
ഞാവല്പ്പഴകണ്ണുകളുള്ള താടിക്കാരന് സൂഫി, തന്റെ പ്രണയിനിയോടുള്ള സ്നേഹത്താല്‍ സ്വയം മൈലാഞ്ചിക്കാട്ടില് ഒതുങ്ങിയ സൂഫിയോട് പ്രേക്ഷകര്‍ക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. ആര്‍ദ്രമായ ആ കണ്ണുകളോട്... മനസ് നിറയുന്ന ആ പുഞ്ചിരിയോട്... പെരുവിരലില്‍ ഉയര്‍ന്ന് പമ്പരം പോലെ കറങ്ങുന്ന നൃത്തത്തോട്.
ആദ്യ കഥാപാത്രത്തിലൂടെ ഇത്രയേറെ ആരാധകരും പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്ന നടന്മാര് അപൂര്‍വ്വമായിരിക്കും. സൂഫിയായി അഭിനയിച്ച ദേവ് മോഹന്‍ പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ക്കു പുറമേ ശാകുന്തളത്തിലൂടെ തെലുങ്കിലും തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഈ തൃശൂരുകാരന്.
സാമന്തയ്ക്കൊപ്പം ശാകുന്തളത്തിലെ ദുഷ്യന്തനാകാന്‍ അവസരം ലഭിച്ചല്ലോ?
ശാകുന്തളം ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. സൂഫിയും സുജാതയും കണ്ടശേഷമാണ് ശാകുന്തളത്തിന്റെ സംവിധായകനും നിര്‍മ്മാതാവും എന്നെ വിളിക്കുന്നത്. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ആ പ്രോജക്ട് കമ്മിറ്റ് ചെയ്യുന്നത്. മലയാളത്തിന് പുറമെയുള്ള ഭാഷകളില്‍ തല്ക്കാലം അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചിരുന്ന സമയത്താണ് ശാകുന്തളത്തിലേക്ക് വിളിക്കുന്നത്. നല്ല ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ വേണ്ടെന്നു വയ്ക്കാന്‍ തോന്നിയില്ല. അങ്ങനെയാണ് ശാകുന്തളത്തിന്റെ ഭാഗമായത്.
സൂഫിയുടെ ഡാന്‍സും വാങ്ക് വിളിയുമൊക്കെ എങ്ങനെ പഠിച്ചെടുത്തു?
ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരാം. പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടതായി വരും. അതൊക്കെ ചെയ്യാന്‍ ഞാന്‍ തയാറായിരുന്നു. സിനിമയ്ക്കു വേണ്ടി സൂഫി ഡാന്‍സും വാങ്ക് വിളിയും പഠിച്ചു. അതിനായി ധാരാളം റഫറന്‍സ് വീഡിയോകള്‍ തന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സൂഫി നൃത്തം ചെയ്യുന്ന ആളുകളുടെ മെയ്വഴക്കത്തോടെ വേണം ഡാന്‍സ് ചെയ്യേണ്ടത് എന്നായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം. പണ്ടുമുതലേ സൂഫി പാട്ടുകള്‍ എനിക്കിഷ്ടമായിരുന്നു. അതുകൊണ്ട് എളുപ്പത്തില്‍ പഠിക്കാമെന്നൊരു കോണ്‍ഫിഡന്‍സോടെയാണ് പ്രാക്ടീസ് തുടങ്ങിയത്. പക്ഷേ ആ ചിന്ത തെറ്റായിരുന്നു എന്ന് എനിക്ക് മനസിലായി.
