
സ്കൂളിലേക്ക് ആണ്‍കുട്ടികള്‍ പാവാട ധരിച്ച് എത്തിയാല്‍ എന്തായിരിക്കും കാണുന്നവരുടെ പ്രതികരണം. പരിഹാസവും, കൗതുകവും, അദ്ഭുതവും ഒക്കെയായിരിക്കും ഉണ്ടാകുക. സ്പെയിനിലെ ഒരു സ്കൂളില്‍ കഴിഞ്ഞ ഒക്ടോബറില്‍ മൈക്കല്‍ ഗോമസ് എന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയാണ് ആദ്യം പാവാട ധരിച്ചെത്തിയത്. സ്ത്രീ വിമോചനത്തിന്റെ സന്ദേശവുമായാണ് മൈക്കല്‍ പാവാട ധരിച്ച് സ്കൂളിലെത്തിയത്. എന്നാല്‍ അധ്യാപകര്‍ മൈക്കലിന് മാനസിക പ്രശ്നങ്ങളാണെന്ന് ആരോപിച്ച് അവനെ കൗണ്‍സലിംഗിന് വിധേയനാക്കുകയായിരുന്നു.
എന്നാല്‍ മൈക്കല്‍ അടങ്ങിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തന്റെ പ്രതിഷേധത്തെ കുറിച്ച് അറിയിച്ച് മൈക്കല്‍ ഒരു ടിക് ടോക്ക് വീഡിയോ പുറത്തിറക്കി. മൈക്കലിന്റെ ടിക് ടോക്ക് വീഡിയോ വൈറലായതോടെ മൈക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നൂറുകണക്കിന് ആണ്‍കുട്ടികള്‍ സ്കൂളിലേക്ക് പാവാട ധരിച്ചെത്തി. വൈകാതെ തന്നെ കുട്ടികള്‍ക്കൊപ്പം അധ്യാപകരും കൂടി. അവരും പാവാട ധരിച്ച് സ്കൂളിലേക്ക് എത്താന്‍ തുടങ്ങി.
'' 20 കൊല്ലം മുമ്പ് സമാനമായൊരു പ്രശ്നം നേരിട്ടയാളാണ് ഞാന്‍. എന്റെ ലൈംഗികതയെ ചോദ്യം ചെയ്തു കൊണ്ട് അന്ന് പലരും എന്നെ അപമാനിച്ചിരുന്നു. ഇന്ന് അതേ സ്കൂളില്‍ ഞാന്‍ അധ്യാപകനാണ്. പലപ്പോഴും അധ്യാപകരും മറ്റൊരു രീതിയിലാണ് ഇക്കാര്യങ്ങളെയെല്ലാം നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ ഞാന്‍ മൈക്കലിനൊപ്പം നില്ക്കുന്നു...'' - അധ്യാപകനായ ജോസ് പിനാസ് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം തന്നെ പാവാട ധരിച്ച് ക്ലാസ്മുറിയില്‍ നില്ക്കുന്ന തന്റെ ചിത്രവും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.






