
'' ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് മറുപടി. തെറ്റായ ധാരണകള്‍ പലപ്പോഴും ഗര്‍ഭകാലം സംഘര്ഷഭരിതമാക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള ശരിയായ അറിവ് സഹായിക്കും''
പ്രസവവേദന കുറയ്ക്കാനാകുമോ
4. 19 വയസ്. 2 മാസം ഗര്‍ഭിണിയാണ്. പ്രസവവേദന സഹിക്കാന്‍ കഴിയുമോയെന്ന ഭയം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. പ്രസവവേദന കുറയ്ക്കാനുള്ള മരുന്നുകള്‍ ഉണ്ടോ? പ്രസവസമയത്ത് ഒരു ധൈര്യത്തിന് ഭര്‍ത്താവിനെയും അടുത്ത് നിര്‍ത്തണമെന്നുണ്ട്. നമ്മുടെ ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഉണ്ടോ? പ്രസവം സുഖകരമാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
... ലൈല , ചേലക്കര
രണ്ടു മാസത്തില്‍തന്നെ പ്രസവവേദനയെക്കുറിച്ചുള്ള അകാരണമായ ഭയം ഒട്ടും ആരോഗ്യകരമല്ല. പ്രസവവേദന ഏതു സ്ത്രീക്കും താങ്ങാവുന്നതേയുള്ളൂ. മാനസികമായി തയാറെടുത്താല്‍ സഹിക്കാവുന്ന വേദന മാത്രമേ പ്രസവവേദനയ്ക്കുള്ളൂ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറയുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ ശുഭചിന്തകള്‍ മനസില്‍ നിറയ്ക്കുക.
ആശുപത്രിയിലെത്തിയാല്‍ തരുന്ന ചില വേദനസംഹാരി കുത്തിവയ്പ്പുകളും മയങ്ങാന്‍ നല്കുന്ന മരുന്നുകളും വേദന കുറയ്ക്കാന്‍ സഹായിക്കും. ഡോക്ടറുടെയോ നഴ്സിന്റെയോ സാമീപ്യം എപ്പോഴും ഗര്‍ഭിണിക്ക് ആശുപത്രിയില്‍ ലഭ്യമാണ്്. ചെറിയ മസാജുകള്‍ക്കും പുറം തിരുമ്മിത്തരാനും നഴ്സ് സഹായിക്കും. വേദനരഹിത പ്രസവത്തിനുമുള്ള സൗകര്യം മിക്ക ആശുപത്രികളിലും ഇന്ന് ഉണ്ട്. ഈ കാര്യം നേരത്തെതന്നെ ഡോക്ടറുമായി സംസാരിക്കണം.
പ്രസവവേദനയുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ത്തന്നെ നട്ടെല്ലിനു മുകള്‍ഭാഗത്തുള്ള എപ്പിഡ്യൂറല്‍ എന്ന ഭാഗത്ത് ഒരു ചെറിയ ട്യൂബ് വഴി മരുന്ന് കുത്തിവയ്ക്കുന്നു. ഇത് പ്രസവവേദന ഉണ്ടാക്കുന്ന നാഡീവ്യൂഹങ്ങളെ തളര്‍ത്തി വേദന ഇല്ലാതാക്കുന്നു. ഇത്തരം പ്രസവത്തിന് യാതൊരു ദൂഷ്യവശങ്ങളുമില്ല. അതിനാല്‍ വേദനയില്ലാതെ എപ്പിഡ്യൂറിയന് അനസ്തേഷ്യാ വഴി സുഖപ്രസവം സാധ്യമാണ്. ഭര്‍ത്താവിനെ അടുത്തുനിര്ത്തുന്നത് നല്ലതാണ്. ഭര്‍ത്താവിന്റെ സാമീപ്യം ഗര്‍ഭിണിക്ക് കൂടുതല്‍ ധൈര്യം നല്‍കും. എന്നാല്‍ അതിനുള്ള സൗകര്യം നമ്മുടെ എല്ലാ ആശുപത്രികളിലും ലഭ്യമല്ല. ലേബര്‍ റൂമില്‍ പലപ്പോഴും ഒന്നിലധികം സ്ത്രീകള്‍ ഉണ്ടായിരിക്കും. ചില സ്ത്രീകള്‍ വളരെ അധികം സ്വകാര്യത ആഗ്രഹിക്കുന്നതിനാലും നമ്മുടെ സാമൂഹിക കാഴ്ചപ്പാടുകളും പുരുഷന്മാര് ലേബര്‍ റൂമില്‍ നില്‍ക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അതിനുള്ള സൗകര്യങ്ങളുള്ള ആശുപത്രികള്‍ തിരഞ്ഞെടുത്താല്‍ ഭര്‍ത്താവിനെയും പ്രസവസമയത്ത് ഒപ്പം നിര്‍ത്താവുന്നതാണ്.