നൃത്തം ചെയ്യുമ്പോള്‍ വിരലുകളില്‍ കാല് കുത്തി നിന്ന് കറങ്ങണം. ആദ്യമൊക്കെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഡാന്‍സ് എന്നതിലുപരി ഇതൊരുതരം മെഡിറ്റേഷനാണ്. ആദ്യമൊക്കെ പത്തു സെക്കന്റ് നേരമേ കറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നീട് പ്രാക്ടീസ് കൊണ്ട് പത്തുമിനിറ്റ് വരെ ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലായി. പക്ഷേ ഷൂട്ടിനെത്തിയപ്പോള്‍ പണികിട്ടി. ഞാന്‍ പ്രാക്ടീസ് ചെയ്ത് നോക്കിയതെല്ലാം വളരെ മിനുസമുള്ള സ്ഥലത്തായിരുന്നു. പക്ഷേ സിനിമയില്‍ ഡാന്‍സ് ചെയ്യേണ്ടിയിരുന്ന പ്രതലം പരുക്കനായിരുന്നു. അവിടെ നൃത്തം ചെയ്തപ്പോള്‍ കാലിലെ തൊലിയെല്ലാം പോയി.
അതുപോലെ വാങ്ക് വിളിക്ക് ഒരു കഥാപാത്രത്തിനുള്ളതുപോലെ സവിശേഷത ഉണ്ടായിരിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആയിരം തവണയെങ്കിലും വാങ്ക് വിളിയുടെ ട്രാക്ക് കേട്ട് നോക്കിയിട്ടുണ്ട്. സിനിമ കണ്ട ശേഷം പലരും എന്നോട് ചോദിച്ചു ഞാന്‍ തന്നെയാണോ വാങ്ക് കൊടുത്തതെന്ന്. സിയ ഉള് ഹക്ക് എന്ന ഗായകനാണ് അതിന്റെ ക്രെഡിറ്റ്.
നടനായ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍?
സിനിമ പാഷനായി കാണുന്ന ആളാണ് ഞാന്‍. സൂഫിയും സുജാതയ്ക്കും ശേഷം അതൊരു പ്രൊഫഷനായെന്നു മാത്രം. പാഷന് പ്രൊഫഷനായി എന്ന് ലളിതമായി പറയാം. അങ്ങനെ വരുമ്പോള്‍ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം നല്ലതായി തോന്നും.
ആദ്യസിനിമ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ സൂഫിയും സുജാതയും ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്?
ലോക്ഡൗണായപ്പോള്‍ ആശങ്കയൊന്നും തോന്നിയിരുന്നില്ല. രണ്ടു മാസത്തിനുള്ളില്‍ കൊറോണ പോകും. അതുകഴിഞ്ഞ് സിനിമ റിലീസ് ചെയ്യുമല്ലോ എന്നു കരുതി. പക്ഷേ തിയേറ്റര്‍ തുറക്കുന്നത് നീണ്ടതോടെ സിനിമ ഒ.ടി.ടി റിലീസ് ചെയ്യുകയാണെന്ന് കേട്ടപ്പോള്‍ സങ്കടമായി. ഒരു പുതുമുഖ നടനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സിനിമ തിയേറ്ററില്‍ കാണണമെന്ന് ആഗ്രഹം കാണുമല്ലോ. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. എങ്കിലും കുറച്ചുനാള്‍ തിയേറ്റര്‍ അടഞ്ഞുകിടന്ന സമയത്ത് റിലീസ് ചെയ്ത സിനിമ എന്ന നിലയിലും ഒരുപാട് രാജ്യങ്ങളില്‍ ഒരേസമയം റിലീസ് ചെയ്തു എന്നതും സൂഫിയും സുജാതയുടെയും മാത്രം പ്രത്യേകതയാണ്.
എനിക്ക് വ്യക്തിപരമായി സങ്കടം തോന്നിയെങ്കിലും ആ സാഹചര്യത്തെക്കുറിച്ച് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞുതന്നപ്പോള്‍ കുറച്ചൊക്കെ ആശ്വാസം തോന്നി. ഒരു സിനിമയുടെ ലക്ഷ്യം കൂടുതല്‍ ആളുകള്‍ കാണുക എന്നതാണല്ലോ. അങ്ങനെ ആലോചിച്ചപ്പോള്‍ സമാധാനമായി. ഇനി ചെയ്യുന്ന അടുത്ത സിനിമയെങ്കിലും തിയേറ്ററില്‍ കാണണമെന്ന് ആഗ്രഹമുണ്ട്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലേക്ക് ?
