
തൃശൂര്‍: പുനര്ജന്മം, ഈശ്വരാനുഗ്രഹം ഈ രണ്ടു വാക്കുകള്‍ ഉരുവിട്ടുകൊണ്ടേയിരുന്നു ബെക്സ് കൃഷ്ണന്റെ വീട്ടുകാര്‍. നടന്നതില്‍ എന്താണ് വിശ്വസിക്കേണ്ടതെന്നും അവിശ്വസിക്കേണ്ടതെന്നും പറയാന്‍ സാധിക്കുന്നില്ല എന്ന് ആ കുടുംബം ഒറ്റക്കെട്ടായി പറയുന്നു. അന്യനാട്ടില്‍ ജോലിതേടിപ്പോയ മകന് അവിടെ മരണശിക്ഷ വിധിക്കുക, വര്‍ഷങ്ങളോളം ജയിലിലാകുക, കര്‍ശനമായ നിയമത്തിനു മുന്നിലും അതിലുപരി മകന് കാരണം ജീവന് നഷ്ടപ്പെട്ട കുട്ടിയുടെ കുടുംബത്തിനു മുന്നിലും നിസഹായാവസ്ഥ തെളിയിക്കാന്‍ ശ്രമിക്കുക, ഭാരിച്ച ഒരു തുക കെട്ടിവച്ചാല്‍ മകനെ തിരിച്ചുകിട്ടും എന്ന് വിധിക്കപ്പെടുക, വീണ്ടും പ്രതീക്ഷയണയുക, ഒടുവില്‍ കാരുണ്യഹസ്തവുമായി ഒരാളെത്തുക. സത്യം കെട്ടുകഥയേക്കാര് വിചിത്രമെന്ന് അനുഭവത്തിലൂടെ തെളിയുമ്പോള്‍ ബെക്സ് കൃഷ്ണന്റെ കുടുംബത്തിന് വിവരിക്കാന്‍ വാക്കുകളില്ല.
ശാരീരികാസ്വാസ്ഥ്യമുള്ള അച്ഛന് രാമകൃഷ്ണനും അമ്മ ചന്ദ്രികയും സഹോദരന് മുത്തുവുമാണ് നടവരമ്പിലുള്ള വീട്ടില്‍. കൊടുങ്ങല്ലൂര്‍ ഭഗവതിയേയും ശ്രീകൂടല്മാണിക്യത്തേയും അമ്മ വിളിക്കാത്ത സമയമില്ല. കയറിയിറങ്ങുന്ന ക്ഷേത്രങ്ങള്‍ വേറേയും. ബെക്സിന്റെ അനിയന് മുത്തുവും അടുത്ത ബന്ധു സേതുമാധവനുമാണ് കഴിഞ്ഞ ഒന്പതുവര്ഷവും കൂടപ്പിറപ്പിന്റെ ജീവനുവേണ്ടി ഓടിയത്. ഇക്കാര്യത്തിനുവേണ്ടി കുറഞ്ഞത് പത്തുതവണയെങ്കിലും അബുദാബിയില്‍ പോയിട്ടുണ്ടെന്ന് ബന്ധുവും അപ്പോളോ ടയേഴ്സ് ജീവനക്കാരനുമായ സേതുമാധവന് പറയുന്നു.
അവിടുത്തെ കീഴ്ക്കോടതിയും സുപ്രീംകോടതിയും അപേക്ഷകളെല്ലാം തള്ളി വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ടിരിക്കുന്ന സമയം. രാഷ്ട്രീയ ബന്ധമുപയോഗിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജുള്പ്പടെ ഇടപെട്ട് ഫലം കാണാതെ പ്രതീക്ഷകളെല്ലാം നശിച്ച് നാട്ടില്‍ ഇരിക്കുമ്പോഴാണ് സുഹൃത്തും കാക്കാത്തുരുത്തി സീഷോര്‍ റിസോര്‍ട്ട് ഉടമയുമായ മമ്മാലിയോട് സേതുമാധവന് ഇക്കാര്യം പറയുന്നത്. മമ്മാലിയാണ് എം.എ. യൂസഫലിയോട് സംസാരിക്കാന്‍ ആവശ്യപ്പെടുന്നതും ബന്ധപ്പെടുത്തുന്നതും. ഭാഗ്യത്തിന് ആ സമയം നോര്‍ക്കയുടെ മീറ്റിങ്ങിനായി യൂസഫലി നാട്ടിലുണ്ടായിരുന്നു. എറണാകുളത്തുവച്ച് നേരില്‍കണ്ട് വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹം സഹായം ഉറപ്പുനല്‍കി. അതോടെ വീണ്ടും പ്രതീക്ഷയുണര്‍ന്നു. യൂസഫലി വിഷയത്തില്‍ ഇടപെടുക മാത്രമല്ല, വലംകൈയായ അഡ്മിനിസ്ട്രേഷന് മാനേജര്‍ അബ്ദുള്ളക്കുട്ടിയെ ഇക്കാര്യത്തിനായി പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തു. ബാക്കിയെല്ലാം മൂത്താപ്പ എന്നു വിളിക്കുന്ന അബ്ദുള്ളക്കുട്ടി നോക്കി.
ബെക്സിന്റെ വാഹനമിടിച്ച് മരിച്ച ബാലന്റെ അച്ഛന്റെ കടുംപിടിത്തമായിരുന്നു പിന്നീട് ഏറ്റവും വലിയ വിഷയം. മകന്റെ മരണത്തില്‍ വേദനിച്ചിരിക്കുന്ന ആ പിതാവ് ന്യായവാദങ്ങള്‍ക്കൊന്നും ചെവികൊടുത്തില്ല. യൂസഫലിയുടെ നിരന്തര ഇടപെടല്‍മൂലം മനസയഞ്ഞ ആ പിതാവ് അവസാനം ആവശ്യപ്പെട്ടത് വളരേ വലിയൊരു തുകയുമായിരുന്നുവെന്ന് സേതുമാധവന് പറയുന്നു. വീണ്ടും വീണ്ടും യൂസഫലി സംസാരിച്ചതിന്റെ ബാക്കിപത്രമാണ് ഒരുകോടി നല്കി ബെക്സിന്റെ മോചനം സാധ്യമാക്കിയത്.
സി. വിനോദ് കൃഷ്ണന്






