
കൊല്‍ക്കത്ത: മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂലായ് 28 ന് വൈകിട്ട് മൂന്നിന് യോഗം ചേരാനാണ് ആലോചിക്കുന്നത് എന്നാണ് സൂചന. അന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.
പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ ഒരു യോഗം 21 ന് അവര്‍ വിളിച്ചുചേര്‍ത്തിരുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഡല്‍ഹിയിലെത്തി. പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കുന്നതില്‍ ഇരുവരും സുപ്രധാന പങ്ക് വഹിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലായ് 21 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. കോവിഡ് നിയന്ത്രണ വിധേയമായാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ റാലി നടത്തുമെന്നും മമത യോഗത്തില്‍ പ്രഖ്യാപിച്ചു.






