നത്തിംഗ് ഇയര്‍ 1 ടിഡബ്ല്യുഎസ് ഇയര്‍ബഡുകളുടെ വില പ്രഖ്യാപിച്ചു. റിപ്പോർട്ട് പ്രകാരം 99 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 10,200 ഇന്ത്യന്‍ രൂപ) വില. സുതാര്യമായ ഡിസൈന്‍ ലഭിച്ച ഇയര്‍ 1 ടിഡബ്ല്യുഎസ് ഇയര്‍ബഡുകളുടെ എതിരാളികള്‍ ആപ്പിള്‍ എയര്‍പോഡുകള്‍, ഗൂഗിള്‍ പിക്സല്‍ ബഡ്സ് എ സീരീസ്, സാംസംഗ് ഗാലക്സി ബഡ്സ് ലൈവ് എന്നിവയായിരിക്കും. നത്തിംഗ് ഇയര്‍ 1 ഈ മാസം 27 നാണ് ഔദ്യോഗികമായി ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.
കമ്പനിയുടെ ആദ്യ മൂന്ന് ഉല്‍പ്പന്നങ്ങളിലൊന്നാണ് ഇയര്‍ 1. ലണ്ടന്‍ ആസ്ഥാനമായി വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പെയ് സ്ഥാപിച്ച പുതിയ സംരംഭമാണ് നത്തിംഗ്. ഇന്ത്യയിലും നത്തിംഗ് ഇയര്‍ 1 അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ വില വൈകാതെ പ്രഖ്യാപിച്ചേക്കും. ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി ഫ്ളിപ്കാര്‍ട്ടുമായി ഈയിടെ കമ്പനി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തു. മനു ശര്‍മ എന്ന മുന്‍ സാംസംഗ് എക്സിക്യൂട്ടീവിനെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നത്തിംഗ് നിയോഗിച്ചിരിക്കുന്നത്.
നത്തിംഗ് ഇയര്‍ 1ന് ആക്റ്റീവ് നോയ്സ് കാന്സലേഷന് (എഎന്‍സി) ഫീച്ചര്‍ നൽകി. നത്തിംഗ് ഇയര്‍ 1 ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ എഎന്‍സി സപ്പോര്‍ട്ട് കൂടാതെ മൂന്ന് ഹൈ ഡെഫനിഷന്‍ മൈക്രോഫോണുകള്‍ ലഭിച്ചതായിരിക്കും. ഇസെന്‍ഷ്യല്‍ എന്ന സ്മാര്‍ട്ട്ഫോണ്‍ കമ്പനിയെ ഈ വര്‍ഷമാദ്യം നത്തിംഗ് ഏറ്റെടുത്തിരുന്നു.






