
ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് വാക്സിന് ക്ലിനിക്കല്‍ ട്രയല്‍സിന്റെ സ്ക്രീനിംഗ് ഡല്‍ഹി എയിംസ് ഇന്ന് തുടങ്ങും. നേരത്തേ പാറ്റ്നാ എയിംസ് തുടങ്ങിയ ട്രയല്‍സിന് സമാനമായ രീതിയിലാണ് ഡല്‍ഹി എയിംസും ഇക്കാര്യം ചെയ്യുന്നത്. രണ്ടിനും 18 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്ക് ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് 19 വാക്സിന് ഫലപ്രദമാണോ എന്നാണ് പരീക്ഷിക്കുന്നത്.
കോവിഡിന്റെ മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളിലാണെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വാക്സിനേഷന് തുടങ്ങിയിട്ടുണ്ടെങ്കിലും കോവാക്സിന്, കോവിഷീല്‍ഡ്, സ്പുട്നിക് വി എന്നിവ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
2 നും 18 നും ഇടയില്‍ പ്രായക്കാരായ കുട്ടികളില്‍ മരുന്ന് പരീക്ഷണത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രയല്‍സിന് മെയ് 13 ന് തന്നെ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നതായി നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. ബയോ എന്‍ ടെക്കിന്റെ വാക്സിനായ ഫൈസര്‍ ഈ ഗ്രൂപ്പില്‍ പെട്ടവരില്‍ പ്രയോഗിക്കാന്‍ നേരത്തേ അമേരിക്കയും ക്യാനഡയും അനുമതി നല്‍കിയിരുന്നു. ചൈനീസ് സ്ഥാപനമായ സിനോവാക് നിര്‍മ്മിച്ച കോവിഡ് വാക്സിന് കൊറോണാ വാകിന് ചൈനയും അനുമി നല്‍കിയിരുന്നു.
മാര്‍ച്ചില്‍ തുടങ്ങിയ രണ്ടാം തരംഗത്തില്‍ നൂറു കണക്കിന് പേര്‍ക്കാണ് രാജ്യത്ത് ജീവന് നഷ്ടമായത്. ഇത് ആരോഗ്യരംഗത്തെ തന്നെ താറുമാറാക്കിയിരുന്നു. പലര്‍ക്കും ചികിത്സയും ഓക്സിജനും ബെഡുകളുമെല്ലാം കിട്ടാതെ മരണമടയുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കുകള്‍ നാലുലക്ഷമായിരുന്നു. ഇപ്പോള്‍ അത് 1.14 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങുകയാണ്.