പണ്ടുമുതല്‍ സിനിമയോട് താല്പര്യമുണ്ടായിരുന്നു. പക്ഷേ ഒരു അവസരത്തിനായി ശ്രമിച്ചുനോക്കാനുള്ള ധൈര്യം അന്നൊന്നുമുണ്ടായിരുന്നില്ല. പഠനത്തിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് മോഡലിങ് ചെയ്തു തുടങ്ങിയത്. അങ്ങനെയിരിക്കുമ്പോഴാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലേക്കുള്ള ഓഡിഷന് കോള്‍ കാണുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ക്കനുസരിച്ച് ഫിസിക്കലി ഞാന്‍ ഫിറ്റാണെന്ന് കരുതി ബയോഡേറ്റ അയയ്ക്കുമ്പോഴും വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആദ്യ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു എന്ന അറിയിപ്പ് കിട്ടി. ആദ്യമായാണ് ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. എങ്ങനെയാണ് ഓഡിഷന് നടക്കുന്നത് എന്നൊക്കെ അറിയാലോ എന്നു വിചാരിച്ചാണ് കൊച്ചിയിലേക്കു പോയത്. രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ കുറച്ചൊക്കെ കോണ്‍ഫിഡന്‍സായി. രണ്ടാം റൗണ്ടില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംവിധായകന് ഷാനവാസിക്കയെ പരിചയപ്പെട്ടത്. പിന്നീട് രണ്ടു ദിവസത്തിനു ശേഷമാണ് ഫിസിക്കലി നിങ്ങള്‍ ഓ.കെ ആണെന്നു പറഞ്ഞ് കോള്‍ വരുന്നത്. അന്നാണ് ചിത്രത്തിന്റെ കഥ പറയുന്നതും സൂഫിയുടെ വേഷമാണെന്ന് അറിയുന്നതും. അങ്ങനെയാണ് ഞാന്‍ മലയാളസിനിമയുടെ ഭാഗമാകുന്നത്.
ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ത്തന്നെ ഒരുപാട് ആരാധകരുണ്ടായല്ലോ?
ദേവ് എന്ന വ്യക്തിയിലുപരി സൂഫി എന്ന കഥാപാത്രത്തെയാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടമായത്. അടുത്ത സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത ശേഷമേ ഞാനെന്ന വ്യക്തിയോട് ആളുകള്‍ക്ക് ഇഷ്ടം തോന്നൂ എന്നാണ് എനിക്ക് തോന്നുന്നത്.
ജോലി ഉപേക്ഷിച്ച് സിനിമ കരിയറാക്കുന്നതില്‍ വീട്ടുകാര്‍ സപ്പോര്‍ട്ടായിരുന്നോ?
വീട്ടിലെല്ലാവരും സിനിമ ഇഷ്ടപ്പെടുന്നവരാണ്. ഒരു കാര്യത്തിനും നിര്‍ബന്ധിക്കുന്ന മാതാപിതാക്കളല്ല എന്റേത്. ഇനി സിനിമയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന കാര്യം വീട്ടില്‍ പറഞ്ഞിട്ടുണ്ട്. ആ തീരുമാനത്തോട് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ല.
