യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുത്തൻ ഇലക്ട്രോണിക്സ് ബ്രാൻഡ് നതിങ് തങ്ങളുടെ ആദ്യ ഡിവൈസ് നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോൺ ഇന്ത്യയിലവതരിപ്പിച്ചു. ഓഗസ്റ്റ് 17 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് നതിങ് ഇയർ 1ന്റെ വില്പന ക്രമീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം പ്രമുഖ പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്സിന്റെ സഹസ്ഥാപകനായ കാൾ പെയുടെ പിന്തുണയുള്ള നതിങ് ബ്രാൻഡിന്റെ ഇയർ 1 ട്രൂ വയർലെസ് ഇയർഫോണിന് 5,999 രൂപയാണ് വില.
ഇന്ത്യൻ വിപണിയിൽ ഒപ്പോ, സോണി, സാംസങ് തുടങ്ങിയ വമ്പൻമാർക്ക് ശക്തമായ വെല്ലുവിളിയാണ് നതിങ് ഇയർ 1. ആക്റ്റീവ് നോട്ടിസ് ക്യാൻസലേഷൻ, വയർലെസ്സ് ചാർജിങ്, സുതാര്യമായ ഡിസൈൻ എന്നിവ ആണ് നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോണിൻ്റെ പ്രധാന സവിശേഷത. നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോണിൻ്റെ ഇന്ത്യയിലെ വില മറ്റു രാജ്യങ്ങളിലെ വിലയേക്കാൾ ഗണ്യമായി കുറവാണ്. അമേരിക്കയിൽ 99 ഡോളർ (ഏകദേശം 7,400 രൂപ), ബ്രിട്ടനിൽ 99 പൗണ്ട് (ഏകദേശം 10,200 രൂപ), മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ 99 യൂറോ (ഏകദേശം 8,700 രൂപ) എന്നിങ്ങനെയാണ് നതിങ് ഇയർ 1ന്റെ വില നിശ്ചയിച്ചിരിക്കുന്നത്.
നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോണിൽ യുഎസ്ബി ടൈപ്പ്-സി, ക്യൂഐ വയർലെസ് ചാർജിംങ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. കെയ്സിൽ ഇയർഫോൺ വയ്ക്കുമ്പോൾ കാന്തികമായി ബാറ്ററി ചാർജ് ആവും. ഒരു തവണ നതിങ് ഇയർ 1 പൂർണമായും ചാർജ് ചെയ്താൽ 5.7 മണിക്കൂർ വരെ പ്രവർത്തിക്കും. അതെ സമയം കെയ്സ് 34 മണിക്കൂർ നേരത്തേക്ക് ചാർജ് ചെയ്തു വയ്ക്കാമെന്നാണ് റിപ്പോർട്ട്. യുഎസ്ബി ടൈപ്പ്-സി വഴിയുള്ള ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ചാൽ 10 മിനിറ്റ് കൊണ്ട് 8 മണിക്കൂർ പ്രവർത്തിക്കാനുള്ള ചാർജ് ലഭിച്ചേക്കും.






