
കൊല്‍ക്കത്ത: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണാക്കി മുകുള്‍ റോയിയെ നിയമിച്ചിരിക്കുകയാണ് തൃണമൂല്‍. ബിജെപിയില്‍ നിന്ന് കൂറുമാറി തൃണമൂലില്‍ എത്തിയെങ്കിലും മുകുള്‍ റോയ് ഇപ്പോഴും രാജിവെച്ചിട്ടില്ല. നിയമസഭയില്‍ ഇക്കാര്യം സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയാണ് പ്രഖ്യാപിച്ചത്. ബിജെപി വലിയ പ്രതിഷേധമാണ് ഇതേ തുടര്‍ന്ന് നിയമസഭയില്‍ നടത്തിയത്. സുവേന്ദു അധികാരി അടക്കമുള്ള ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് കൊണ്ട് സഭയില്‍ നിന്നിറങ്ങി പോയി. തൃണമൂല്‍ എല്ലാ നിയമങ്ങളും ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് സുവേന്ദു ആരോപിച്ചു.
ജൂണ്‍ 18ന് സുവേന്ദു കൂറുമാറ്റ നിരോധന നിയമപ്രകാരം മുകുള്‍ റോയിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു സുവേന്ദു. ബിജെപിയില്‍ നിന്ന് ജയിച്ച എംഎല്‍എ സ്ഥാനം മുകുള്‍ റോയ് രാജിവെച്ചില്ലെന്ന് കാണിച്ചായിരുന്നു അയോഗ്യതാ ഭീഷണി. നാദിയ ജില്ലയിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് മുകുള്‍ റോയ് മത്സരിച്ച് വിജയിച്ചത്. സാധാരണ പ്രതിപക്ഷ നിരയിലുള്ള നേതാവാണ് പിഎസി ചെയര്‍മാനായി നിയമിക്കപ്പെടാറുള്ളത്. സ്പീക്കര്‍ക്കും വിവിധ കമ്മിറ്റികളിലേക്കുള്ള ചെയര്‍പേഴ്സണ്‍മാരെ തിരഞ്ഞെടുക്കാം. ബംഗാള്‍ നിയമസഭയില്‍ 41 കമ്മിറ്റികളാണ് ഉള്ളത്. പിഎസി അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. സഭയുടെ ഓഡിറ്റ് ബോഡിയാണിത്. പ്രതിപക്ഷ എംഎല്‍എയെ പരിഗണിക്കാത്തതില്‍ ബിജെപി കടുത്ത പ്രതിഷേധത്തിലാണ്. ആദ്യ കാലത്ത് മമതയ്ക്കൊപ്പം യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ നേതാവാണ് മുകുള്‍ റോയ്. മമത കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ മുകുള്‍ റോയിയാണ് ആദ്യം ആ പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാവ്. നേരത്തെ ശാരദ കേസില്‍ സിബിഐ ചോദ്യം ചെയ്തതോടെയാണ് മമതയുമായി മുകുള്‍ റോയ് ഇടഞ്ഞത്. പിന്നീട് പാര്‍ട്ടി വിട്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം തൃണമൂലിലേക്ക് തിരികെയെത്തുകയായിരുന്നു.






