
പ്രണയത്തിനേറെ മധുരമുണ്ടെന്ന് പാടിയറിയിച്ച പാട്ടുകളേറെയാണ്. അത്തരത്തില്‍ നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതിയകാല സംഗീത സംവിധായകരിലൊരാളാണ് കൈലാസ് മേനോന്. തീവണ്ടിയിലെ ജീവാംശമായ് താനേ നീ എന്നില്‍... ഇടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായ് വരൂ... മെമ്പര്‍ രമേശനിലെ അലരേ നീയെന്നിലേ... തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങളാണ് ശ്രോതാക്കളുടെ മനസ് ഏറ്റുപാടിയത്. കുട്ടിക്കാലംമുതല്‍ സംഗീതത്തെ സ്നേഹിക്കുകയും തന്റെ പാട്ടുകള്‍ മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത കൈലാസ് തന്റെ ആഗ്രഹം സാധ്യമായ സന്തോഷത്തിലാണിപ്പോള്‍. തന്റെ സംഗീത യാത്രയെക്കുറിച്ച് കൈലാസ് മേനോന്....
ആദ്യ സിനിമയും ആദ്യഗാനവും പുറത്തിറങ്ങാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്?
അതൊരു പഠനകാലയളവായിരുന്നെന്നു പറയാം. അത്രയുംനാള്‍ കഴിവിനെ പോളിഷ് ചെയ്തെടുക്കുന്ന രീതിയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. 15 വര്‍ഷം പരസ്യ സംഗീതരംഗത്ത് ജോലി ചെയ്തു. കൂടുതല്‍ ആത്മാര്‍ഥതയോടുകൂടി ചെയ്യുമ്പോള്‍ എപ്പോഴായാലും അതിന് പ്രതിഫലം കിട്ടും. അതിനൊക്കെ വേണ്ടിയുളള പോളിഷിംഗ് ആണ് നടന്നുകൊണ്ടിരുന്നത്. അതുകൊണ്ട് അല്‍പ്പം വൈകിയതും നല്ലൊരു കാര്യമായിട്ടാണ് തോന്നിയത്.
പകര്‍ന്നാട്ടം, സ്റ്റാറിങ് പൗര്‍ണമി, തീവണ്ടി എന്നിങ്ങനെ പല സിനിമകളിലൂടെ സിനിമയുടെ ട്രാക്കിലേക്ക് എത്തി. ആ ആത്മവിശ്വാസം എങ്ങനായിരുന്നു?
എന്നെക്കൊണ്ട് കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അവസരം കിട്ടുന്നില്ല എന്നൊരു വസ്തുത ഉണ്ടെങ്കില്‍പ്പോലും കംമ്പോസ് ചെയ്തെടുത്ത സംഗീതത്തില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസംതന്നെയാണ് മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. ഒരിക്കല്‍ എന്റെ പാട്ടുകളും ആളുകള്‍ ഏറ്റെടുക്കും അതിനുള്ള പ്രതിഫലം കിട്ടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെയൊരു അവസരം കറക്ടായി വന്നുചേരാന്‍ സമയമെടുത്തതൊഴിച്ചാല് പരസ്യസംഗീതം ചെയ്ത സമയത്ത് ക്ലയിന്റിനെ തൃപ്തിപ്പെടുത്തുന്നതോടൊപ്പംതന്നെ സ്വയം സംതൃപ്തിയും ഉണ്ടാകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.
സംഗീതപഠനത്തെക്കുറിച്ച്?
കീബോര്‍ഡ് പഠിച്ചിരുന്നു. പഠിക്കുന്നതിനോട് ഭയങ്കര മടിയായിരുന്നു. അതൊരു നല്ല കാര്യമായി ഞാന്‍ പറയില്ല. പക്ഷേ കീബോര്‍ഡ് പഠിക്കുന്നതിനേക്കാള്‍ താല്പര്യം തനിയെ വായിക്കുക എന്നതായിരുന്നു. 1995 കാലഘട്ടമായിരുന്നു അത്. ടൈറ്റാനിക്ക് സിനിയിലെ മ്യൂസിക്, റാസ്പുടിന്, അതൊക്കെ കീബോര്‍ഡില്‍ തനിയെ വായിക്കാനായായിരുന്നു ഇഷ്ടം. അത്തരം പരീക്ഷണങ്ങള്‍ മ്യൂസിക് കമ്പോസിങ് ചെയ്യുമ്പോള്‍ എനിക്ക് സഹായമായി മാറിയിട്ടുണ്ട്.
