
തികച്ചും അവിചാരിതമായി സിനിമയിലെത്തിയ നടിയാണ് ശ്രീയ രമേഷ്. വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിക്കുമ്പോള്‍ ആകസ്മികമായാണ് ശ്രീയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് ശ്രീയ ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഗോമതി എന്ന സീരീയല്‍ നടിയുടെ കഥാപാത്രം ശ്രീയയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഈ താരം.
മാജിക് മേക്കോവര്‍
ലോക്ഡൗണായപ്പോള്‍ തിരക്കുകളൊന്നുമില്ലാതെ വീട്ടിലിരുന്നെങ്കിലും കാര്യമായ വര്‍ക്കൗട്ടുകളൊന്നും ചെയ്തിരുന്നില്ല. വണ്ണം വയ്ക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യമൊന്നും കാര്യമാക്കിയില്ല. ധരിച്ചുകൊണ്ടിരുന്ന വസ്ത്രങ്ങള്‍ പലതും പാകമാകാതെ വന്നപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലാകുന്നത്. അതോടെ ആ വസ്ത്രങ്ങളും അതിലും വണ്ണം കുറഞ്ഞതുമായ വസ്ത്രങ്ങളും ഉപയോഗിക്കാവുന്ന രീതിയില്‍ മെലിയണമെന്ന് വാശിയായി.
അങ്ങനെ ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ വരുത്തിയും വര്‍ക്കൗട്ടുകള്‍ നടത്തിയും ചിട്ടയായ ജീവിതശൈലി കൊണ്ടുവന്നു. മുമ്പ് ഡയറ്റീഷന്റെ നിര്‍ദേശപ്രകാരമുള്ള ഡയറ്റ് രീതി തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ എന്റേതായ ചില നിയന്ത്രണങ്ങള്‍ പാലിച്ചുപോരുകയായിരുന്നു. വെറുതേ ഇരിക്കുന്ന സമയത്ത് ഇഷ്ടമുള്ളതൊക്കെ കഴിച്ചതാണ് വണ്ണം കൂടാന്‍ കാരണമായത്. എന്റെ ഡയറ്റിലെ ആദ്യപടി കാര്‍ബോഹൈഡ്രേറ്റ് പരമാവധി കുറയ്ക്കുക എന്നതായിരുന്നു. പണ്ടുമുതല്‍ ചോറ് കഴിക്കുന്ന ശീലമെനിക്കില്ല, അതുകൊണ്ടുതന്നെ അരി കൊണ്ടുള്ള ഭക്ഷണം ഒഴിവാക്കുന്നത് ബുദ്ധിമുട്ടായി തോന്നിയില്ല.
പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു ചപ്പാത്തിയോ ഓട്സ് പുട്ടോ ആയിരുന്നു പതിവ്. രാത്രി എട്ടരക്കു മുമ്പ് ലൈറ്റായി ഭക്ഷണം കഴിക്കും. നന്നായി വെള്ളവും കുടിച്ചു.
ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ഇടയ്ക്കൊക്കെ കഴിക്കാം. ഒരു ദിവസം ബിരിയാണിയാണ് കഴിക്കുന്നതെങ്കില്‍ അടുത്ത ദിവസം തീരെ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കണം. ഈ രീതിയില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ടാണ് ഞാന്‍ മെലിഞ്ഞത്.
ഉച്ചയ്ക്കുറങ്ങുന്ന പതിവുണ്ടായിരുന്നു. ആ ശീലം പാടേ ഉപേക്ഷിച്ചു. രാവിലെ അഞ്ചുമണിയോടെ എണീറ്റ് യോഗയും എക്സര്‍സൈസുകളും ചെയ്യാന്‍ തുടങ്ങി. സ്ത്രീകളില്‍ ടെന്‍ഷന്‍ കൂടുന്നതും ഭക്ഷണ നിയന്ത്രണമില്ലാത്തതും ഹോര്‍മോണ്‍ വേരിയേഷന്‍ കാരണമാകാം. അതൊഴിവാക്കാന് മനസ് സ്വസ്ഥമാക്കുകയാണ് വേണ്ടത്. അതിനായി രാവിലെ എഴുന്നേറ്റ് യോഗ ചെയ്യണം. കൂടാതെ രാവിലെ പതിവായി ട്രെഡ്മില്ലില് നടക്കുന്നതിനും സമയം കണ്ടെത്തി. ദുബായിലായിരുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പതിവായി മെഡിറ്റേഷന്‍ ചെയ്യുമായിരുന്നു. നാട്ടിലെത്തിയപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ അതൊക്കെ ഒഴിവാക്കേണ്ടി വന്നു.

വേനലില്‍ വാടാതെ
ഇടയ്ക്കിടെ കരിക്കിന് വെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കാം. നോണ്‍ വെജ് കഴിക്കുന്നത് ശരീരത്തിന്റെ ചൂട് കൂട്ടുമെന്നതിനാല്‍ അവ പരമാവധി കുറയ്ക്കുക. പ്രത്യേകിച്ച് ചിക്കന്‍. വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും ഒഴിവാക്കാം. മസാല കൂടുതല്‍ അടങ്ങിയ ഭക്ഷണവും കുറയ്ക്കണം.