പ്രസവം സുഗമമാക്കാന്‍ പ്രസവത്തെക്കുറിച്ച് നല്ല ധാരണകള്‍ വച്ചു പുലര്‍ത്തുകയാണ് ആദ്യം വേണ്ടത്. ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള എല്ലാ സംശയങ്ങളും ഡോക്ടറുടെ അടുത്ത് മടികൂടാതെ ചോദിച്ചു മനസിലാക്കുക. വെള്ളം ധാരാളം കുടിക്കുക. ലേബര്റൂമില് നടക്കുകയും ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതും പ്രസവം സുഖകരമാകാന്‍ സഹായിക്കും. വ്യായാമം ചെയ്തു എന്നതുകൊണ്ട് മാത്രം സുഖപ്രസവം സാധ്യമാകണമെന്നുമില്ല. മറ്റു പല കാരണങ്ങള്‍കൊണ്ടും ചിലര്‍ക്ക് സിസേറിയന് വേണ്ടിവന്നേക്കാം എന്ന കാര്യവും മനസിലാക്കണം.
സിസേറിയനുശേഷം സ്റ്റിച്ചിട്ട ഭാഗം കഴുകാമോ
5. എനിക്ക് 21 വയസ്. ആറ് മാസം ഗര്‍ഭിണിയാണ്. ഇരട്ടക്കുട്ടികളാണെന്ന് സ്കാനിംഗില്നിന്നും മനസിലായി. സിസേറിയന് വേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. സിസേറിയനുശേഷം സ്റ്റിച്ചിട്ട ഭാഗം വെള്ളം ഉപയോഗിച്ച് കഴുകാമോ. എത്ര ദിവസം കൊണ്ടാണ് ഈ മുറിവ് ഉണങ്ങുന്നത്. സ്റ്റിച്ചുള്ളതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ഇരുന്നുകൊണ്ട് പാല് കൊടുക്കാമോ? സ്റ്റിച്ച് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ പോകേണ്ടതുണ്ടോ?
... ശില്‍പ്പ രണ്‍ജിത്ത് . , തുലാപ്പള്ളി
ആറാം മാസം ആയപ്പോഴേക്കും സിസേറിയന് വേണമെന്ന് ഡോക്ടര്‍ നിര്ദേശിക്കാനുണ്ടായ സാഹചര്യം മനസിലാകുന്നില്ല.. ഇരട്ടക്കുട്ടികളാണെങ്കില്‍ കൂടി സിസേറിയന്റെ ആവശ്യമുണ്ടോ എന്ന് നിശ്ചയിക്കുന്നത് ഗര്‍ഭധാരണത്തിന്റെ അവസാനകാലത്താണ്. രണ്ട് കുഞ്ഞുങ്ങളും രണ്ട് അമ്നിയോട്ടിക് ഫ്ളൂയിഡ് അറകളിലായിരിക്കും. അതിനാല്‍ ഇരട്ട ഗര്‍ഭമാണെങ്കിലും ചില സാഹചര്യങ്ങളില്‍ സാധാരണ പ്രസവം സാധ്യമാകും.
ഗര്‍ഭപാത്രത്തില്‍ രണ്ട് കുട്ടികളുടെയും ശിരസ് താഴേക്കായിരിക്കുന്ന അവസ്ഥയില്‍ സാധാരണ പ്രസവം സാധ്യമാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ ശിരസ് മറ്റ് ഏത് രീതിയിലാണെങ്കിലും രണ്ട് കുഞ്ഞുങ്ങളും ഒരേ അറക്കകത്താണെങ്കിലും സാധാരണ പ്രസവം സാധ്യമാകില്ല. നിങ്ങളുടെ ഗര്‍ഭധാരണത്തില്‍ ഇത്തരം എന്തെങ്കിലും അപാകത ഉള്ളതുകൊണ്ടാകാം ഡോക്ടര്‍ സിസേറിയന് പറഞ്ഞത്. അതില്‍ ഭയപ്പെടേണ്ടതില്ല.
പല രീതിയിലുള്ള സ്റ്റിച്ചുകള്‍ ഉണ്ട്.
