
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നത് അവിടുത്തെ സ്ത്രീകൾക്കാണ്. എന്നാൽ ഇതിനെതിരെ പോരാടാനുറച്ച ഒരുകൂട്ടം സ്ത്രീകളും വാർത്തകളിൽ ഇടം പിടിച്ചു.
താലിബാനു നേരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ പ്രതിഷേധവിരൽ ചൂണ്ടുന്നതടക്കം നിരവധി ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്.
വീടാണു സ്ത്രീകൾക്കു സുരക്ഷിത ഇടമെന്നും അവർ പ്രസവിക്കാൻ മാത്രമുള്ളതാണെന്നും അടക്കമുള്ള പ്രസ്താവനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്.
ഇപ്പോഴിതാ കാബൂൾ വിമാനത്താവളത്തിലേക്ക് ജോലിയിൽ പ്രവേശിക്കാൻ എത്തിയിരിക്കുകയാണ് 12 വനിതകൾ. ‘എന്റെ കുടുംബത്തെ സഹായിക്കുന്നതിനായി എനിക്കു പണം വേണം. എനിക്കു വീട്ടിലിരുന്നിട്ട് കടുത്ത സമ്മർദ്ദമായിരുന്നു, കടുത്ത ദുഃഖം അനുഭവപ്പെട്ടു. ഇപ്പോൾ എനിക്ക് ആശ്വാസം തോന്നുന്നു’– നേവി ബ്ലൂ സ്യൂട്ടും മേക്കപ്പും ധരിച്ചു വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിച്ച ശേഷം റാബിയ ജമാൽ വാർത്താ ഏജൻസിയോടു പ്രതികരിച്ചു. 35 വയസ്സുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ റാബിയ ഈ പന്ത്രണ്ടു പേരിൽ ഒരാളാണ്.
താലിബാൻ കാബൂൾ കീഴടക്കും മുൻപ് എൺപതിലധികം സ്ത്രീകളാണു വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്നത്. അതിൽ 12 പേർ മാത്രമാണു തിരികെയെത്തിയത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകൾ തൊഴിലിടങ്ങളിൽ പ്രവേശിക്കരുതെന്നാണു മിക്കവർക്കും താലിബാൻ നൽകിയിരിക്കുന്ന നിർദേശം.






