
വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ശ്രദ്ധേയ ആയ മുതിര്‍ന്ന നടിയാണ് കുളപ്പുള്ളി ലീല. സിനിമയോടൊപ്പം തന്നെ സീരിയലുകളിലും കുളപ്പുള്ളി ലീല സജീവമാണ്. അഭിമുഖങ്ങള്‍ തുടര്‍ച്ചയായി കൊടുക്കുന്നത് നിര്‍ത്തിയിരുന്നുവെന്ന് പറയുകയാണ് കുളപ്പുള്ളി ലീല. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലീല മനസ് തുറന്നത്.
'' അഭിമുഖങ്ങള്‍ തുടര്‍ച്ചയായി കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. അഭിമുഖങ്ങള്‍ നല്കി എന്റെ സമയം പോവുന്നതല്ലാതെ മറ്റൊന്നുമില്ല. ഇന്റര്‍വ്യൂ കണ്ടിട്ട് വല്ലവരും വല്ല വര്‍ക്കും തരികയാണെങ്കിലും കുഴപ്പമില്ല. ഇന്റര്‍വ്യൂവില്‍ ഉടുത്ത തുണി കഴുകണമെങ്കില്‍ തന്നെ കയ്യില്‍ നിന്ന് പൈസയെടുത്ത് ഞാന്‍ സോപ്പ് വാങ്ങണ്ടേ. നിങ്ങളാരേലും പത്ത് പൈസ തരോ, ഇല്ലല്ലോ'' - കുളപ്പുള്ളി ലീല ചിരിയോടെ പറയുന്നു.
മോഹന്‍ലാലുമൊത്ത് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും ലീല പങ്കുവെച്ചു. '' അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ട് അടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ ലാല്‍ കടന്നു വന്നു, എന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യാ മഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
റിഹേഴ്സല്‍ ചെയ്യുമ്പോള്‍ എനിക്ക് ചൂലുകൊണ്ട് അടിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മോഹന്‍ലാല്‍ വഴക്ക് പറഞ്ഞ് അടിപ്പിക്കുകയായിരുന്നു. റിഹേഴ്സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി. ലാലിനെ ചൂലുകൊണ്ട് തല്ലിയ ഒരേ ഒരു വ്യക്തിയാണ് കുളപ്പുള്ളി ലീല എന്നു പറഞ്ഞ് ഒരുപാട് ഇന്റര്‍വ്യൂകള്‍ വന്നിട്ടുണ്ട് '' - ലീല പറയുന്നു.






