
ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെടുത്തു. അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിൻ്റെ സഹോദരന്റെ ഭാര്യ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിൻ്റെ ഭാര്യ ആര്യ (23)യെയും സഹോദരി രജിതയുടെയും കല്ലുവാതുക്കൽ മേവനക്കോണം
രേഷ്മ ഭവനിൽ രാധാകൃഷ്ണൻ നായരുടെയും രണ്ടാമത്തെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ (19)യെയുമാണ് വെള്ളിയാഴ്ച ഉച്ചയോടെ കാണാതായത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചിരുന്നു.വ്വാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. പോലീസ് മൊബയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത്തിക്കര പാലത്തിനടുത്ത് വച്ച് ഫോൺ ഓഫായിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. തുടർന്ന് ഇത്തിക്കരയാറിൻ്റെ പരിസരങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് സ്ത്രികളെ 3.30 ഓടെ പരിസരത്ത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ഈ പരിസരത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പേരും അത് വഴി നടന്ന് പോകുന്നതായി കാണാൻ കഴിഞ്ഞു. അതോടെയാണ് യുവതികൾക്കായി ഇന്നലെ രാവിലെ മുതൽ ഇത്തിക്കരയാറിൽ പൊലീസ് തെരച്ചിൽ തുടങ്ങിയത്. പരവൂരിലെ ഫയർഫോഴ്സും കൊല്ലത്ത് നിന്ന് സ്ക്യൂബാ ടീമും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒന്ന് പത്തൊടെയാണ് ഇത്തിക്കര ആറിൻ്റെ താഴ്ഭാഗത്തുള്ള കട്ടച്ചുളയ്ക്ക് സമീപത്ത് വച്ച് ആര്യയുടെ മൃതദേഹം കിട്ടിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇത്തിക്കര പാലത്തിന് സമീപം ആറിൻ്റെ മദ്ധ്യഭാഗത്തായി നാല് പതിനഞ്ചോടെ ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെടുത്തു.
തുടക്കം മുതൽ ഈ കേസ് ദുരൂഹത നിറഞ്ഞതായതിനാൽ കൊട്ടിയം ചാത്തന്നൂർ പരിസരത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുവതി ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായി പറയുന്ന കാമുകനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫെയ്സ് ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് പറയുന്നത്. പത്ത് മാസമായിട്ടുള്ള ഗർഭകാലയളവിലും രേഷ്മയ്ക്ക് ഗർഭമുണ്ട് എന്ന് വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല എന്നതുൾപ്പെടെയുള്ള നിരവധിദുരൂഹതകൾ ഈ കേസിനുണ്ട്. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡ് ആര്യയുടെ പേരിലാണ് എടുത്തിരുന്നത്. ചോദ്യം ചെയ്യൽ ഭയന്നാകാം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവ് ഉണ്ടാകാമെന്നും സംശയിക്കുന്നു. എ.സി.പി വൈ.നിസാമുദീൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.