നീക്കം ചെയ്യേണ്ട സ്റ്റിച്ചുകള്‍ മുതല്‍ നീക്കം ചെയ്യേണ്ടാത്തതുവരെ. ഓരോ ഡോക്ടറും അവരുടെ സൗകര്യങ്ങള്‍ അനുസരിച്ചാണ് അത് തീരുമാനിക്കുന്നത്. നീക്കം ചെയ്യേണ്ട സിറ്റിച്ചുകള് 5-7 ദിവസത്തിനകം എടുക്കുന്നു. ഇപ്പോള്‍ മിക്കവവരും നീക്കം ചെയ്യാത്ത ശരീരവുമായി അലിഞ്ഞുചേരുന്നതരം സ്റ്റിച്ചാണിടുന്നത്. തൊലിക്കടിയിലൂടെ പോകുന്നതിനാല്‍ ഇത് പുറമേ കാണാന്‍ കഴിയില്ല. ഇതുമൂലം കുഞ്ഞിന് ഇരുന്നുകൊണ്ട് പാല് കൊടുക്കുന്നതിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകുന്നില്ല. ആധുനിക രീതിയിലുള്ള സ്റ്റിച്ചുകള്‍ ഒരുരീതിയിലും ചര്‍മത്തിന് അലര്‍ജി ഉണ്ടാക്കാത്തവയാണ്.
വെള്ളം ഉപയോഗിച്ച് നിര്‍ബന്ധമായും സ്റ്റിച്ചിട്ട ഭാഗം കഴുകണം. കാരണം അവിടെ പൊടിയും വിയര്‍പ്പും പറ്റിപ്പിടിച്ചിരുന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ രാവിലെയും വൈകിട്ടും മുറിവ് ശുദ്ധജലത്തില്‍ കഴുകി ഈര്‍പ്പം ഒപ്പിയെടുക്കണം. നീക്കം ചെയ്യുന്ന സ്റ്റിച്ചിടുന്നവര് സ്റ്റിച്ച് നീക്കം ചെയ്തു കഴിഞ്ഞും അല്ലാത്തവര്‍ സിസേറിയനുശേഷം മൂന്നാമത്തെ ദിവസം മുതലും മുറിവ് വൃത്തിയായി കഴുകണം. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ച് ഇതില്‍ വ്യതിയാനം വരാം. അ തിനാല്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശം കൂടി കണക്കിലെടുത്തുവേണം ഇത് തീരുമാനിക്കാന്‍.
കുഞ്ഞിന് വൈകല്യം ഉണ്ടാകുമോ
6. വീട്ടമ്മയാണ്. 29 വയസ്. ഒരു മകള്‍ ഉണ്ട്. അവളുടെ കൈക്കും കാലിനും ജന്മനാല് തന്നെ വൈകല്യമുണ്ട്. പല ചികിത്സകള്‍ നടത്തിയിട്ടും ഇത് മാറിയില്ല. ഞങ്ങള്‍ക്ക് ഒരു കുഞ്ഞു കൂടി വേണമെന്നുണ്ട്. എന്നാല്‍ അടുത്ത കുഞ്ഞിനും ഇങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന ഭയമാണ്. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തില്‍ ആര്‍ക്കും ഇത്തരം വൈകല്യങ്ങളില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞിന്റെ രൂപവൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് അബോര്ഷന് ചെയ്യാന്‍ കഴിയില്ലേ?
... ജിനു മാത്യു , തിരുവനന്തപുരം
ചില മസിലുകളുടെയും അസ്ഥികളുടെയും വൈകല്യങ്ങള്‍ പാരമ്പര്യമായി ഉണ്ടാകുന്നവയാണ്. ഒരു ശിശുരോഗവിദഗ്ധനോട് ചോദിച്ചു നിങ്ങളുടെ കുട്ടിയുടെ അംഗവൈകല്യത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുക. അത് പാരമ്പര്യമാണോ, ജന്മനാല് ഉള്ളതാണോ, ക്രോമസോം വൈകല്യമാണോ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞശേഷം മാത്രം അടുത്ത കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി.
ജനറ്റിക് കൗണ്‍സിലിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ അപൂര്‍വമായി ചില സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കെല്ലാം ഈ വൈകല്യം ഉണ്ടാകാം. നിങ്ങള്‍ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടോയെന്നു വീണ്ടും ഗര്‍ഭിണിയാകുന്നതിനുമുമ്പ് മനസിലാക്കണം. ഗര്‍ഭാവസ്ഥയില്‍ സ്കാന്‍ ചെയ്യുമ്പോള്‍ ഒരുപരിധിവരെ കുഞ്ഞിന്റെ വൈകല്യങ്ങള്‍ തിരിച്ചറിയാം. അതിഗുരുതരമായ ജനിതകവൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ മാത്രമേ അബോര്ഷന് ചെയ്യാന്‍ നിര്‍ദേശിക്കാറുള്ളൂ. ചെറിയ തകാരാറുകളുടെ പേരില്‍ ഒരു കുഞ്ഞിനെയും നശിപ്പിക്കാറില്ല.
ഉത്തരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഷെറിന് വര്‍ഗീസ്,
ഡോ. ദിവ്യ ജോസ്.