
അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 2015 ജൂലായിലാണ് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 10 അവതരിപ്പിച്ചത്. ഇപ്പോളിതാ 6 വർഷത്തെ ഇടവേളക്ക് ശേഷം വിൻഡോസ് 11 അവതരിപ്പിച്ചു. ഇതോടെ മാക്ഒഎസ്, ക്രോംഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ് 11 ചില ഫീച്ചർ അപ്ഗ്രെയ്ഡുകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
വിൻഡോസ് 11-ലെ പ്രധാന മാറ്റം പരിഷ്കരിച്ച ഇന്റർഫേസ് ആണ്. പെർഫോമൻസിൽ ഈ മാറ്റത്തിന് സ്വാധീനമില്ല എങ്കിലും കാഴ്ച്ചയിൽ ഇന്റർഫെയ്സിന് പുതുമ നൽകുന്നുണ്ട്. വിൻഡോസ് 10ൽ എല്ലാ മെനു, വിൻഡോകളുടെ പാർശ്വങ്ങൾ ഷാർപ്പ് ആയിരുന്നു, എന്നാൽ വിൻഡോസ് 11-ൽ വൃത്താകൃതിയിലുള്ള കോണുകളാണ്.
മറ്റൊരു മാറ്റം സ്ക്രീനിന്റെ മധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന സ്റ്റാർട്ട് മെനു ആണ്. മധ്യഭാഗത്തേക്കുള്ള സ്ഥാനചലനം മാക്ഒഎസ്, ക്രോംഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. എഡ്ജ്, ഫയൽ എക്സ്പ്ലോറർ തുടങ്ങിയവയുടെയും ഐക്കണുകൾ മധ്യഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. 1996ൽ അവതരിപ്പിച്ച വിൻഡോസ് NT 4.0 മുതൽ തന്നെ സ്റ്റാർട്ട് മെനു ഇടതുവശത്തായാണ് ക്രമീകരിച്ചിരുന്നത്. അതെ സമയം സെറ്റിങ്സിൽ മാറ്റം വരുത്തി സ്റ്റാർട്ട് മെനു സ്ക്രീനിന്റെ ഇടത്തോട്ടോ വലത്തോട്ടോ മാറ്റാവുന്നതാണ്.
സ്ക്രീനിന്റെ ഇടതുവശത്ത് നിന്ന് സ്വൈപ്പ് ചെയ്താൽ വിഡ്ജെറ്റുകൾ പ്രദർശിപ്പിക്കും. വിൻഡോസ് 10ന്റെ സ്റ്റാർട്ട് മെനുവിൽ പ്രദർശിപ്പിച്ചിരുന്ന ലൈവ് ടൈൽസ് വിൻഡോസ് 11ൽ നൽകിയിട്ടില്ല. ഇതിന് പകരം ഉപഭോക്താവിന് പ്രസക്തമായ ചില ആപുകൾ റെക്കമെൻഡഡ് ആപ്പ്സ് എന്ന പേരിൽ സ്റ്റാർട്ട് മെനുവിന്റെ കീഴ്ഭാഗത്ത് പ്രദർശിപ്പിക്കും.






