
നടിയായും സഹനടിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ മോഹന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് ശരണ്യ. കുറച്ചുനാള്‍മുമ്പുവരെ സോഷ്യല്‍മീഡിയയിലൂടെ ബോഡി ഷെയിമിംഗിന് ശരണ്യ ഇരയാക്കപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ശരണ്യയുടെ പുതിയ ചിത്രങ്ങള്‍ വൈറലായി. പഴയതിലും മെലിഞ്ഞ്, കൗമാരക്കാരിയുടെ പ്രസരിപ്പോടെ ശരണ്യ കൂടുതല്‍ സ്മാര്‍ട്ടായി. രണ്ടുമക്കളുടെ അമ്മയാണെന്ന് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത വിധം ശരണ്യ മാറി.
വിമര്‍ശനങ്ങളില്‍ തളരില്ല
നൃത്തപരിപാടികളും പ്രാക്ടീസുമൊക്കെയായി എപ്പോഴും ആക്ടീവായി ഇരിക്കുന്നതുകൊണ്ടുതന്നെ പണ്ടുമുതല്‍ മെലിഞ്ഞ ശരീരപ്രകൃതിയാണ് എനിക്ക്. വിവാഹശേഷവും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. മോനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് വണ്ണംവച്ചു തുടങ്ങുന്നത്. ഇടയ്ക്കിടെ ഭക്ഷണമൊക്കെ കഴിക്കുന്നത് പതിവാക്കിയതോടെ ശരീരഭാരം 74 കിലോയായി.
സുഖപ്രസവമാകണമെന്നു കരുതി കുനിഞ്ഞു മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ടും സിസേറിയനായിരുന്നു. അതുകൊണ്ട് ആദ്യത്തെ ആറ് മാസം വ്യായാമമൊന്നുമുണ്ടായിരുന്നില്ല. കുഞ്ഞിന് മുലയൂട്ടുന്നതുകൊണ്ടു ഭക്ഷണവും നന്നായി കഴിച്ചിരുന്നു. കുഞ്ഞിനെ നോക്കുന്നതിനിടയില്‍ ശരീരം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസിടുമ്പോള് പലരും വണ്ണംവച്ച് പ്രായമായി എന്നൊക്കെ പറയാന്‍ തുടങ്ങി. ആ കുത്തുവാക്കുകളൊന്നും ഞാന്‍ കാര്യമായെടുത്തില്ല.
പ്രസവം കഴിഞ്ഞപ്പോള്‍ 58 കിലോയായിരുന്നു ശരീരഭാരം. പ്രസവം കഴിഞ്ഞ് ശരീരത്തിന്റെ ഭംഗി നഷ്ടമാകുമെന്ന് കരുതി കുഞ്ഞിനെ മുലയൂട്ടാതിരിക്കരുത്. മൂത്ത കുട്ടിക്ക് രണ്ടുവയസുവരെ പാല് കൊടുത്തിരുന്നു. അതിനുശേഷം മുമ്പത്തെപ്പോലെ ലൈറ്റായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഡാന്‍സ് പ്രാക്ടീസും ഭക്ഷണ നിയന്ത്രണവും യോഗയുമൊക്കെ തുടങ്ങിയപ്പോള്‍ ശരീരഭാരം കുറയാന്‍ തുടങ്ങി.
രണ്ടാമത് ഗര്‍ഭിണിയായപ്പോഴും ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കുമായിരുന്നു. പക്ഷേ, കുറഞ്ഞ അളവിലായിരുന്നു എന്നുമാത്രം. ചില ഭക്ഷണങ്ങള്‍ക്കു പകരം ആരോഗ്യകരമായവ കഴിക്കുന്നത് പതിവാക്കി. വിശക്കുമ്പോള്‍ ചോറിനും ഇഡ്ഡലിക്കും ദോശയ്ക്കും പകരം ഫ്രൂട്സ്, ഓട്സ്, ചപ്പാത്തി ഇവയൊക്കെയാക്കി. ചിലപ്പോള്‍ കുറച്ചു ചോറും ഒരു ചപ്പാത്തിയും കൂടുതല്‍ കറിയുമൊക്കെയാവും കഴിക്കുന്നത്.
