂബ് ചാനലിനെക്കുറിച്ച്?
ലോക്ഡൗണ്‍ സമയത്ത് തുടങ്ങിയതാണ് വി വൈബ്സ്. 25000 സബ്സ്ക്രൈബേഴ്സ് ഉണ്ട്. നന്നായി പോകുന്നുണ്ടായിരുന്നു. കുറേ ആയി വീഡിയോ ഒന്നും ചെയ്യുന്നില്ല. പക്ഷേ ഇനി വരുന്ന ദിവസങ്ങളില്‍ വീഡിയോകള്‍ വീണ്ടും വന്നുതുടങ്ങും. യൂട്യൂബ് ചാനലില്‍നിന്ന് ചെറിയ രീതിയിലുള്ള വരുമാനം കിട്ടിത്തുടങ്ങിയപ്പോഴാണ് ഇടയ്ക്കുവച്ച് ആക്ടീവല്ലാതായത്. കുറച്ച് തിരക്കുകളുടെ പിറകെയായിപോയി. ഇനി ശക്തമായി തിരിച്ചുവരണം.
25 സിനിമകള്‍ ചെയ്തു. ഒരു അഭിനേത്രി എന്ന നിലയില്‍ എന്താണ് തോന്നുന്നത്?
25 സിനിമകള്‍ ചെയ്തു എന്നല്ലാതെ വെള്ളിമൂങ്ങ ഒഴികെ സ്ട്രൈക്കിങ് ആയിട്ടുള്ള പ്രോജക്ടുകള്‍ ചെയ്തിട്ടില്ല. അങ്ങനെ ഒരു പ്രോജക്ട് ഉടനെ വരും. ഞാന്‍ ആദ്യമായി ലീഡ് റോളില്‍ അഭിനയിക്കുന്ന ഒരു ചിത്രം. ഗഫൂര്‍ ഏലിയാസ് സംവിധാനം ചെയ്യുന്ന പ്രോജക്ടാണ്. 25 സിനിമകള്‍ ചെയ്തു എന്നല്ലാതെ സിനിമയില്‍ എടുത്തുപറയാനും മാത്രം ഒന്നും ഉണ്ടായില്ല. എങ്കിലും തിരിഞ്ഞ് നോക്കുമ്പോള്‍ സന്തോഷമാണ്. എത്രയോ ആളുകള്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുമ്പോള്‍ ആ സ്ഥാനത്ത് എനിക്ക് 25 പടങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. നഷ്ടബോധമോ ഇന്‍ഡസ്ട്രിയില്‍ വരേണ്ടിയിരുന്നില്ല എന്ന തോന്നലോ ഉണ്ടായിട്ടില്ല. മരണം വരെ അഭിനയിക്കണം എന്നാണ് ആഗ്രഹം.
കരിയറില്‍ എത്രത്തോളം സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്?
കഷ്ടപ്പാട് എപ്പോഴും ഉണ്ട്. സ്ട്രഗിള്‍ ചെയ്തുതന്നെയാണ് ഓരോന്നും നേടിയെടുത്തത്. ഒരിക്കലും വീണയെ ഇന്‍ഡസ്ട്രിക്ക് ആവശ്യമായി വന്നിട്ടില്ല. ഇവിടെ ധാരാളം ആര്‍ട്ടിസ്റ്റുകളുണ്ട്. നിലനില്ക്കാന് പുതിയതായി എന്തൊക്കെ ചെയ്യണം എന്ന് ഓരോ നിമിഷവും ആലോചിക്കേണ്ടിയിരിക്കുന്നു.
മരണം വരെ അഭിനയിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട് ആവശ്യത്തിന് സ്ട്രഗിള്‍ ചെയ്യുന്നുണ്ട്. മാക്സിമം ലൈം ലൈറ്റില്‍ നി ല്ക്കുക. പ്രോജക്ട് ഇല്ലാത്ത സമയമാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നല്ല തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.
സീരിയലിലൂടെയായിരന്നു തുടക്കം. അക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍?
വിട്ടുകളഞ്ഞ ഭാഗ്യമായിട്ട് തോന്നുന്ന കാര്യം എന്താണ്?
