അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ജൂൺ 21നു മൂന്ന് വർഷം തികയുന്നു! അച്ഛനെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലുമില്ല... 2018ലാണ് അച്ഛൻ മരിക്കുന്നത്. "എനിക്ക് ശേഷം പ്രളയം" എന്നത് അന്വർത്ഥമാകുംവിധം അച്ഛന്റെ മരണത്തിനുശേഷം പല ദുരന്തങ്ങളും ഉണ്ടായി - കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയം, ഇപ്പോഴിതാ ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ മൂക്കുകുത്തിച്ചുകൊണ്ട് കൊറോണ എന്ന മഹാമാരിയും! ഒന്നോർത്താൽ അച്ഛൻ ഭാഗ്യവാനാണ്, ഇതൊന്നും കാണാതെയും കേൾക്കാതെയും അച്ഛൻ യാത്രയായി... ഭാഗ്യം ചെയ്ത മരണം. അതും 88-ാം ജന്മദിനത്തിൽ! ഹിന്ദു മതവിശ്വസമനുസരിച്ചു ജന്മദിനത്തിൽ മരിക്കുന്നവർ പുണ്യം ചെയ്തവരാണത്രെ! അവർക്കു പുനർജന്മം ഇല്ല പോലും! ചിലപ്പോൾ ഓർക്കും ഇനി മറ്റൊരു ജന്മത്തിൽ അച്ഛന്റെ മകളായി തന്നെ പിറന്നിരുന്നെങ്കിൽ എന്ന് . അതിനുള്ള പുണ്യം ഞാൻ ചെയ്തിട്ടുണ്ടോ ആവോ?
അച്ഛന്റെ ആത്മാവ് സ്വർഗം പ്രാപിച്ചു എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. അതുപോലൊരു മഹത് വ്യക്തി ആയിരുന്നു അദ്ദേഹം. സ്വന്തം കാര്യം മാറ്റിവച്ച് എപ്പോഴും തന്റെ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും വേണ്ടി പ്രയത്നിക്കുകയും സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്തിരുന്ന ഒരു വലിയ മനുഷ്യസ്നേഹി ആയിരുന്നു എന്റെ അച്ഛൻ - ശ്രീ കെ. കൃഷ്ണമേനോൻ. എല്ലാവരുടെയും പ്രിയപ്പെട്ട കൃഷ്ണൻ മാഷ്……ഞങ്ങൾ മക്കളിൽ എനിക്കാണ് അച്ഛന്റെ ഛായ എന്ന് പലരും പറയാറുണ്ട്. അതിൽ എനിക്ക് എന്നും അഭിമാനം മാത്രമേയുള്ളു. അത് അർത്ഥവത്താക്കുംവിധം മക്കളിൽ ഞാൻ തന്നെ ആയിരുന്നു അച്ഛന്റെ "പൊന്നു മോള്".... വീട്ടിൽ എന്ത് കാര്യത്തിനും ഈ മകളുടെ പക്ഷം നിന്നിരുന്നതും അച്ഛൻ തന്നെ.
മറ്റെതൊരച്ഛനെക്കാളും സ്വന്തം മകളെ ഏതൊരാപത്തിൽ നിന്നും സംരക്ഷിക്കും എന്നുള്ള ഉറച്ച വിശ്വാസം, ധൈര്യം... മറ്റേതൊരു പെൺമക്കളുടെയും പോലെ എനിക്ക് ആ ധൈര്യം അച്ഛൻ മരിച്ചതോടെ നഷ്ടപ്പെട്ട പോലെ... ആ വേദന സഹിക്കാനാവുന്നില്ല. അച്ഛനെന്ന ആ വലിയ തണൽവൃക്ഷം ഇനി ഒരോർമ്മ മാത്രം.. സ്വന്തം അച്ഛനമ്മമാരെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഏതൊരു വ്യക്തിക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. എത്ര വലിയവനായാലും എത്ര പ്രായമായാലും….