പ്രസവത്തിന്റെ തലേന്നുവരെ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. സ്റ്റെപ്പുകളൊക്കെ കാണിച്ച് കൊടുത്ത് അവരെക്കൊണ്ടതുപോലെ ചെയ്യിക്കുകയേ ഉള്ളൂ. ഗര്‍ഭകാലത്ത് അത്യാവശ്യം വീട്ടുജോലികളും ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യസമയത്തേതുപോലെ വണ്ണം വച്ചിരുന്നില്ല.
മക്കളോടൊപ്പം
വിവാഹത്തിന് മുമ്പ് എന്റെ ബെസ്റ്റ് ഫ്രണ്ട് അനിയത്തിയായിരുന്നു. ചേട്ടനും സഹോദരിയും പരസ്പരം വലിയ സ്നേഹമാണ്. മക്കളും അതുപോലെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കണം എന്നാണ് ആഗ്രഹം.
മക്കളുടെ കാര്യങ്ങളില്‍ ചില സമയങ്ങളില്‍ ഞാന്‍ സ്ട്രിക്ടാകാറുണ്ട്. ഓണ്‍ലൈന്‍ ക്ലാസിനല്ലാതെ എല്ലാ സമയവും ഫോണ്‍ കൈയില്‍ കൊടുക്കാറില്ല. അതുപോലെ ടി.വി കാണിച്ചും ഫോണ്‍ കൈയില്‍ കൊടുത്തും ഭക്ഷണം കഴിപ്പിക്കാറില്ല. എന്നാല്‍ എല്ലാക്കാര്യത്തിലും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ല. ആവശ്യത്തിന് സ്വാതന്ത്ര്യവും അനുവദിക്കണം.
എനിക്കൊപ്പം പൂര്ണ്ണിയും
വിവാഹശേഷവും സിനിമകളില്‍ അവസരങ്ങള്‍ വന്നിരുന്നു. മിനിസ്ക്രീനില്‍ നാല് സീരിയലുകള്‍ ചെയ്തിരുന്നു. പക്ഷേ, വീടിനും മക്കള്‍ക്കുമായി കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ തല്ക്കാലം മാറിനില്ക്കാന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മോള്‍ക്ക് ഒരു വയസു കഴിഞ്ഞശേഷമാണ് ഒരു പരിചയക്കാരന് മുഖേന പാമ്പേഴ്സിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ കിട്ടുന്നത്. വീട്ടിലെല്ലാവരും സപ്പോര്‍ട്ട് ചെയ്തതോടെ ആ പരസ്യം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ് പരസ്യത്തില്‍ മകള്‍ പൂര്ണ്ണിയും അഭിനയിക്കണമെന്ന് പറയുന്നത്. ഞങ്ങളൊരുമിച്ച് ക്യാമറയ്ക്ക് മുമ്പില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
കുറച്ചുനാളുകള്‍ക്കുശേഷം ക്യാമറയ്ക്ക് മുമ്പില്‍ വരുന്നതിന്റെയും പൂര്ണ്ണി സെറ്റില്‍ ബഹളമുണ്ടാക്കുമോ എന്നൊക്കെ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. മോള്‍ക്കന്ന് ഒന്നേകാല്‍ വയസേയുള്ളൂ. പതിയെ നടന്നു തുടങ്ങുന്നേയുള്ളൂ. ഷൂട്ട് തുടങ്ങിയപ്പോള്‍ ഇഷ്ടമുള്ള പാട്ടൊക്കെ കേള്‍പ്പിച്ചതോടെ ആള് ഹാപ്പിയായി. അതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലാതെ ഷൂട്ട് കഴിഞ്ഞു.
ജീവിതത്തിലെ റോളുകള്‍
സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്ത് ശീലിച്ച ആളാണ് ഞാന്‍. കലാകുടുംബമാണ് എന്റേത്. ഇവിടെ ചേട്ടന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയുമൊക്കെ കോളജ് അധ്യാപകരാണ്. അതുകൊണ്ട് അവര്‍ സ്ട്രിക്റ്റായിരിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷേ, അവര്‍ക്ക് നമ്മുടെ രീതികളൊക്കെ അറിയാമായിരുന്നു.
