
ഗാന്ധിനഗര്‍: കൂട്ടത്തോടെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ ജയിപ്പിച്ച ഗുജറാത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നതില്‍ പ്രതിസന്ധി. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ 9-12 വരെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ആവശ്യത്തിന് സീറ്റുകളോ ക്ലാസ്മുറികളോ ഇല്ലെന്ന അവസ്ഥയാണ്.
80,000 ല്‍ അധികം വിദ്യാര്‍ഥികളാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അധികമായി പത്താം ക്ലാസ് വിജയിച്ചിരിക്കുന്നത്. ഇവരെ ഉള്‍ക്കൊള്ളാനായി മൂവായിരത്തോളം ക്ലാസ് മുറികള്‍ വേണം.
മുന്‍ വര്‍ഷങ്ങളില്‍ വിജയശതമാനം വളരെ കുറവായിരുന്ന ജില്ലകളില്‍ പോലും ഇത്തവണ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിജയിച്ച അവസ്ഥയുണ്ട്.
കുട്ടികളെ രണ്ട് ഷിഫ്റ്റിലേക്ക് വേര്‍തിരിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങളാണ് നിലവില്‍ ആലോചനയിലുള്ളത്. ആവശ്യത്തിന് ക്ലാസ്മുറികളില്ലാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇതിന് അനുവാദം നല്‍കിയേക്കും.






