ലോകത്തെ പ്രമുഖ ഇലക്ട്രി വാഹന നിർമാതാക്കളായ ടെസ്ല ഈ വർഷം തന്നെ വൈദ്യുത വാഹനങ്ങൾ(ഇ വി) ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കാൻ ഒരുങ്ങുകയാണ്. ജൂലൈയിലോ ഓഗസ്റ്റിലോ പരീക്ഷണ ഓട്ടങ്ങൾക്കായുള്ള മോഡൽ ത്രീ സെഡാനുകൾ ഇന്ത്യയിലെത്തുമെന്നാണു സൂചന. റിപ്പോർട്ട് പ്രകാരം പരീക്ഷണ ഓട്ടത്തിനും ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിൽ നിന്നുള്ള അനുമതികൾക്കുമൊക്കെയായി ആദ്യ ബാച്ചിലെ മൂന്നു കാറുകൾ മുംബൈയിൽ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വർഷാവസാനത്തോടെ തന്നെ ടെസ്ല ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കാർ വിൽപന തുടങ്ങുമെന്നാണ് സൂചന.
വൻനഗരങ്ങളിൽ മാത്രമാവും ആദ്യ ഘട്ടത്തിൽ ടെസ്ലയുടെ കാറുകൾ വിൽപനയ്ക്കെത്തുക. മുംബൈ, ബെംഗളൂരു, ഡൽഹി നഗരങ്ങളിൽ സ്വന്തമായി ഷോറൂം ആരംഭിക്കാനാണു ടെസ്ലയുടെ പദ്ധതി. വർക്ഷോപ്പുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാവും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ട്. ഇന്ത്യ നിലവിൽ വൈദ്യുത വാഹനങ്ങളിലും ബാറ്ററി നിർമാണത്തിലുമൊക്കെ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും നിബന്ധനകളെക്കുറിച്ചുമുള്ള വ്യക്തതയ്ക്കായി കാത്തിരിക്കുകയാണു ടെസ്ല.
കമ്പനിയുടെ വിൽപന, വിൽപനാന്തര സേവന വിഭാഗങ്ങളുടെ പ്രവർത്തനം മുംബൈ കേന്ദ്രീകരിച്ചാവും. സമീർ ജെയ്നാവും ടെസ്ലയുടെ ആഫ്റ്റർ സെയിൽസ് വിഭാഗത്തിനു നേതൃത്വം നൽകുക. ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയ്ക്കൊപ്പം ഏഴു വർഷം വിൽപ്പനാന്തര സേവന, വിപണന ശൃംഖല വിപുലീകരണ മേഖലകളിൽ പ്രവർത്തിച്ച പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. ഈ മാസമാണു ജെയിൻ ടെസ്ലയ്ക്കൊപ്പം ചേർന്നത്. ആതർ എനർജി എക്സിക്യൂട്ടീവായിരുന്ന നിശാന്ത് ആയിരിക്കും ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു നേതൃത്വം നൽകുക.