അഞ്ചോ, ആറോ സിനിമകള്‍ കമ്മിറ്റ് ചെയ്ത ശേഷമാണ് ജോലി രാജിവച്ചത്. ഇഷ്ടമുള്ളൊരു കാര്യം ചെയ്യാന്‍ റിസ്ക് എടുക്കാന്‍ ഞാന്‍ തയാറാണ്. ആറോളം ചിത്രങ്ങള്‍ മുമ്പില്‍ കണ്ടുകൊണ്ടു മാത്രമല്ല ജോലി ഉപേക്ഷിച്ചത്. വര്‍ക്കുകള്‍ കൂടുമ്പോള്‍ എപ്പോഴും ലീവെടുക്കാന്‍ പറ്റില്ലല്ലോ. അങ്ങനെയല്ല സിനിമ ചെയ്യണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലീവെടുക്കുന്നതില്‍ പ്രശ്നമില്ല. സൂഫിയും സുജാതയും രണ്ടു ഷെഡ്യൂളുകളായാണ് ഷൂട്ട് ചെയ്തത്. ആദ്യ ഷെഡ്യൂളിന് ശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഓഫീസിലെ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ മാനേജ് ചെയ്യാന്‍ കഴിഞ്ഞു.
മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലും പങ്കെടുത്തിരുന്നല്ലോ?
ഫിറ്റ്നസിനോട് താല്പര്യമുണ്ട്. അതുവഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഫോട്ടോഗ്രാഫേഴ്സും വഴി വന്ന ചില മോഡലിങ് പ്രോജക്ടുകള്‍ ചെയ്തിട്ടുണ്ട്. ഫിറ്റ്നസില്‍ എനിക്കുള്ള താല്പര്യം അറിയാവുന്ന സുഹൃത്തുക്കളാണ് മിസ്റ്റര്‍ ഇന്ത്യ പാജന്റ് കോമ്പറ്റീഷന്റെ ഓഡിഷന് പോകാന്‍ നിര്‍ബന്ധിച്ചത്. 2016-ലായിരുന്നു മത്സരം. ആ വര്‍ഷത്തെ ഫൈനലിസ്റ്റുകളില്‍ ഞാനുമുണ്ടായിരുന്നു.
ഓഡിഷന് കഴിഞ്ഞ് രണ്ട് വര്‍ഷമെടുത്തു ആദ്യ സിനിമ റിലീസാകാന്‍. ആ കാലയളവില്‍ നിരാശ തോന്നിയോ?
2018-ലായിരുന്നു ഓഡിഷന്. വീണ്ടും രണ്ടുവര്‍ഷംകഴിഞ്ഞാണ് സിനിമ റിലീസായത്. ഈ കാത്തിരിപ്പ് വലിയ സംഭവമായി തോന്നിയില്ല. എന്നേക്കാള്‍ കൂടുതലായി കഷ്ടപ്പെട്ട നിരവധി പേരുണ്ട്. എന്റെ കഥാപാത്രത്തിനു വേണ്ടി ചില ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നത് സത്യമാണ്. പിന്നെ പ്രോജക്ട് നീണ്ടുപോയപ്പോള്‍ തീര്‍ച്ചയായും നിരാശ തോന്നിയിട്ടുണ്ട്. പക്ഷേ അതൊന്നും അത്ര വലുതായിരുന്നില്ല.
ഈ കാലയളവില്‍ നിരവധി യാത്രകള്‍ നടത്തി. പ്രധാനമായും സൂഫി കള്‍ച്ചര്‍ മനസിലാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അങ്ങനെ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ പോയി. ആ യാത്രകളൊക്കെ നന്നായി ആസ്വദിച്ചിട്ടുണ്ട്.
പ്രണയ വിവാഹമായിരുന്നല്ലേ?
അതെ. ഞാനും റെജിനയുമായി പത്തുവര്‍ഷത്തെ പരിചയമുണ്ട്. റെജിന എന്റെ ജൂനിയറായിരുന്നു. അന്നുമുതലുള്ള പ്രണയം ഇന്നും തുടരുന്നു.
പുതിയ സിനിമകള്‍?
പുള്ളി എന്നൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യത്തെ ലോക്ഡൗണ്‍ വന്നത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. മറ്റ് രണ്ടു സിനിമകള്‍കൂടി മലയാളത്തില്‍ റിലീസ് ചെയ്യാനുണ്ട്.
അശ്വതി അശോക്