
കോഴിക്കോട് : ഹരിത ഭാരവാഹിക്കെതിരേ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നടത്തിയ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെ ആയിരുന്നെന്നു ഹരിത മുന്‍ സംസ്ഥാന സമിതി ഭാരവാഹികള്‍. തങ്ങള്‍ക്കുണ്ടായ അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഹരിത നേതാക്കള്‍ ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് നേതൃത്വത്തെ നിരവധി തവണ സമീപിച്ചിട്ടും നീതി ലഭിച്ചില്ല. എന്നാല്‍ ഇപ്പോഴും മുസ്ലിം ലീഗില്‍ അടിയുറച്ചു നില്ക്കുന്നു. "വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാകും" എന്നു പറഞ്ഞാണ് ജൂണ്‍ 24ന് നടന്ന എം.എസ്.എഫ്. വര്‍ക്കിങ് കമ്മിറ്റിയില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഹരിത ഭാരവാഹിയെ ലൈംഗികമായി അധിക്ഷേപിച്ചത്.- ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഭീദ തസ്നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവര്‍ പറഞ്ഞു. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും അവര്‍ പറഞ്ഞു. ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഹരിത മുന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന സമിതി പിരിച്ചുവിടുകയും പുതിയ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എം.എസ്.എഫിന്റെ വനിതാ വിഭാഗമാണ് ഹരിത.
ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. പാര്‍ട്ടിക്കു പരാതി കൊടുത്ത് 50 ദിവസത്തിനു ശേഷമാണു വനിതാ കമ്മിഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചു. അടിയന്തര വിഷയമായി പരിഗണിച്ചു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേള്‍ക്കാന്‍ തയാറാകാണമെന്ന് പലതവണ അഭ്യര്‍ഥിച്ചു. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. വനിതാ കമ്മിഷനു പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്നം പരിഹരിച്ചോളാന്‍ പറഞ്ഞു. പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്ക് എതിരെയാണ്, പാര്‍ട്ടിക്ക് എതിരെയല്ല.
ഏതോ സൈബര്‍ ക്രിമിനലാണു ഹരിതയെ നിയന്ത്രിക്കുന്നതെന്നും അയാള്‍ക്കെതിരേ നടപടിയെടുത്താല്‍ ഹരിതയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പുറത്താകുമെന്നും നവാസ് അതേ യോഗത്തില്‍ പറഞ്ഞു. കുറച്ചുനാളുകളായി ഹരിതയ്ക്കെതിരേ എം.എസ്.എഫിന്റെ ചില ഭാരവാഹികള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. പ്രസവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ഫെമിനിസം വളര്‍ത്തുന്നു, സമുദായത്തിനെതിരേ നിലപാടെടുക്കുന്നു തുടങ്ങിയ കള്ളപ്രചാരണങ്ങള്‍ നടത്തി. ലീഗില്‍ അടിയുറച്ചു നില്ക്കുന്നു. സി.എച്ച്.മുഹമ്മദ് കോയയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന തങ്ങള്‍ പുരുഷാധിപത്യ മനോഭാവത്തിനെതിരെയാണു പോരാടുന്നത്.- ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഹരിത വിവാദമുണ്ടായ ശേഷം ആദ്യമായാണു പരാതിക്കാര്‍ പരസ്യപ്രസ്താവന നടത്തുന്നത്. അതിനിടെ, എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസിനെതിരേ മുന്‍ വൈസ് പ്രസിഡന്റ് പി.പി. ഷൈജല്‍ രംഗത്തെത്തി. തന്നെ സംസ്ഥാന ഭാരവാഹി പദത്തില്‍ നിന്നും നീക്കുകയെന്നത് പി.കെ. നവാസിന്റെ ആവശ്യമായിരുന്നുവെന്നും ഇതിനായി നവാസ് ഗൂഢാലോചന നടത്തിയെന്നും ഷൈജല്‍ ആരോപിച്ചു.
ഇതിനിടെ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ കോഴിക്കോട് കോടതിയില്‍ രഹസ്യമൊഴി നല്കി. ഇന്നലെ വൈകിട്ട് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ടേറ്റ് ഒന്നാം ക്ലാസ് കോടതിയിലെത്തിയാണ് ജഡ്ജിക്ക് മുന്‍പാകെ രഹസ്യമൊഴി നല്‍കിയത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരേ പരാതി നല്കിയ ഒന്‍പതു പേരില്‍ ഒരാളാണ് നജ്മ തബ്ഷീറ. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി ജഡ്ജിക്ക് മുന്നാകെ ഹാജരാകാന്‍ അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വനിതാ കമ്മിഷന് ഇവര്‍ നല്കിയ പരാതിയില്‍ വെള്ളയില്‍ പോലീസാണ് കേസെടുത്തത്.






