
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനായി പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് പിന്നാലെ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം എന്നീ താരങ്ങള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ലങ്കന്‍ പര്യടനത്തിന് ശേഷം ബാക്കി ഇന്ത്യന്‍ ടീം ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ മൂന്ന് താരങ്ങ ള്‍ കൊളംബോയില്‍ തുടരുകയാണ്. ഏകദിന പരമ്പര ഇന്ത്യ നേടിയെങ്കിലും ട്വന്റി20 പരമ്പര ഇന്ത്യ 2-1 ന് കൈവിട്ടു.
ആദ്യ ട്വന്റി20 മത്സരത്തിന് പിന്നാലെയാണ് ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ക്രുണാലുമായി അടുത്ത സമ്പര്‍ക്കമുള്ള എട്ട് താരങ്ങള്‍ കൂടി ഐസോലേഷനില്‍ ആയിരുന്നു. ഈ എട്ട് താരങ്ങളില്‍ ചഹലും കൃഷ്ണപ്പയും ഉള്‍പ്പെട്ടിരുന്നു. അടുത്ത സമ്പര്ക്കത്തിലുള്പ്പെട്ട മറ്റ് ആറ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡേ, ദീപക് ചഹര്‍, ഇഷാന് കിഷന് എന്നിവരും കൊളംബോയില്‍ തുടരുകയാണ്. ശ്രീലങ്കയുടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രോഗബാധിതരായവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ഐസോലേഷനില്‍ തുടരണമെന്നാണ്, തുടര്‍ന്ന് കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിന് ശേഷമേ രാജ്യം വിടാന്‍ സാധിക്കത്തുള്ളു.