അച്ഛനും അമ്മയും ഉണ്ടായിരുന്ന സമയത്ത് ഞാന്‍ അവരെ ഭയങ്കരമായിട്ട് സ്നേഹിച്ചു എന്ന് തോന്നിയിട്ടില്ല. സ്നേഹം ഉണ്ടായിരുന്നു. പക്ഷേ അത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എനിക്കൊരു പ്രായമെത്തിയപ്പോള്‍, എല്ലാ കുട്ടികളേയും പോലെ അമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ തിരിച്ചുപറയുക, വഴക്കുണ്ടാക്കുക, അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നാറുണ്ട് അതൊക്കെ തെറ്റായിരുന്നു എന്ന്. അവരൊപ്പമുണ്ടായിരുന്നപ്പോഴുള്ള കാലം കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു. അവരെ സ്നേഹിക്കുകയും കെയര്‍ ചെയ്യുകയും ചെയ്യാമായിരുന്നു .ഇനി പറഞ്ഞിട്ട് കാര്യമില്ല. നഷ്ടപ്പെട്ടത് എപ്പോഴും നഷ്ടപ്പെട്ടതുതന്നെയാണ്. ജീവിതത്തില്‍ ഏറ്റവും നല്ല സമയങ്ങള്‍ അച്ഛനുമമ്മയ്ക്കുമൊപ്പമുളളതാണ്.ആ സമയത്തൊക്കെ കുടുംബം മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാട് കാരണം അതിനൊന്നും പറ്റിയില്ല. അതാണ് സത്യം.
വിഷുക്കാല അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
പണ്ടൊക്കെ എനിക്ക് ആദ്യം കൈനീട്ടം തരുന്നത് അച്ഛനാണ് പിന്നെ അമ്മയും. അമ്മ രാത്രി കണിയെല്ലാം ഒരുക്കിവച്ചിട്ടായിരിക്കും കിടക്കുക. പിന്നെ വെളുപ്പിനെ എഴുന്നേറ്റ് വിളക്കുകത്തിച്ച് അച്ഛനെ ആദ്യം വിളിച്ചുണര്‍ത്തി കണികാണിക്കും, അതുകഴിഞ്ഞ് ചേട്ടനെയും എന്നെയും. ഉച്ചയൂണ് കഴിഞ്ഞ് വടവാതൂരുള്ള അമ്മയുടെ വീട്ടിലേക്ക് പോകും. മാമ്മന്മാരും അമ്മായിമാരും ഒക്കെ വരും. അവിടൊരു ആഘോഷമാണ്. എന്റെ ചെറുപ്പകാലത്തെ വിഷു ഓര്‍മകള്‍ ആ ആഘോഷങ്ങളാണ്. ആറ് അമ്മാവന്മാരും അമ്മായിമാരും ഒക്കെ കൈനീട്ടം തരും. വിഷു കഴിയുമ്പോള്‍ ധനികയാകും. കിട്ടുന്ന പണമൊക്കെ അമ്മയ്ക്ക് കൊടുക്കും. ചില്ലറപൈസ കൂട്ടിവച്ച് ഐസ് വാങ്ങിക്കും.
കുട്ടിക്കാലത്ത് ഒരു വിഷുവിന് ഞാന്‍ ഹോസ്പിറ്റലിലായി. കണ്ണുതുറന്ന ഉടനെ അച്ഛന് വിഷുകൈനീട്ടമായി അഞ്ച് രൂപ തന്നത് ഇപ്പോഴും ഓര്‍മയുണ്ട്. ആ വിഷുക്കാലമാണ് എപ്പോഴെങ്കിലും തിരിച്ചുകിട്ടണമെന്നാഗ്രഹിക്കുന്ന ഒരു ഓര്മ.
പണ്ട് അമ്മ ചെയ്തപോലെ ഇപ്പോള്‍ കണിയൊക്കെ ഞാന്‍ തന്നെ ഒരുക്കും വെളുപ്പിനെ കണ്ണേട്ടേനയും മോനെയും കണി കാണിക്കും. കണ്ണേട്ടന് ഞങ്ങള്‍ക്ക് വിഷുകൈനീട്ടം തരും. ഇവിടെ ഞങ്ങള്‍ക്ക് കുറച്ച് ഫ്രണ്ട്സുണ്ട് അവരൊക്കെ വരും. അതൊക്കെയാണ് ഇപ്പോഴത്തെ സന്തോഷം. ഈ വിഷുകഴിഞ്ഞിട്ടുള്ള ഓരോ നിമിഷവും എല്ലാവരുടെയും ജീവിതത്തില്‍ നന്മകളുണ്ടാവട്ടെ എന്നുതന്നെയാണ് പ്രാര്‍ഥന.