
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട അബുദാബി ജയിലില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുടെ ഇടപെടല്‍ മൂലം ജയില്‍ മോചിതനായി നാളെ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് നാട്ടിലേക്കെത്തുന്നത്.വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി രണ്ടാം ജന്മമാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന് ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. 2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന് പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്കാന് സാധ്യമായതില്‍ സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നുവെന്നായിരുന്നു എം.എ.യൂസഫലിയുടെ പ്രതികരണം. യു.എ.ഇ. എന്ന രാജ്യത്തിന്റെയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.