കഴിവതും പഴങ്ങള്‍ ജൂസാക്കാതെ കഴിക്കുന്നതാണ് നല്ലത്, ദാഹിക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കാത്ത ജ്യൂസുകള്‍ കുടിക്കാം. പകല്‍ സമയങ്ങളില്‍ ഇടയ്ക്കിടെ സലാഡ് കഴിക്കുന്നതും നല്ലതാണ്. നന്നായി വിശക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കാതെ നട്സ്, ആല്‍മണ്ട്, ഡേറ്റ്സ് ഇവ മിക്സ് ചെയ്ത് കഴിച്ചാല്‍ വിശപ്പ് പെട്ടെന്ന് കുറയും. ഇങ്ങനെ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതിലൂടെ ഭക്ഷണം ഒരുപാട് കഴിക്കുന്നത് ഒഴിവാക്കാം.
ചര്‍മ്മസംരക്ഷണം
ഷൂട്ടിന് വേണ്ടി മേക്കപ്പിടുന്നതുകൊണ്ട് ചര്മ്മമെപ്പോഴും ഡ്രൈയാവാറുണ്ട്. അതുകൊണ്ട് മാസത്തില്‍ ഒരിക്കല്‍ പാര്‍ലറില്‍ പോകും. ഫേഷ്യലും ഓയില്‍ മസാജും ചെയ്യും. പിന്നെ ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ഓറഞ്ച് നീര് തേക്കാറുണ്ട്. ചര്‍മ്മം സോഫ്റ്റാകാന്‍ ഒരു സീക്രട്ടുണ്ട്. നന്നായി വെള്ളം കുടിക്കണം. എങ്കില്‍ സ്കിന്നിന് വരള്ച്ചയുണ്ടാവില്ല.
എന്നും എപ്പോഴും
സിനിമയിലേക്ക് യാദൃശ്ചികമായി എത്തിയ ഒരാളാണ് ഞാന്‍. എങ്കിലും ഇന്ന് ഞാന്‍ അഭിനയം ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. എന്നും എപ്പോഴും എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. പിന്നീട് വേട്ട, ഒപ്പം, ലൂസിഫര്‍ അങ്ങനെ മലയാളത്തില്‍ മുപ്പതോളം ചിത്രങ്ങള്‍ ചെയ്തു. അതിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചു.
സത്യന് അന്തിക്കാട്, രാജേഷ്പിള്ള, പ്രിയദര്ശന്, പൃഥ്വിരാജ് തുടങ്ങി പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പമാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. എനിക്ക് കിട്ടിയതില്‍ വച്ചേറ്റവും വലിയ ഭാഗ്യമാണത്. അവരുടെയൊക്കെ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നതുപോലും സന്തോഷമുള്ള കാര്യമാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും.
ലാലേട്ടനോടൊപ്പം
ചെയ്ത സിനിമകളില്‍ ലാലേട്ടനോടൊപ്പമാണ് കൂടുതലും അഭിനയിച്ചത്. എല്ലാവരുടേയും സ്വപ്നമാണ് ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുക എന്നത്. ലൊക്കേഷനിലെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ നോക്കുന്ന ആളാണദ്ദേഹം. ആശിര്‍വാദിന്റെ സിനിമാ ലൊക്കേഷനിലെത്തുമ്പോള്‍ സ്വന്തം വീട്ടില്‍ വന്നതുപോലെയാണ് തോന്നുന്നത്.
എന്നും എപ്പോഴും എന്ന ചിത്രത്തില്‍ എന്റെ ആദ്യ സീന്‍തന്നെ ലാലേട്ടനും മഞ്ജുവിനും ലെനയ്ക്കും ഒപ്പമായിരുന്നു. ആദ്യമായി സിനിമയിലഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. നാടകത്തിലും സീരിയലിലുമൊക്കെ അഭിനയിച്ചതുകൊണ്ടാവാം ഒട്ടും പേടിയില്ലാതെ അഭിനയിച്ചെന്ന് സത്യന് സാര്‍ പറഞ്ഞത് എനിക്ക് കിട്ടിയ വലിയൊരു കോംപ്ലിമെന്റായിരുന്നു.
ക്യാമറയ്ക്ക് മുമ്പില്‍ വരുന്നതുവരെ പേടിയുണ്ടാകും. പക്ഷേ ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ ഞാന്‍ ഒ.കെയാകും. ഒടിയനില്‍ പ്രകാശ് രാജ് സാറിന്റെ പെങ്ങളുടെ വേഷമായിരുന്നു ചെയ്തത്. സാറിന്റെ മുമ്പില്‍ വരുന്നതോര്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. പക്ഷേ സാര്‍ വളരെ കംഫര്‍ട്ടബിളായാണ് പെരുമാറിയത്. അതോടെ ആ പേടി മാറി.
