
കൊച്ചി: മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെയും പോലെ സിനിമകള്‍ ചെയ്യുകയും ബിഎംഡബ്ല്യൂ വണ്ടിയൊക്കെ എടുത്ത് ചുറ്റിയടിക്കുക എന്നതായിരുന്നു ഒരു കാലത്തെ മോഹമെന്നും എന്നാല്‍ തനിക്ക് പിന്നാലെ വന്ന ജയറാമും ദിലീപുമൊക്കെ സ്റ്റാറുകളായപ്പോള് അവരോട് അസൂയ തോന്നിയെന്നും നടന് ഗണേഷ്കുമാര്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിരുന്നതായും ഗണേശ്കുമാര്‍ പറഞ്ഞു. തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് അസൂയ തോന്നിയിരുന്നെങ്കിലും പിന്നീട് കാലക്രമേണ മാറി. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ തനിക്ക് വിധിക്കപ്പെട്ടത് ഇതാണെന്ന് ചിന്തിച്ച് തൃപ്തിയടഞ്ഞതായും താരംപറഞ്ഞു.
1985ല്‍ പുറത്തിറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ ഗണേശ്കുമാര്‍ ആദ്യ സിനിമാ പ്രവേശത്തില്‍ വീട്ടില്‍ നിന്നും കിട്ടിയത് കനത്ത എതിര്‍പ്പായിരുന്നെന്നും ഒരു മാധ്യമത്തിന് നല്കിയ ഒരു പഴയ അഭിമുഖത്തില്‍ പറയുന്നുണ്ട്. തുടക്കത്തില്‍ അച്ഛന് ഉള്‍പ്പെടെ ആരും അംഗീകരിച്ചില്ല. എന്നാല്‍ പിന്നീട് വളര്‍ന്നു. ഇപ്പോള്‍ 125ല്‍ പരം സിനിമകളിലും 35 ല്‍ പരം സീരിയലുകളിലും അഭിനയിച്ചു.






