ബംഗളുരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ കര്‍ണാകട മന്ത്രി പോണ് വീഡിയോ കാണുന്നതിന്റെ വീഡിയോ പുറത്ത്. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് ആണ് വേദിയിലിരുന്ന് പോണ് വീഡിയോ കണ്ടത്. റായ്പൂരിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ പോണ് വീഡിയോ കണ്ടു കൊണ്ടിരുന്ന മന്ത്രി പ്രാദേശിക ചാനലിന്റെ ക്യാമറയിലാണ് കുടുങ്ങിയത്.
മറ്റ് പ്രാസംഗികര്‍ ടിപ്പു സുല്‍ത്താന്റെ ധീര പ്രവര്‍ത്തികളെ പ്രശംസിച്ച് സംസാരിക്കുമ്പോള്‍ മന്ത്രി പോണ് ദൃശ്യങ്ങള്‍ തെരയുന്നതാണ് ചാനല്‍ ക്യാമറയില്‍ കുടുങ്ങിയത്. ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും രൂക്ഷമായ എതിര്‍പ്പ് മറികടന്നാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം സംഘടിപ്പിച്ചത്.
മന്ത്രിയുടെ വിവാദ നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ മന്ത്രിയോ തയ്യാറായിട്ടില്ല. പൊതുവേദിയില്‍ പോണ് കണ്ട മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ് ആവശ്യപ്പെട്ടു. തന്‍വീര്‍ സെയ്തിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ഈശ്വരപ്പ പറഞ്ഞു.
2012ല്‍ കര്‍ണാടക നിയമസഭയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ പോണ് വീഡിയോ കണ്ടത് വിവാദമായിരുന്നു. മൊബൈല്‍ ഫോണിലാണ് ബി.ജെ.പി എം.എല്‍.എമാര്‍ പോണ് കണ്ടത്.






