
എനിക്ക് 21 വയസുണ്ട്. ബിരുദ വിദ്യാര്‍ഥിയാണ്. അമിത വൃത്തിയാണ് എന്നെ അലട്ടുന്നത്. വീട്ടിലിരിക്കുന്ന ദിവസം പലതവണ കുളിക്കും. ഓരോ തവണയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും മാറും. കോളജില്‍ പോയി വീട്ടിലെത്തിയാല്‍ കുളിക്കാതെ ഞാന്‍ വീട്ടിനുള്ളില്‍ കയറില്ല. ദേഹത്ത് നിറയെ രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുകയാണെന്ന ചിന്തയാണ് എനിക്ക്. ബസിലും മറ്റും യാത്രചെയ്യുമ്പോള്‍ എവിടെയെങ്കിലും പിടിച്ചു നില്ക്കാന് ഇഷ്ടമല്ല. കൈപിടിക്കുന്ന ഭാഗത്ത് പല ആളുകളും രോഗികളും സ്പര്‍ശിച്ചതാണെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടാകും. അതുകൊണ്ട് എവിടെയെങ്കിലും ചാരി നില്‍ക്കുകയാണ് പതിവ്. ബസിലായാലും കോളജിലായാലും എന്റെ ദേഹത്ത് സ്പര്‍ശിച്ചിരിക്കുന്നത് വെറുപ്പാണ്. ബസില്‍ അടുത്തിരിക്കുന്ന ആളെ മുട്ടാതെയാണ് ഞാന്‍ യാത്ര ചെയ്യുന്നത്. കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും വീണ്ടും സോപ്പിട്ട് കൈ കഴുകും. വൈകിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ ദേഹത്ത് കറിയോ മറ്റോ ചെറിയൊരു തുള്ളി തെറിച്ചാല്‍ ഞാന്‍ വീണ്ടും കുളിക്കും. വസ്ത്രങ്ങളും മാറും. ആദ്യമൊന്നും ഈ സ്വഭാവം ഞാന്‍ കാര്യമാക്കിയില്ല. കഴിക്കുന്ന പാത്രം കഴുകി ഉണക്കി വച്ചിരിക്കുന്നതാണെങ്കിലും വീണ്ടും സോപ്പുവെള്ളത്തില്‍ കഴുകി തുടച്ചെടുത്ത ശേഷമേ കഴിക്കു. വീട്ടില ഈ സ്വഭാവം പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതൊരു പ്രശ്നമായി എനിക്ക് തോന്നിത്തുടങ്ങിയത്. അമിത വൃത്തിയാണോ എനിക്ക്. മറ്റുള്ളവരുടെ മുന്നില്‍ ഇപ്പോള്‍ ഞാനൊരു കോമാളിയെപ്പോലെയാണ്. ഈ സ്വഭാവത്തില്‍ നിന്നും രക്ഷപെടാനാവില്ലേ.
അനിയന്ത്രിതമായ അമിതവൃത്തി മാനസിക പ്രശ്നം തന്നെയാണ്. ഈ കത്തുവായിക്കുന്ന പലര്‍ക്കും ഇത്തരം സ്വഭാവമോ അല്ലെങ്കില്‍ ഈ സ്വഭാവമുള്ള സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടായിരിക്കും. ഇവര്‍ അറിയാതെ ഇവരുടെയുള്ളില്‍ കയറിക്കൂടുന്ന വൃത്തിബോധമാണ് എല്ലാത്തിനും കാരണം. ചുറ്റും അഴുക്കു നിറഞ്ഞതാണെന്നും എവിടെ സ്പര്‍ശിച്ചാലും ദേഹത്ത് അത് പുരളുമെന്നുമുള്ള ചിന്ത ഇവരെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് ദേഹം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒരു ദിവസം തന്നെ പലതവണ കുളിക്കുന്നതും ഭക്ഷണത്തിന് മുമ്പും ശേഷവും ആവര്‍ത്തിച്ച് കൈകഴുകുന്നതും ഇതുകൊണ്ടാണ്. ബസില്‍ യാത്രചെയ്യുമ്പോഴുമൊക്കെ ഈ സ്വഭാവം ബുദ്ധിമുട്ട് ഉണ്ടാക്കും. ഷേക്ക് ഹാന്‍ഡ് കൊടുത്തതിനു ശേഷം പോലും കൈകഴുകുന്നവര്‍ ഉണ്ട്. ഈ അവസ്ഥയുള്ളവര്‍ക്ക് സാധാരണ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തികള്‍, അറപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ കൂടി കണ്ടുവരുന്നു. വീട് പൂട്ടി പുറത്തുപോയാല്‍, വീട് പൂട്ടിയിട്ടുണ്ടാവുമോ എന്ന് വേവലാതിപ്പെടുന്നവരുണ്ട്. ഇവര്‍ വീട് പൂട്ടി എന്ന് ഉറപ്പുവരുത്താന്‍ വീണ്ടും വീട്ടിലെത്തും. അതുപോലെ ചെയ്ത ജോലികള്‍ ആവര്‍ത്തിക്കാനുള്ള പ്രവണത ഇത്തം സ്വഭാവസവിശേഷതയുള്ളവരില് കൂടുതലാണ്.







