
കോവിഡ് മഹാമാരിയുടെ ആരംഭം മുതല്‍ ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ മ്യൂക്കര്‍മൈക്കോസിസ് എന്ന രോഗത്തിന്റെ വ്യാപനം കൂടുതലായി കാണപ്പെട്ടുവരുന്നുണ്ട്.
എന്താണ് മ്യൂക്കര്‍മൈക്കോസിസ്
എല്ലായിടത്തും സാധാരണയായി കാണപ്പെടുന്ന Mucorales / Mucoromycotina വിഭാഗത്തിലുള്ള ഫംഗസ്് അല്ലെങ്കില്‍ പൂപ്പല്‍ ജീവിമൂലം ഉണ്ടാകുന്ന അസുഖമാണ് മ്യൂക്കര്‍മൈക്കോസിസ്. ഇതു വായിക്കുന്ന നിങ്ങളുടെ മൂക്കിലും പരിസരങ്ങളിലുമൊല്ലാം ഈ ഫംഗസ് ഉണ്ടായിരിക്കും. എന്നാല്‍ എല്ലാവരിലും ഇത് അസുഖകാരണമാകുന്നില്ല.
സാധാരണയായി പ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം ഫംഗസുകള്‍ ശരീരകോശങ്ങള്‍ക്കുള്ളില്‍ പ്രവേശിച്ച് അവിടെ അസുഖം ഉണ്ടാകുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍, വൃക്കരോഗികള്‍, എയിഡ്സ് രോഗികള്‍, അവയവമാറ്റം നടത്തിയവര്‍, കാന്‍സര്‍ കീമോതെറാപ്പി എടുക്കുന്നരോഗികള് തുടങ്ങിയവര്‍ ഇതിന് ഉദാഹരണമാണ്. അസുഖമുണ്ടാകുന്ന ശരീരഭാഗങ്ങളില്‍ കറുത്ത നിറവ്യത്യാസം ഉണ്ടാകുന്നതിനാല്‍ ഇതിനെ 'ബ്ലാക്ക് ഫംഗസ്' എന്നു വിളിക്കുന്നു.
കോവിഡുമായുള്ള ബന്ധം
ഇതുവരെ രോഗനിര്‍ണയം നടത്താത്ത പ്രമേഹരോഗികള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. അങ്ങനെയുള്ളവരില്‍ കോവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡ്സ് എടുക്കുമ്പോള്‍ പ്രമേഹം മറനീക്കി പുറത്തുവരികയും അനിയന്ത്രിതമായ രീതിയില്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും തല്‍ഫലമായി പ്രതിരോധശേഷിയില്‍ കുറവുണ്ടാവുകയും ചെയ്യുന്നു. ഇത് മ്യൂക്കര്‍മൈക്കോസിസ് ബാധിക്കുവാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു. കോവിഡ് പിടിപെടുമ്പോള്തന്നെ ശരീരത്തിലെ പല അവയവവ്യവസ്ഥകളും പ്രത്യേകിച്ച് ശ്വാസകോശ ആരോഗ്യത്തില്‍ കുറവുണ്ടാകുന്നു.
ലോകത്തില്‍ 40 ശതമാനം മ്യൂക്കര്മൈക്കോസിസും കാണപ്പെടുന്നത് ഇന്ത്യയിലാണ്. ഈ അസുഖം വരുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന മരണ നിരക്ക് (40-80 ശതമാനം), ഉയര്‍ന്ന ശാരീരിക അസ്വസ്ഥത, ഉയര്‍ന്ന ചികിത്സാ ചെലവുകള്‍ എന്നിവ ഈ അസുഖത്തെ ഗുരുതരമാക്കുന്നു. തുടക്കത്തില്‍തന്നെ ചികിത്സ നേടിയാല്‍ രോഗം വ്യാപിക്കാതിരിക്കുകയും ഗുരുതരാവസ്ഥയിലെത്തുന്നത് കുറയാനും സഹായിക്കും. അതി നാല് അടിയന്തിര പ്രാധാന്യത്തോടെ മ്യൂക്കര്‍മൈക്കോസിസ് ചികിത്സ തേടേണ്ടതാണ്.
