
ലക്ഷദ്വീപ് : സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദ്വീപില്‍ സന്ദര്‍ശനം നടത്താനിരുന്ന കേരളത്തില്‍ നിന്നുള്ള എംപിമാരെ തടഞ്ഞ സംഭവത്തില്‍ ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി. എന്നാല്‍ നിസാര കാരണങ്ങളാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. യാത്രാനുമതി നിഷേധിച്ചതിനെതിരായി എം.പിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനുമാണ് ഹര്‍ജി നല്‍കിയിരുന്നു. അതിന്മേലാണ് കോടതിയുടെ നിലപാട്. എന്നാല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യത്തില്‍ യാത്ര നീട്ടിവെക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്ട്രേഷന് കോടതിയെ അറിയിച്ചു.
ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കെ പിസിസി അംഗം നൗഷാദലി നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ലക്ഷ ദ്വീപില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭരണ പരിഷ്കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്ട്രേറ്ററെ വിമര്‍ശിച്ച സംഭവത്തില്‍ രാജ്യ ദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ലക്ഷ ദ്വീപ് വിഷയത്തില്‍ കോടതിയുടെ മറ്റൊരു ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്ന് ലക്ഷദ്വീപ് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലക്ഷദ്വീപ് പൊലീസ് നിലപാട് അറിയിച്ചത്. നേരത്തെ ഐഷ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ ദ്വീപ് പൊലീസിന്റെ നടപടി.