ചേട്ടന്റെ വീട്ടുകാര്‍ കലയെ പ്രോത്സാഹിക്കുന്നവരാണ്. മുമ്പ് വീട്ടില്‍ അമ്മയെ സഹായിച്ചിരുന്നതുപോലെ ഇവിടെയും ജോലികളില്‍ അമ്മയ്ക്കൊപ്പം ഞാനും കൂടും. ഒഴിവുസമയങ്ങളില്‍ അച്ഛനൊപ്പം തമാശയൊക്കെ പറഞ്ഞും വര്‍ത്തമാനം പറഞ്ഞും നല്ലൊരു മകളാകും. അതൊക്കെ കൊണ്ടാവും ജീവിതം മാറിയെന്ന് തോന്നുന്നില്ല.
ഭാര്യ, മരുമകള്‍, അമ്മ എന്നീ റോളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. മുമ്പ് ഷൂട്ടും യാത്രയുമായി തിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങളും ഡാന്‍സ് സ്കൂളുമൊക്കെയായി തിരക്കിലാണ്.
ഇപ്പോള്‍ മക്കളാണ് എന്റെ ലോകം. മകന് അനന്തപദ്മനാഭന് എല്‍.കെ.ജിയില്‍ പഠിക്കുന്നു. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് രണ്ട് വയസാകുന്നതേയുള്ളൂ. മുമ്പ് എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ചാണ് മറ്റു കാര്യങ്ങളൊക്കെ മുമ്പോട്ട് കൊണ്ടുപോകുന്നത്.
വീടിന്റെ കോംപൗണ്ടില്‍ തന്നെയാണ് ഡാന്‍സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടിലാകട്ടെ അച്ഛനും അമ്മയുമുണ്ട്. നാത്തൂനും അടുത്താണ് താമസം. ഇവരുടെയൊക്കെ സഹായമുള്ളതുകൊണ്ട് കുടുംബവും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. കുഞ്ഞുങ്ങളുടെ കാര്യങ്ങളൊക്കെ ചെയ്തശേഷമാണ് ക്ലാസില്‍ പോകുന്നത്. അതുകൊണ്ട് അവര്‍ക്കും ബുദ്ധിമുട്ടില്ല.
ചിലങ്കയുടെ താളം
അച്ഛന് മോഹനും അമ്മ കലാമണ്ഡലം ദേവിയും നൃത്താധ്യാപകരാണ്. ആലപ്പുഴയില്‍ ഞങ്ങള്‍ക്കൊരു നൃത്തവിദ്യാലയമുണ്ട്. അവിടുത്തെ പരിശീലനവും ആ ചുവടും താളവുമൊക്കെ കണ്ടാണ് ഞാനും അനിയത്തിയും വളര്‍ന്നത്. അങ്ങനെ ഞങ്ങളും നൃത്തം പഠിച്ചു. മത്സരങ്ങളിലൊക്കെ പങ്കെടുത്ത് ധാരാളം സമ്മാനങ്ങളും നേടി. ഇനിയും എന്തെങ്കിലും പുതിയതായി പഠിക്കണമെന്നാണ് ആഗ്രഹം. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് ഇപ്പോള്‍ കളരിയില്‍ തുടക്കം കുറിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെ കളരി പഠിക്കുന്നുണ്ട്.
സിനിമ... കരിയര്‍...
ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു ഡാന്‍സ് കണ്ടാണ് ഫാസില്‍ സാര്‍ അനിയത്തിപ്രാവില്‍ അവസരം തരുന്നത്. പിന്നീട് അതിന്റെ തമിഴ് പതിപ്പിലും വിജയ്യുടെ ഒപ്പവും അഭിനയിച്ചു. കൂടുതലും അനിയത്തി വേഷങ്ങളാണ് തമിഴില്‍ ചെയ്തത്. പക്ഷേ, വേലായുധത്തിലെ വിജയ്യുടെ അനിയത്തി വേഷം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം വലിയ സ്റ്റാര്‍ ആയതുകൊണ്ട് മൈന്‍ഡ് ചെയ്യില്ല എന്ന് കരുതിയ എനിക്ക് തെറ്റി. അദ്ദേഹം ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു.
തയാറാക്കിയത്:
അശ്വതി അശോക്