കോവിഡും പ്രമേഹവും
പ്രതിരോധശേഷിയില്‍ കുറവുണ്ടാകുമ്പോഴാണ് ഈ അസുഖം സാധാരണയായി കടന്നുവരുന്നത്. എന്നാല്‍ അപൂര്‍വമായി പ്രതിരോധശേഷിയില്‍ പ്രശ്നങ്ങളൊന്നും ഇല്ലാത്തവരിലും ഇത് ഉണ്ടാകാറുണ്ട്. അനിയന്ത്രിതമായ പ്രമേഹ രോഗമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍ പ്രമേഹരോഗികളില്‍ 47 ശതമാനത്തോളം ആളുകള്‍ക്ക് അവരുടെ രോഗത്തെപ്പറ്റി ധാരണയില്ലെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പ്രമേഹരോഗം തിരിച്ചറിഞ്ഞവരില്‍ 25 ശതമാനം ആളുകള്‍ക്ക് മാത്രമാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നത്.
ഈ കണക്കകള് സൂചിപ്പിക്കുന്നത് രാജ്യത്തെ വളരെ വലിയൊരു ജനവിഭാഗത്തിനും തങ്ങളുടെ പ്രമേഹത്തെപ്പറ്റി അറിവില്ല എന്നതാണ്. ഇനി അറിവുള്ളവരില്‍ തന്നെ അത് അനിയന്ത്രിതമായി ഉള്ളവര്‍ വളരെ കൂടുതലാണ്.
കോവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് മരുന്നകള്‍ ഡോക്ടര്‍മാര്‍ നല്കുന്നു. അത് രോഗതീവ്രത കൂടിയവരില്‍, പ്രത്യേകിച്ച് ശ്വാസംമുട്ട് അനുഭവപ്പെടുന്നവരിലാണ് കൊടുക്കുന്നത്. ഈ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യരുടെ പ്രതിരോധശേഷി കുറയുന്നു. അതുപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും പ്രമേഹം അനിയന്ത്രിതമായ അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവരില്‍ മ്യൂക്കര്‍മൈക്കോസിസ് ഉണ്ടാക്കുന്ന ഫംഗസ് ശരീരകോശങ്ങളുടെ ഉള്ളില്‍ പ്രവേശിക്കുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
വിവിധ തരത്തിലുള്ള മ്യൂക്കര്‍മൈക്കോസിസ്
ശരീരത്തില്‍ ഈ അസുഖം ബാധിക്കുന്ന ഭാഗങ്ങളെ അനുസരിച്ച് പ്രധാനമായും 5 തരത്തില്‍ ഇത് കാണപ്പെടുന്നു. മൂക്ക്, സൈനസ്, കണ്ണ്, തലച്ചോര്‍ എന്നിവിടങ്ങളെ ബാധിക്കുന്ന റൈനോ സെറിബ്രല്‍ മ്യൂക്കര്‍മൈക്കോസിസ്, ശ്വാസകോശത്തെ ബാധിക്കുന്ന പള്‍മണറി മ്യൂക്കര്‍മൈക്കോസിസ്, ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന ഗ്യാസ്ട്രോ ഇന്റെസ്റ്റെനല് മ്യൂക്കര്‍മൈക്കോസിസ് (വളരെ വിരളമായാണ് ഇത് കാണ െപ്പടുന്നത്), ചര്‍മ്മത്തെ ബാധിക്കുന്ന പ്രൈമറി ക്യൂട്ടേന്യോസ് മ്യൂക്കര്‍മൈക്കോസിസ്, ശരീരത്തില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന ഡിസിമിനേറ്റഡ് മ്യൂക്കര്‍മൈക്കോസിസ് എന്നിവയാണവ.
ഇവയില്‍ കൂടുതലായി കാണപ്പെടുന്നത് റൈനോ സെറിബ്രല്‍ മ്യുക്കര്‍മൈക്കോസിസ് ആണ്. മൂക്കിനുള്ളിലും സൈനസുകളിലും ആദ്യമേ ഈ അസുഖം വരികയും അവിടെനിന്ന് കണ്ണിലേക്കും പിന്നീട് തലച്ചോറിനുള്ളിലേക്കും വ്യാപിക്കുന്നു.
റൈനോ സെറിബ്രല്‍ മ്യൂക്കര്‍മൈക്കോസിസ്
മൂക്കിനുള്ളി തടസം, വേദന, രക്താംശമുള്ള സ്രവം, കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തില്‍ സ്രവം വരിക എന്നിവയാണ് റൈനോ സെറിബ്രല്‍ മ്യൂക്കര്‍മൈക്കോസിസിന്റെ പ്രാരംഭ ലക്ഷണം. ഇതേത്തുടര്‍ന്ന് തലവേദന, കണ്ണിനു ചുറ്റും വേദന, മുഖത്ത് വേദന, കാഴ്ച മങ്ങുക, കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടുക. പല്ലുവേദന, മുകള്‍ നിരയിലെ പല്ലിന് ഇളക്കമുണ്ടാവുക, മൂക്കിന്റെ പാലം, അണ്ണാക്ക് എന്നിവിടങ്ങളില്‍ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ കൂടി പ്രകടമാകും.
