
ശ്രീനഗര്‍: സിഖ് യുവതികളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജമ്മുവില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സംഭവത്തില്‍ സ്വന്തം വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് യുവതികളില്‍ ഒരാള്‍. കുടുംബം ഉപദ്രവിക്കുമെന്നും അവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് ഖദീജ എന്ന് പേരുമാറിയ വിരാന്‍ പാല് ലൗര്‍ ആണ്.
മന്‍സൂര്‍ അഹമ്മദ് ഭട്ട് എന്നയാളെ വിവാഹം കഴിക്കാന്‍ വേണ്ടി ജനുവരി 20 ന് മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരുടേയും നിര്‍ബ്ബന്ധത്തിന് വഴങ്ങിയല്ലെന്നും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബദ്ഗാം ജില്ലയില്‍ വെച്ചായിരുന്നു 26 കാരിയായ ഖദീജ 31 കാരനെ വിവാഹം കഴിച്ചത്. അതിന് ശേഷം യുവതിയുടെ കുടുംബത്തിന്റെ ആക്രമണം ഭയന്നു കഴിയുകയാണ് ഇവര്‍.
മുസ്ളീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ സിഖ് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതം മാറ്റിയെന്ന് ആരോപിച്ച സിഖ് മതത്തിന്റെ ആള്ക്കാര് രംഗത്ത് വന്നതോടെ സംഭവത്തിന് വിവാദത്തിന്റെ മുഖം വന്നത്. കേന്ദ്രത്തിലും പഞ്ചാബിലും ഒരേ മുന്നണിയുടെ ഭാഗമായ അകാലിദളിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയതെന്നാണ് കേസിലെ വാദികള്‍ പറയുന്നത്.
മുസ്ളീങ്ങളും സിഖുകരും തമ്മില്‍ ഉണ്ടാകുന്ന ഏതു തരത്തിലുള്ള നീക്കങ്ങളും കശ്മീരിനാണ് കുഴപ്പമാകുക എന്നാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഇരു സമുദായങ്ങളും തമ്മില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദത്തിലാണെന്നും ഇരു സമുദായങ്ങളും പരസ്പരംപിന്തുണച്ചാണ് വരുന്നതെന്നും ആ ബന്ധം തകര്‍ക്കാന്‍ അനേകം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. അതേസമയം കേസില്‍ നിര്‍ബ്ബന്ധിത മതംമാറ്റം ആരോപിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡിയുമായി സിഖ് മത നേതാക്കള്‍ ചര്‍ച്ച നടത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ കഠ്വ, ഉദംപുർ, റിയാസി, ശ്രീനഗർ, അനന്ത്നാഗ് എന്നിവിടങ്ങളിൽ സിഖുകാർ തെരുവിലിറങ്ങിയിരുന്നു.. കഠ്വ, ജമ്മു എന്നിവിടങ്ങളിലെ ഹൈവേകൾ തടഞ്ഞു. സിഖ് സമുദായത്തിലെ നിരവധി പേർ ജമ്മു കശ്മീർ ഭവനു പുറത്ത് തടിച്ചുകൂടി.
ജഗ് ആസ്ര ഗുരു ഓട്ട് (ജാഗോ) എന്ന പാർട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ജമ്മുവിലും മതപരിവർത്തന നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് പാർട്ടി പ്രസിഡന്റ് ജി.കെ. മഞ്ജിത് സിങ് പറഞ്ഞു. യുവതികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയ്യക്കണമെന്നും ഇത്തരം നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.