എന്നെക്കാളും ഉയരമുള്ള പതിനാറുകാരനായ ഒരു മകന്റെ അമ്മയാണ് ഞാൻ. എന്നിരുന്നാലും ഞാൻ എന്നും എന്റെ അച്ഛന്റെ കുസൃതി തന്നെ. എല്ലാ വീക്കെൻഡിലും നാട്ടിലിലേക്കു വാട്സ്ആപ് ചെയ്യും. അച്ഛനമ്മമാരോട് സംസാരിക്കാൻ. മലയാളം അധികം വഴക്കം ഇല്ലെങ്കിലും കണ്ണൻ (എന്റെ മകൻ) അവരോടു കുറെ നേരം സംസാരിക്കും. കാനഡയിലെ വിശേഷങ്ങൾ അവർ ആശ്ച്ചര്യത്തോടെ കേൾക്കും. ഇവിടുത്തെ മഞ്ഞും മഴയും സായിപ്പും മദാമ്മയും ഒക്കെ അവർക്കു കൗതുകം തന്നെ. ചാറ്റ് ചെയ്യുന്നതിനിടയിൽ അടുക്കളയിൽ ചെന്നു നിന്നുകൊണ്ട് എന്റെ ഭർത്താവു തമാശക്ക് അച്ഛനോട് പറയും " അച്ഛാ ഈ വീട്ടിലെ പാത്രങ്ങൾ മുഴുവൻ ഞാനാണ് കഴുകുന്നത്. അച്ഛന്റെ മകൾ എന്നെ പീഡിപ്പിക്കുകയാണ്" എന്ന്. അതുകേട്ടു ഒരു പൊട്ടിച്ചിരിയുടെ അച്ഛൻ മറുപടി നൽകും " താൻ കുറച്ചൊക്കെ അവളെ സഹായിച്ചതുകൊണ്ടു കുഴപ്പമൊന്നുമില്ല.." എന്ന്. ഇത് കേട്ട അമ്മ "എന്താടീ ഇത്?" എന്ന് ചോദിച്ചാലും അച്ഛൻ എന്റെ പക്ഷമേ നിലക്കുമായിരുന്നുള്ളു... എപ്പോഴും.
അച്ഛനെ കുറിച്ച് പറയാനും എഴുതാനും ഏറെയുണ്ട് ..... എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം കാണുന്ന ആ മുഖവും, "മക്കളെ" എന്ന ആ വിളിയും, സ്നേഹത്തോടെയുള്ള പെരുമാറ്റവും (അത് ആരോടായാലും ശരി, ഒരുപോലെ തന്നെ.), അച്ഛന്റെ ശ്ലോകങ്ങളും, കവിതകളും, പാചക കൈപ്പുണ്യവുമെല്ലാം എനിക്കിനി ഓർമ്മകൾ മാത്രം.
ഓരോ ഓണത്തിനും വിഷുവിനും അച്ചാറുകളും പലഹാരങ്ങളും മറ്റു പ്രത്യേക സദ്യവിഭവങ്ങളും ഉണ്ടാക്കുന്നതിനു മുമ്പ് ഞാൻ അച്ഛനെ ഫോൺ വിളിക്കും, സംശയങ്ങളുമായി. മരിക്കുന്നതുവരെ അതെല്ലാം വളരെ കൃത്യമായും ഉത്സാഹത്തോടെയും അച്ഛൻ എനിക്ക് പറഞ്ഞു തരുമായിരുന്നു. മാത്രവുമല്ല അമ്മക്ക് മുഷിപ്പ് തോന്നരുതല്ലോ എന്ന് കരുതി " ഇനി ബാക്കി സുലോ പറയും എന്നൊരു കമെന്റും പറഞ്ഞു ഫോൺ അമ്മക്ക് കൈമാറും. എല്ലാ കുട്ടികൾക്കും പ്രത്യേകിച്ചു അച്ഛന്റെ വിദ്യാർത്ഥികൾക്ക് വളരെയേറെ പ്രിയങ്കരനായ അധ്യാപകനായിരുന്നു അച്ഛൻ. താൻ പഠിപ്പിച്ചിരുന്ന ട്രെയിനിങ് കോളേജിലെ വിദ്യാർത്ഥികളുടെ കൊച്ചുകുഞ്ഞുങ്ങൾക്ക് വരെ ഞങ്ങളുടെ വീട്ടിൽ വിദ്യാരംഭ സമയത്തു അച്ഛൻ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.
