
സൗജന്യമായി അണ്‍ലിമിറ്റഡ് ഫോട്ടോകള്‍ ബാക്ക്അപ്പ് ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഫോട്ടോസ് നൽകിയിരുന്നു. റിപ്പോർട്ട് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ സൗജന്യ അണ്‍ലിമിറ്റഡ് സ്റ്റോറേജ് സൗകര്യം ഇനി ലഭിക്കില്ല. കംപ്രസ്ഡ് ‘സ്റ്റോറേജ് സേവര്‍’ ഫോട്ടോകള്‍ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുന്ന എല്ലാ ഫോട്ടോകളും ഇനി മുതല്‍ ഓരോരുത്തരുടെയും ഗൂഗിള്‍ ഡ്രൈവിന്റെ സ്റ്റോറേജ് പരിധിയില്‍ രേഖപ്പെടുത്തും. അതേസമയം, ഗൂഗിളിന്റെ ‘പിക്സല്‍’ ഫോണുകളില്‍ നിന്നുള്ള ഫോട്ടോകള്‍ക്ക് ഇത് ബാധകമല്ലെന്നാണ് സൂചന.
സ്പേസ് അധികം വേണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ‘ഗൂഗിള്‍ വണ്‍’ പ്ലാനുകള്‍ വഴി ഡ്രൈവ് സ്പേസ് പ്രയോജനപ്പെടുത്താം. 100 ജിബി മുതല്‍ 2 ടിബി വരെയുള്ള പ്ലാനുകള്‍ പ്രതിമാസം നിശ്ചിത തുക നല്കി വാങ്ങാം. പ്രത്യേക ടൂള്‍ വഴി ഗൂഗിള്‍ ഫോട്ടോസിലെ ആവശ്യമില്ലാത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. സാധാരണയായി ഉപയോക്താക്കള്‍ നീക്കം ചെയ്യുന്ന മങ്ങിയ സ്നാപ്ഷോട്ടുകളും സ്ക്രീന്‍ഷോട്ടുകളും മറ്റും ഈ ടൂള്‍ കണ്ടെത്തും.
ജിമെയിലില്‍ അറ്റാച്ച്മെന്റുകളായി ലഭിക്കുന്ന ഫോട്ടോകള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് ഇനി നേരിട്ട് സേവ് ചെയ്യാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ജിമെയിലില്‍ ‘സേവ് ടു ഫോട്ടോസ്’ എന്ന പുതിയ ബട്ടണ്‍ ഇതിനായി നല്കി. തല്ക്കാലം ജെപെഗ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സേവ് ചെയ്യാനാണ് സാധിക്കുന്നത്. അറ്റാച്ച്മെന്റുകളുടെ പ്രിവ്യൂ സമയത്ത്, ഇപ്പോള്‍ ‘ആഡ് ടു ഡ്രൈവ്’ ബട്ടണിന്റെ കൂടെയാണ് സേവ് ടു ഫോട്ടോസ് ബട്ടണ്‍ ഉള്ളത്.