കമ്പോസിങ് സ്കില്‍ മെച്ചപ്പെടാന്‍ ഇത് വളരെ സഹായിച്ചിട്ടുണ്ട്. കീബോര്ഡൊക്കെയാണെങ്കിലും ശരിയായ പഠനം ഇല്ലായിരുന്നു എന്നുള്ളത് ഒരു സത്യമാണ്. അതുപോലെ കര്‍ണാട്ടിക് മ്യൂസിക് കുറച്ചുകാലം പഠിച്ചിട്ടുണ്ട്. ഒന്നും വലിയ കാര്യമായി ഒരു ലവലിന് മുകളിലേക്ക് പഠിച്ചിട്ടില്ല. എല്ലാത്തിനെക്കുറിച്ചും ഒരു അടിസ്ഥാന അറിവ് കിട്ടാന്‍ വേണ്ടി, അത്രമാത്രം. അതൊക്കെ സഹായിച്ചിട്ടുണ്ട്. ഇല്ല എന്നല്ല.
16 ാം വയസില്‍ ആദ്യത്തെ സംഗീത ആല്‍ബം. ആ എക്സ്പീരിയന്‍സ്?
സ്നേഹത്തോടെ എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. സ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ കുട്ടികളെയും പോലെ ഒരുപാട് ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്തിരുന്നു. അത് മാത്രമല്ലാതെ ക്രീയേറ്റീവ് ആയിട്ടുളളതെന്തെങ്കിലും ചെയ്യണം എന്നുളള ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. എന്റെ സ്കൂള്‍ സമയത്ത് ഒരുപാട് മ്യൂസിക് ആല്‍ബം റിലീസ് ചെയ്തിരുന്നു. ഒരിക്കല്‍ ക്ലാസ് റൂമില്‍ ഇരുന്നപ്പോള്‍ ഒരു പാട്ട് വെറുതെ എഴുതി ട്യൂണ്‍ ചെയ്തുനോക്കി. അന്നത്തെ ദിവസംതന്നെ ആ പാട്ട് പൂര്‍ത്തിയായി. ഒരു പാട്ട് പൂര്‍ത്തിയായപ്പോള്‍ ധൈര്യമായി.
എന്നാല്‍ പിന്നെ ആല്‍ബം ഇറക്കിക്കൂടെ എന്ന തോന്നലായി. അങ്ങനെ അതിന് വേണ്ടി ഇറങ്ങി പുറപ്പെട്ടു. ഒരു ബന്ധു എഴുതിയ കുറേ കവിതകള്‍ എനിക്ക് തന്നു. അതുവച്ച് ട്യൂണ്‍ ഉണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ എട്ട് പാട്ടുകള്‍ കമ്പോസ് ചെയ്തു. മ്യൂസിക് ബാക്ക് ഗ്രൗണ്ട് ഇല്ലാത്തതുകൊണ്ടുതന്നെ ഞാന്‍ നേരിട്ട് ഒരു സ്റ്റുഡിയോയിലേക്ക് കയറിച്ചെന്നു.
അവിടുത്തെ മാനേജര്‍ അതൊരു ആല്‍ബമായി ചെയ്യാന്‍ സഹായിച്ചു. എന്റെ സ്കൂള്‍മേറ്റായിരുന്ന ജ്യോത്സ്യന, ആശ ജി മേനോന്, മധുബാലകൃഷ്ണന് ഇവരെയൊക്കെ ചേര്‍ത്താണ് അന്ന് ആ മ്യൂസിക് ആല്‍ബം ചെയ്യുന്നത്. 15ാം വയസിലാണത് ചെയ്യുന്നത്. 16 ാമത്തെ വയസില്‍ റിലീസ് ചെയ്തു. മാതാപിതാക്കളുടെയൊക്കെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണത് സംഭവിച്ചത്.
ആളുകള്‍ മനസറിഞ്ഞ് സ്വീകരിച്ച പാട്ടുകളാണ് കൈലാസിന്റേത്?
സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ആഗ്രഹിച്ച കാര്യമാണ് എന്റെ പാട്ടുകള്‍ ആളുകള്‍ ഏറ്റെടുത്ത് പാടുക എന്നത്. ഏതൊരു കമ്പോസറിന്റെയും ഏറ്റവും വലിയ ആഗ്രഹമാണത്. ആ ഒരു സന്തോഷത്തിനുവേണ്ടി കുറേകാലം കാത്തിരുന്നു. തീവണ്ടിയിലെ ജീവാംശമായ് എന്ന പാട്ടിറങ്ങുമ്പോള്‍ വിജയിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
നമ്മള് വിചാരിച്ചതിനേക്കാളൊക്കെ ആളുകള്‍ ആ പാട്ട് ഏറ്റെടുത്തു. അങ്ങനെയൊരു പാട്ടിനുള്ള സ്പേസ് ഇവിടുത്തെ ശ്രോതാക്കളുടെ മനസിലുണ്ട് എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. ഇങ്ങനെ കയറി ഹിറ്റാകുമെന്നോ ആളുകള്‍ ഏറ്റെടുക്കുമെന്നോ ഒരു പ്രതീക്ഷയില്ലായിരുന്നു. അത് കഴിഞ്ഞുവന്ന ഇടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായ് വരൂ... എന്ന പാട്ടാണെങ്കിലും അലരേ എന്ന പാട്ടാണെങ്കിലും എല്ലാം ആളുകള്‍ ഏറ്റുപാടിയപ്പോള്‍ ഭയങ്കര സന്തോഷമാണ് തോന്നിയത്.