പ്രവാസജീവിതം കലാകാരിയാക്കി
ഞാന്‍ എട്ടാം ക്ലാസുവരെ ദുബായിലാണ് പഠിച്ചത്. അതിനുശേഷം ഹരിപ്പാടായിരുന്നു. വിവാഹശേഷം വീണ്ടും പ്രവാസിയായി. ആദ്യം ദുബായിലായിരുന്നു. ആ സമയത്തും ജോലിയും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു. ബഹ്റനിലെത്തി ജോലി ചെയ്യാത്തതിനാല്‍ ധാരാളം സമയം കിട്ടിയപ്പോള്‍ മലയാളി സംഘടനയില്‍ ആക്ടീവായി പ്രവര്‍ത്തിച്ചു. ധാരാളം പ്രോഗ്രാമുകളില്‍ അവതാരികയായി.
ആ സമയത്താണ് ട്രൂത്ത് ഇന്ത്യ ടിവി ചാനല്‍ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. നാടകത്തില്‍ ലീഡ് റോളായിരുന്നു. നാടകമല്ലേ കുറച്ച് ഡയലോഗുകളേ ഉണ്ടാവുകയുള്ളൂ എന്നോര്‍ത്താണ് ഞാന്‍ സമ്മതിച്ചത്. പക്ഷേ, സ്ക്രിപ്റ്റ് കൈയില്‍ തന്നപ്പോള്‍ ഞെട്ടിപ്പോയി. 100 പേജുള്ള സ്ക്രിപ്റ്റില്‍ എണ്‍പതോളം പേജുകള്‍ എനിക്കുള്ള ഡയലോഗായിരുന്നു. ടിക്കറ്റെടുത്ത് നടത്തുന്ന നാടകം, കാഴ്ചക്കാരായി ആയിരക്കണക്കിനാളുകള്‍. അതോര്‍ത്തപ്പോള്‍ എനിക്ക് പേടിയായി. ഒപ്പം അഭിനയിക്കുന്നവരൊക്കെ എക്സ്പീരിയന്‍സ് ഉള്ളവരായിരുന്നു. ലീഡ് റോള്‍ ചെയ്യുന്ന ഞാന്‍ നന്നായി ചെയ്തില്ലെങ്കില്‍ നാടകം മോശമാകുമെന്നോര്ത്തപ്പോള് ടെന്‍ഷന്‍ കൂടി. നാടകം ചെയ്യാന്‍ പറ്റില്ലെന്ന് പറയാനൊരുങ്ങിയപ്പോള്‍ ഭര്‍ത്താവാണ് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്.
എനിക്കാ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം സപ്പോര്‍ട്ട് ചെയ്തു. അങ്ങനെയാണ് ആ നാടകം ചെയ്തത്. പിന്നീട് കൈരളിയില്‍ ന്യൂസ് റീഡറായി. അന്നൊക്കെ വാര്‍ത്ത വായിക്കുന്നതിന് അഞ്ചോ പത്തോ മിനിറ്റു മുമ്പാണ് വാര്‍ത്തകള്‍ തരുന്നത്. നാടകത്തിനുവേണ്ടി സ്ക്രിപ്റ്റ് വായിച്ച് പഠിച്ചതുകൊണ്ട് വാര്‍ത്തകള്‍ കാണാപ്പാഠം പഠിക്കാന്‍ എളുപ്പമായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി സീരിയലിലെത്തി.
നാടകമാണ് എന്നെ സീരിയലിലെത്തിച്ചത്. ചെറിയന്നൂര് ജയപ്രസാദ് സാറിന്റെ നാടകമായിരുന്നത്. അദ്ദേഹത്തിന്റെ സുഹൃത്താണ് കുങ്കുമപ്പൂവിന്റെ പ്രൊഡ്യൂസര്‍. നാടകത്തെ കുറിച്ച് സംസാരിച്ച കൂട്ടത്തില്‍ എന്നെക്കുറിച്ചും ജയപ്രസാദ് സാര്‍ പറഞ്ഞിരുന്നു. അപ്പോഴാണ് എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ കുങ്കുമപ്പൂവ്, മായാമോഹിനി, ഏഴുരാത്രികള്‍ എന്നീ സീരിയലുകള്‍ ചെയ്തു.
ഏഴുരാത്രികളില്‍ അഭിനയിക്കുമ്പോഴാണ് സത്യന് സാറിന്റെ സിനിമയില്‍ നിന്ന് ഓഫര്‍ വരുന്നത്. ആദ്യമൊക്കെ അഭിനയിക്കാനായി ബഹ്റെനില്‍ നിന്ന് വന്നുപോകുകയായിരുന്നു. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയതോടെ ഞങ്ങള്‍ തിരുവനന്തപുരത്ത് സെറ്റിലായി.
കുടുംബം
ഏറ്റവും കൂടുതലെന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ഭര്‍ത്താവ് രമേഷാണ്. ഞങ്ങള്‍ക്ക് രണ്ടു കുട്ടികളാണ്. മകള്‍ അദ്രജ രമേഷ്, മകന് അദ്രിത് രമേഷ്, വിജി തമ്പിസാറിന്റെ അയ്യപ്പ ശരണം എന്ന സീരിയലില്‍ അയ്യപ്പനായി അഭിനയിച്ചത് അദ്രിതാണ്.
തയാറാക്കിയത്:
അശ്വതി അശോക്