
ഷഓമി സ്മാർട്ടർ ലിവിങ് 2022 ഇവെന്റിന്റെ ഭാഗമായി എംഐ ടിവി 5X ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷഓമി കഴിഞ്ഞ വർഷം അവതരിപ്പിച്ച എംഐ ടിവി 4X ടിവി ശ്രേണിയുടെ പിൻഗാമിയാണ് എംഐ ടിവി 5X. വീട്ടിലെ പ്രകാശത്തിനനുസരിച്ച് ടെലിവിഷന്റെ തെളിച്ചം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ബ്രൈറ്റ്നെസ്, ഡോൾബി അറ്റ്മോസ് പിന്തുണയോടെ 40W സ്പീക്കറുകൾ എന്നിവ ഹൈലൈറ്റായ എംഐ ടിവി 5X ശ്രേണി മൂന്ന് സ്ക്രീൻ വലിപ്പത്തിൽ ലഭ്യമാണ്.
റിപ്പോർട്ട് പ്രകാരം എംഐ ടിവി 5Xന്റെ 43 ഇഞ്ച് മോഡലിന് 31,999 രൂപ, 50 ഇഞ്ച് മോഡലിന് 41,999 രൂപ, 55 ഇഞ്ച് മോഡലിന് 47,999 രൂപയാണ് വില. എംഐ.കോം, ഫ്ലിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റുഡിയോ, ക്രോമ എന്നിവയിലൂടെ സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 12 മണി മുതൽ എംഐ ടിവി 5X വാങ്ങാം. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.
അഡാപ്റ്റീവ് ബ്രൈറ്റ്നെസ് ഫീച്ചറിനെ സപ്പോർട്ട് ചെയ്യുന്ന ഫോട്ടോ ഇലക്ട്രിക് സെൻസറാണ് ടിവിയിൽ ഉള്ളത്. 96.6 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, പ്രീമിയം മെറ്റാലിക് ബെസലുകൾ, ഒരു ബില്യൺ കളർ വ്യൂ, 4K റെസലൂഷൻ ഡിസ്പ്ലേ എന്നിവയും എംഐ ടിവി 5Xൽ നൽകി. ഡോൾബി അറ്റ്മോസ് പിന്തുണയോടെ 40W സ്റ്റീരിയോ സ്പീക്കറുകൾ (43 ഇഞ്ച് മോഡലിൽ 30W) ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നു. എംഐ ടിവി 5Xന് 64-ബിറ്റ് ക്വാഡ് കോർ A55 CPU, മാലി G52 MP2 GPU എന്നിവയാണ് കരുത്ത് പകരുന്നത്.