ഇത് ഒരു സ്പാര്‍ക്കും ഉണ്ടാക്കാന്‍ പോകുന്നില്ല എന്ന് കൂടെ ജോലി ചെയ്തവരെല്ലാം ഒരുപോലെ പറഞ്ഞ ഗാനമായിരുന്നല്ലോ തീവണ്ടിയിലേത്?
ഓരോ പാട്ടിലും ഓരോ കഥകള്‍ ഉണ്ടാവും. ജീവാംശമായ് താനേ നീയെന്നില്‍.... കൂടെയുണ്ടായിരുന്ന മുഴുവന്‍ ക്രൂ മെമ്പേഴ്സിനും ഇഷ്ടപ്പെടാത്ത പാട്ടായിരുന്നു. വര്‍ക്കാവില്ല എന്ന് പ്രതീക്ഷിച്ച ആ പാട്ടിലും എനിക്കൊരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു എന്നതാണ് സത്യം. ആ ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു ആ പാട്ട് ഇറങ്ങിയത്. പക്ഷേ ജനങ്ങള്‍ ആ ഗാനത്തിന് നല്കിയ സ്വീകാര്യത വളരെ വലുതാണ്. സംശയിച്ച് അന്നത് മാറ്റിയിരുന്നെങ്കില്‍ അങ്ങനെയൊരു പാട്ടേയുണ്ടാവില്ലായിരുന്നു.
ഓരോ പാട്ടുകളും ഓരോ ഓര്‍മകളാണ്?
എല്ലാ പാട്ടുകളും ഓരോ ഓര്‍മകളാണ്. ഒരു ഗാനത്തിന്റെ വരികള്‍ എഴുതുന്നതുമുതല് ഈണം ചിട്ടപ്പെടുത്തുക, പാടുന്നവരെ ഫിക്സ് ചെയ്യുക, അങ്ങനെ ആ പാട്ടിന്റെ യാത്ര ഒരുപാട് ഓര്‍മകളാണ്. ചിലപ്പോള്‍ ഒരു ആല്‍ബം ചെയ്യുമ്പോള്‍ അതില്‍ അഞ്ച് പാട്ടുണ്ടെങ്കില്‍ ഒതില്‍ ഒന്നുരണ്ട് പാട്ടുകള്‍ നമുക്ക് കൂടുതല്‍ പ്രിയം തോന്നുന്ന പാട്ടുകളായിരിക്കാം.
ഹിമമഴ എന്ന ഗാനം നിത്യ മാമന് എന്ന ഗായികയുടെ ലൈഫും മാറ്റുകയായിരുന്നു. ചിത്രത്തില്‍ ട്രാക്ക് പാടാന്‍ വന്നതായിരുന്നു നിത്യ. നിത്യ അത് പാടിക്കേട്ടപ്പോള്‍ എനിക്കും പ്രൊഡ്യൂസര്‍ സാന്ദ്രാ തോമസിനും ഭയങ്കര ഇഷ്ടമായി. നിത്യയെക്കൊണ്ടുതന്നെ ആ പാട്ട് പാടിച്ചു. അത് നിത്യയുടെ ജീവിതത്തിലും വഴിത്തിരിവായി. അതിനുശേശം വാതില്ക്കല് വെള്ളരിപ്രാവ്, അലരെ തുടങ്ങിയ ഗാനങ്ങളൊക്കെ നിത്യയുടേതായി വന്നു.
ഔസേപ്പച്ചന്, ഗോപീസുന്ദര്‍ ഇവരോടൊപ്പം വര്‍ക്ക് ചെയ്ത അനുഭവം?