പഠന കാര്യത്തിൽ വളരെ കർക്കശക്കാരനായിരുന്ന ഒരധ്യാപകൻ. മുപ്പത്തിയാറാമത്തെ വയസ്സിൽ ഞാൻ കനേഡിയൻ ഗൾഫ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയപ്പോൾ അച്ഛന്റെ ആവശ്യപ്രകാരം ഞാൻ എന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് നാട്ടിൽ കൊണ്ടുപോയി കാണിച്ചു കൊടുത്തു. സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും പൂർണമായി വായിച്ചു മനസ്സിലാക്കിയ ശേഷം എന്നോട് അടുത്ത ചോദ്യം -" പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്യുന്നില്ലേ എന്ന്...." അച്ഛന്റെ മകൾ ഒന്നാമതായി ഓരോ ബിരുദങ്ങളും നേടുന്നത് അച്ഛനെന്നും അന്തസ്സും അഭിമാനവും ആയിരുന്നു. ആ സന്തോഷവാർത്തകൾ തന്റെ അധ്യാപക സുഹൃത്തുക്കൊളോട് പങ്കുവെക്കാനും പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും അച്ഛന് എപ്പോഴും ഉത്സാഹമായിരുന്നു!
കണ്ണൻ (എന്റെ മകൻ) ജനിച്ചു കുറച്ചു നാളുകൾക്കു ശേഷം വീട്ടിൽ എന്നെ ശുശ്രുഷിച്ചിരുന്ന ഹോം നേഴ്സ് ചേച്ചിക്കു കുറച്ചു ദിവസം അവരുടെ വീട്ടിലേക്കു അത്യാവശ്യമായി പോകേണ്ടി വന്നു. അന്നൊരു ദിവസം അച്ഛൻ എന്നോട് ചോദിച്ചു -" മോൾക്ക് വിരോധം ഇല്ലെങ്കിൽ കൊച്ചുമോനെ അച്ഛൻ കുളിപ്പിച്ചോട്ടെ. അച്ഛൻ ശ്രദ്ധിച്ചു ചെയ്തോളാം.." എന്ന്. അത് കേട്ട് കണ്ണ് നിറഞ്ഞ ഞാൻ അച്ഛനെ എന്നോട് ചേർത്ത് നിർത്തിയിട്ടു പറഞ്ഞു ' അച്ഛന്റെ പേരക്കുട്ടിയെ കുളിപ്പിക്കാൻ അച്ഛന് ആരുടേയും സമ്മതം ചോദിക്കേണ്ടതില്ലാ" എന്ന്. അച്ഛനും അമ്മയ്ക്കും വളരെ വൈകി ഉണ്ടായ കുട്ടിയാണ് ഞാൻ, അച്ഛന്റെ നാല്പത്തിയേഴാം വയസ്സിൽ ഉണ്ടായ സന്തതി!
അമ്മ ഹൈസ്കൂൾ അധ്യാപികയായിരുന്നതിനാൽ പണ്ട് അതിരാവിലെ സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ പോവുമായിരുന്നു. അപ്പോൾ ഞങ്ങളെ കുളിപ്പിക്കുകയും സ്കൂളിൽ പോകാൻ റെഡി ആക്കുകയും ചെയ്തിരുന്നത് അച്ഛനാണ്. അച്ഛനിൽ ഒരച്ഛനെ മാത്രമല്ല ഞാൻ കണ്ടിരുന്നത്; സ്നേഹനിധിയായ ഒരു അമ്മയെക്കൂടി ആയിരുന്നു. അതെ സമയം ചിലപ്പോൾ എന്നെ മനസ്സിലാക്കുന്ന എന്റെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും യോജിക്കുന്ന പുരോഗമനപരമായ ചിന്തിക്കുന്ന ഒരു നല്ല സുഹൃത്തിനെക്കൂടി അച്ഛനിൽ ഞാൻ കണ്ടിരുന്നു. എല്ലാത്തിനുമുപരി ഭാവിയിൽ ഞാൻ എങ്ങിനെയായി തീരണം എന്ന് നോക്കി കണ്ടിരുന്ന ഒരു മഹത് വ്യക്തിത്വം!
