
കോതമംഗലം: ബിഡിഎസ് വിദ്യാർത്ഥിനിയെ യുവാവ് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ബീഹാറിലേക്കും. മാനസയെ കൊലപ്പെടുത്തിയ രഖീല്‍ നേരത്തേ നടത്തിയ ഒരു ബീഹാര്യാത്രയുടെ വിവരമാണ് പോലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ഉപയോഗപ്പെടുത്തിയ തോക്ക് എവിടെ നിന്നുമാണ് വാങ്ങിയതെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
രഖീലിന്റെ കൂട്ടുകാരെയും ചോദ്യം ചെയ്യുന്നുണ്ട്. ബീഹാര്‍ യാത്രയ്ക്ക് ഇടയില്‍ തോക്ക് സംഘടിപ്പിച്ചോ എന്നാണ് അന്വേഷണം. രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പമായിരുന്നു രഖിലിന്റെ ബിഹാര്‍ യാത്ര. കുറച്ചു ദിവസം അവിടെ താമസിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം കിട്ടുമെന്നാണ് കരുതുന്നത്. അതിനിടെ, രഖിലിന്റെ ബിസിനസ് പാർട്ണർ കൂടിയായ സുഹൃത്ത് ആദിത്യനെ പൊലീസ് ചോദ്യം ചെയ്തു. ആദിത്യൻ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കളെയാണ് ധർമടം സ്റ്റേഷനിൽ വച്ച് പൊലീസ് ചോദ്യംചെയ്തത്. ആദിത്യന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏഴു റൗണ്ട് വരെ വെടിവയ്ക്കാൻ കഴിയുന്ന 7.62 എംഎം കാലിബര്‍ പിസ്റ്റളാണ് ഉപയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു രഖീല്‍ ബീഹാറിലേക്ക് യാത്ര നടത്തിയത്. എറണാകുളത്തു നിന്നാണ് പോയത്. എട്ട് ദിവസം അവിടെ തങ്ങുകയും ചെയ്തതായിട്ടാണ് കിട്ടിയിരിക്കുന്ന വിവരം. പഴയ തോക്കാണ് എന്നതിനാൽ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാനാണ് സാധ്യത. ബ്ലാക് മാർക്കറ്റിലും ഡാർക് വെബിലും തോക്ക് കൈവശപ്പെടുത്താനാകും.
വീട്ടിലേക്ക് അതിക്രമിച്ചു കയറിയ രഖിൽ രണ്ടു തവണയാണ് മാനസയ്ക്ക് നേരെ നിറയൊഴിച്ചത്. ചെവിക്ക് പിന്നിലും നെഞ്ചിലുമാണ് വെടിയേറ്റത്. പിന്നാലെ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. രഖിലിന്റെ മൊബൈൽ ഫോൺ രേഖകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഏതാനും തവണ ഇയാൾ മാനസയുമായി സംസാരിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു.