ഔസേപ്പച്ചന് സാറിനൊപ്പം അസിസ്റ്റന്റായും, ഗോപീ സുന്ദറിനൊപ്പം സൗണ്ട് എഞ്ചിനിയറായും ജോലി ചെയ്തിട്ടുണ്ട്. പഠനമൊക്കെ കഴിഞ്ഞതിനുശേഷം ഞാന്‍ ഇവരുടെ കൂടെയാണ് ചേര്‍ന്നത്. അവരോടൊപ്പമുണ്ടായിരുന്ന കാലഘട്ടം എനിക്കൊരു സ്കൂള്‍ പോലെ ആയിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. സ്റ്റുഡിയോ ആയതിനാല്‍ വന്നുപോയിരുന്ന പല പ്രശസ്തരായ കംമ്പോസര്മാരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. സ്കൂള്‍ കാലംമുതല്‍ റസ്പക്ട് ചെയ്തിരുന്നതും ഇഷ്ടപ്പെട്ടിരുന്നതും ആയ വ്യക്തിയായിരുന്നു ഔസേപ്പച്ചന് സാര്‍.
പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്താനാണോ കൂടുതലിഷ്ടം?
എല്ലാത്തരം ഗാനങ്ങളും ചിട്ടപ്പെടുത്താന്‍ ഇഷ്ടമാണ്. ഇതുവരെ പല വിഭാഗത്തിലുള്ള പാട്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മെലഡി, റൊമാന്റിക് ആയിട്ടുള്ള പാട്ടുകളായിരിക്കാം കൂടുതല്‍ ആകര്ഷിച്ചിട്ടുള്ളത്. എല്ലാ പാട്ടുകളും ചെയ്തുകഴിഞ്ഞ് ഭാര്യയേയും അമ്മയേയും ആദ്യം കേള്‍പ്പിക്കും. അവര്‍ നല്ല ക്രിട്ടിക്സ് ആണ്. പാട്ടിന്റെ പ്രശ്നങ്ങളൊക്കെ കൃത്യമായി പറയും. അവരോടാണ് ആദ്യം ചോദിക്കാറുള്ളതും.
മാതാപിതാക്കളാണ് ഏറ്റവും വലിയ ശക്തി?
അച്ഛന്റെയും അമ്മയുടേയും ഒരേപോലുളള സപ്പോര്‍ട്ട് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അച്ഛന് സയന്റിസ്റ്റ് ആയിരുന്നു. അമ്മ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറും. സാധാരണ ഗതിയില്‍ അക്കാഡമിക്ക് രീതിയില്‍ മെച്ചപ്പെട്ട് മക്കള്‍ മുന്നോട്ട് വരണമെന്നാവും അവര്‍ ആഗ്രഹിക്കേണ്ടിയിരുന്നത്. പക്ഷേ എന്റെ അച്ഛനും അമ്മയും അങ്ങനെ ചിന്തിച്ചിട്ടില്ല. എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്.
അങ്ങനെ സപ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടുമാത്രം ഒന്നുമാകാന്‍ കഴിയാതെപോയ ധാരാളം പേരുണ്ട്. ഇപ്പോഴാണെങ്കിലും ആളുകളൊക്കെവന്ന് എന്നെക്കുറിച്ച് അവരോട് പറയുമ്പോള്‍ അവര്‍ വളരെ അഭിമാനംകൊള്ളുന്നുണ്ട്. എന്നെ സംബന്ധിച്ച ഓരോ ചെറിയ കാര്യങ്ങള്ക്കുമതേ.
പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്?
സിബിമലയില്‍ സാറിന്റെ ആസിഫ് അലി നായകനായ കൊത്ത്, വിഷ്ണുരാഘവന് എന്ന പുതിയ ഡയറക്ടറുടെ വാശി എന്ന ചിത്രം, മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ്, കള്ളന് ഡിസൂസ അങ്ങനെ കുറച്ച് ചിത്രങ്ങള്‍ റിലീസാകാനുണ്ട്.
മകന് സമന്യു രുദ്രയുടെ വിശേഷങ്ങള്‍?
മോന്റെ കൂടെ ചിലവഴിക്കുന്ന നിമിഷങ്ങള്‍ സന്തോഷം നല്‍കുന്നതാണ്. ഭാര്യ അന്നപൂര്‍ണ്ണ ഹൈ കോര്‍ട്ടില്‍ ലോയറാണ്. അന്നപൂര്‍ണ്ണയ്ക്ക് കോടതിയില്‍ പോകേണ്ടതിനാല്‍ എന്റെ ജോലി കുറെയൊക്കെ ഞാന്‍ വീട്ടിലിരുന്നാക്കി. റെക്കോര്‍ഡിംഗ് ഉണ്ടെങ്കില്‍ മാത്രം സ്റ്റുഡിയോയില്‍ പോകും. മകന്റെ വീഡിയോ ഒക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലരും മെസേജ് അയക്കും. കുഞ്ഞിന്റെ കൂടെ ചിലവഴിക്കുന്ന സമയം വിലപ്പെട്ടതാണെന്നും, അങ്ങനെയുളള സമയമൊക്കെ മിസ് ചെയ്യരുതെന്നെല്ലാം.
ഷെറിങ് പവിത്രന്