പള്‍മണറി മ്യൂക്കര്‍മൈക്കോസിസ്
പനി, ചുമ, നെഞ്ച് വേദന, ചുമച്ച് രക്തം തുപ്പുക, ശ്വാസം മുട്ട് കൂടി വരിക തുടങ്ങിയവയാണ് പള്‍മണറി മ്യുക്കര്മൈക്കോസിസിന്റെ ലക്ഷണം.
റൈനോ സെറിബ്രല്‍ വിഭാഗത്തിലുള്ളവര്‍ കഴിവതും ഒരു ഇന്‍.എന്‍.ടി വിഭാഗത്തിലുള്ള ഡോക്ടറുടെ സേവനം തേടേണ്ടതാണ്. പള്‍മണറി ലക്ഷണമുള്ളവര്‍ ഒരു ഫിസിഷ്യന്റെയോ പള്മണോളജിസ്റ്റിന്റെയോ സേവനം തേടണം.
പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ രോഗനിര്‍ണയത്തിനായി പലവിധ പരിശോധനകളും നടത്തുന്നു. ഉദാഹരണത്തിന് മൂക്കില്‍ നിന്നും അല്ലെങ്കില്‍ അസുഖമുള്ള ഭാഗത്തുനിന്നും ഫംഗസിനെ തിരിച്ചറിയുവാനുള്ള പരിശോധന, സി.ടി സ്കാന്‍, എം.ആര്.ഐ തുടങ്ങിയ പരിശോധന നടത്തും.
ചികിത്സ
രോഗം ഉണ്ടാക്കുന്നത് ഫംഗസ് ആണ്. ഈ ഫംഗസ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുകയും കോശങ്ങളിലേക്കുള്ള രക്തചംക്രമണത്തിന് കുറയ്ക്കുകയോ തടസമുണ്ടാക്കുകയോ ചെയ്യുന്നു.
കോശമരണത്തിന് (നെക്രോസിസ്) കാരണമാകുന്നു. തല്‍ഫലമായി അത് ബാധിച്ചിരിക്കുന്ന ഭാഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ ചികിത്സാരീതി പ്രധാനമായും സര്‍ജറി (കോശമരണം നേരിട്ട ഭാഗങ്ങളി നിന്നും അവയെ നീക്കം ചെയ്യല്‍ - ഇ.എന്‍.ടി സര്ജന് എന്‍ഡോസ്കോപി സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.
മരുന്നുകളുടെ ഉപയോഗം
ഫംഗസിനെതിരെയുള്ള ആംഫോറെടിസിന് ബി, പൊസകോനാസോള് പോലുള്ള മരുന്നകള്‍ ദീര്‍ഘനാള്‍ നല്‍കേണ്ടിവരുന്നു. അതോടൊപ്പം പ്രതിരോധശേഷി കുറയ്ക്കുന്ന സ്റ്റിറോയ്ഡിന്റെയും മറ്റ് മരുന്നുകളുടെയും ഉപയോഗം കുറയ്ക്കേതാണ്. ഏറ്റവും പ്രധാനമായി ഇന്‍സുലിനോ ഗുളികകളോ ഉപയോഗിച്ച് പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടതാണ്.
പ്രതിരോധം
1. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല
2. പ്രമേഹ രോഗം നിയന്ത്രണ വിധേയമാക്കുക
3. സ്റ്റിറോയ്ഡിന്റെ ഉപയോഗം ഡോക്ടറുടെ നിര്‍ദേശാനുസരണം കുറച്ചു വരിക
4. പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍, അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍ തുടങ്ങിയവര്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുക. കാരണം അത്തരം സാഹചര്യങ്ങളില്‍ ഫംഗസിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടുതലായിരിക്കും
5. ആശുപത്രികളില്‍ ഓക്സിജന്‍ വളരെ ശുചിയായ രീതിയില്‍ രോഗികളില്‍ ഉപയോഗിക്കുക.
6. വൃത്തിയുള്ള മാസ്കുകള്‍ ഉപയോഗിക്കുക.
7. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ വൈദ്യസഹായം തേടുക.
ഡോ. ജോമി ജോര്‍ജ്
കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി. സര്ജന്
കാരിത്താസ് ഹോസ്പിറ്റല്‍,
തെള്ളകം, കോട്ടയം