കൊറോണ ഒക്കെ മാറി നാട്ടിൽ വിമാനമിറങ്ങുമ്പോൾ പുഞ്ചിരിയോടെ ആ ചാരുകസേരയിൽ എന്നെ കാത്തിരിക്കാൻ ഇന്ന് എന്റെ അച്ഛനില്ല. അച്ഛൻ മരിച്ചിട്ടു മൂന്ന് വർഷം പിന്നിടുമ്പോഴും അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്തു നിമഞ്ജനം ചെയ്യാൻ മക്കളായ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. കാനഡയിൽ സ്ഥിരതാമസമാക്കിയ ഞാൻ രണ്ടു കൊല്ലം കൂടുമ്പോഴാണ് നാട്ടിൽ പോകാറുള്ളത് വേനലവധിക്ക്. എന്നാൽ കൊറോണ എന്ന മഹാമാരി കാരണം കഴിഞ്ഞ രണ്ടു വര്ഷങ്ങളായിട്ടു അതിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം അച്ഛന്റെ ശ്രാദ്ധക്രിയ ഞാൻ വീട്ടിൽ ചെയ്തു. ആരും ഒന്നും പറഞ്ഞു തരാനില്ലാതെ, അതിനു വേണ്ട പൂജസാമഗ്രികൾ ഇവിടെ കിട്ടാനില്ലാതെ, പ്രാർത്ഥനകളോടെ മാത്രം. ഇതോർത്തു വേദനിച്ചു കഴിഞ്ഞ വർഷം ഞാൻ കുറിച്ച അച്ഛന്റെ ഓർമ്മകൾ മാതൃഭൂമി പത്രാധിപർ അവരുടെ ഫാദേർസ് ഡേ പംക്തിയിൽ പ്രസിദ്ധീകരിച്ചു. ഈ വർഷം (2021) നാട്ടിൽ പോകാനാകും അച്ഛന്റെ ശേഷക്രിയകൾ ചെയ്യാനും സാധിക്കും എന്ന പ്രതീക്ഷയിൽ ഞാൻ ഒരു വർഷം കൂടി കാത്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ വർഷവും തഥൈവ! ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് "Man proposes, God disposes " അതെ, എല്ലാം ദൈവനിശ്ചയം.
വീട്ടുവളപ്പിൽ സൂക്ഷിച്ചിരിക്കുന്ന അഛന്റെ അസ്ഥിത്തറയിൽ അമ്മയും ചേട്ടനും കുടുംബവും നിത്യേന വിളക്ക് വെക്കാറുണ്ട് ... അച്ഛന്റെ ആത്മാവിനു വേണ്ടിയുള്ള പ്രാർത്ഥനകളോടെ... ഈ അന്യനാട്ടിൽ പിതൃതർപ്പണം ആചാരമനുസരിച്ചു കൃത്യമായി ചെയ്യാനുള്ള ചുറ്റുപാട് എനിക്കില്ല. അതും ഈ കൊറോണ ലോക്ക് ഡൗൺ സമയത്തു്. ഭൂമിയും ചന്ദ്രനും എന്ന് വേണ്ട മറ്റു ഗ്രഹങ്ങൾവരെ കീഴടക്കിയ മനുഷ്യനെ സ്വന്തമായി നിലനിൽപ്പ് പോലും ഇല്ലാത്ത കൊറോണ വൈറസ് കീഴടക്കി സംഹാര താണ്ഡവം ആടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു വര്ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഈ ഭൂമിയിൽ എത്ര നിസ്സാര ജീവികളാണെന്ന തിരിച്ചറിവ് നമുക്ക് വരേണ്ടിയിരിക്കുന്നു!
അച്ഛന്റെ സ്നേഹസാന്ദ്രമായ ഓർമ്മകളെ നെഞ്ചോടു ചേർത്ത് ഞാൻ പ്രാർത്ഥനകളോടെ ഇത്തവണയും ഒരു ഉരുള ബലിച്ചോറു അച്ഛനായി എന്റെ വീട്ടിൽ സമർപ്പിക്കും, എന്നിട്ടു simcoe തടാകത്തിൽ മുങ്ങി കയറും ... കഴിഞ്ഞ വർഷം ചെയ്തത് പോലെ തന്നെ. ഒന്നുറപ്പുണ്ട് , എന്റെ അച്ഛന് അതിൽ ഒരു തരി പോലും പരിഭവമുണ്ടാകില്ല... സ്വർഗത്തിൽ ഇരുന്നു അച്ഛൻ പറയുന്നുണ്ടാവും..."സാരല്യ…എന്റെ പൊന്നു മോളല്ലേ..." എന്ന്.
ലോകത്തിലെ സ്നേഹനിധികളായ എല്ലാ അച്ഛന്മാർക്കും സ്വർഗ്ഗ വാസികളായ പിതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ.






