
ഒപ്പമെന്ന ചിത്രം കണ്ട ആരും 4 മ്യൂസിക്ക്സ് എന്ന പേര് മറക്കാനിടയില്ല. നാലുപേരടങ്ങുന്ന ഈ ടീം അത്ര നിസ്സാരക്കാരല്ല. ജിം ജേക്കബ്ബ്, ബിബി മാത്യു, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന് ജെയിംസ്. ഈ നാല്‍വര്‍ സംഘത്തോടൊപ്പം ഒരു രസികന്‍ സൗഹൃദസംഭാഷണം...
മിനുങ്ങും മിന്നാമിനുങ്ങേ... അടുത്തിടെ ഏറ്റവുമധികം മലയാളികളുടെ ഹൃദയം തൊട്ട ഗാനം. അച്ഛന്റെയും മകളുടെയും ദൃഡബന്ധത്തെ ഊട്ടിയുറപ്പിച്ച ഗാനം.
ഒപ്പമെന്ന പ്രിയദര്ശന് ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ഉടലെടുക്കുന്നൊരു ചോദ്യമുണ്ട്. ഈ കാവ്യാത്മകമായ വരികള്‍ക്ക് സംഗീതം നല്‍കിയതാര്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് 4 Musics
ഒരു പാട്ട് ഒട്ടേറെപ്പേര്‍ ചേര്‍ന്ന് പാടുന്നതില്‍ പുതുമയില്ല. എന്നാല്‍ നാല് പേര് ചേര്‍ന്ന് ഒരു സിനിമയിലെ പാട്ടുകള്‍ക്ക് ഈണമിട്ടാല്‍? മലയാളസിനിമയ്ക്കെപ്പോഴോ നഷ്്ടപ്പെട്ട പാട്ടുകളുടെ സുവര്‍ണ്ണ കാലഘട്ടമാണ് ഈ നാല്‍വര്‍ സംഘം തിരിച്ചെത്തിച്ചത്. 4 Musics നാലു ചെറുപ്പക്കാര്‍ തങ്ങളുടെ സ്വപ്നതുല്യമായ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്നു...
ദ 4 മ്യൂസിക്ക്സ്
ബിബി : ഞങ്ങള്‍ നാല് പേരും ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന സുഹൃത്തുക്കളാണ്. അങ്കമാലി മൂക്കന്നൂരിലെ ആഴകമാണ് ഞങ്ങളുടെ തട്ടകം. സംഗീതത്തോടുള്ള താല്പര്യമാണ് ഒരു മ്യൂസിക്ക് ബാന്‍ഡ് തുടങ്ങാന്‍ പ്രചോദനമായത്.
പള്ളി ക്വയറില്‍ പാട്ടുപാടിയാണ് ഞങ്ങള്‍ക്ക് പാട്ടിനോടുള്ള ഇഷ്ടം തുടങ്ങിയത്. കൊയര്‍ ടീമില്‍ നിന്നും ഒരു വെസേ്റ്റണ്‍ ബാന്റ് തുടങ്ങി. 9 വണ്‍ ബി സി എന്ന പേരില്‍.
ജസ്റ്റിന്റെ സഹോദരന് ജിംസന്റെ നേതൃത്വത്തിലാണ് ബാന്റ് ആരംഭിച്ചത്. അതിന് ശേഷം ഒരുപാട് സ്റ്റേജ് ഷോകളും ചെയ്തു. 2006 ആയപ്പോഴേക്കും ഞങ്ങള്‍ പഠനത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോയി. 2007 ല്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ചെയ്ത ആല്‍ബമാണ് മഴത്തുള്ളി.
ജിം : (അല്‍പ്പം ധൃതിയോടെ ബാക്കി പറഞ്ഞു.) മഴത്തുള്ളി ഞങ്ങളുടെ ദീര്‍ഘനാളത്തെ കഷ്്ടപ്പാടിനൊടുവില് ചെയ്തെടുത്തതാണ്. 10 പാട്ടുകള്‍്. അതിലെ എട്ട് പാട്ടുകളെഴുതിയത് ബിബിയും എല്‍ദോസും ചേര്‍ന്നാണ്.
അന്ന് ഇരട്ടഗാനരചയിതാക്കള് എന്ന പേരിലാണ് ഇവര്‍ രണ്ടുപേരും അറിയപ്പെട്ടത്. പിന്നീട് കൈരളി ടിവിയുടെ കണ്ഫ്യൂഷന് എന്ന സംഗീതപരിപാടിയിലും പങ്കെടുത്തു. 4 Musics ന് ഡേവിഡ്സ് ഹാര്‍പ്പ് എന്ന പേരില്‍ ഒരു ഡിവോഷണല്‍ ഗ്രൂപ്പ് ഉണ്ട്. അതിന്റെ ഹെഡ് എല്‍ദോസിന്റെ ചേച്ചിയുടെ ഭര്‍ത്താവ് ബാബു വര്‍ഗ്ഗീസാണ്.
എല്‍ദോസ്: അത്ര കഷ്ടപ്പെട്ട് ആല്‍ബം ചെയ്തിട്ടും അത് പുറത്തിറക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. അന്ന് ആല്‍ബം പുറത്തിറങ്ങിയില്ല. പക്ഷേ എന്തുവന്നാലും ഈ രംഗത്ത് തന്നെ ഞങ്ങള്‍ പിടിച്ച് നില്‍ക്കുമെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും ആല്‍ബം പുറത്തിറങ്ങി. അതിന് ശേഷം ജിം കൊച്ചി പനമ്പള്ളി നഗറില്‍ NHQ എന്ന പേരില്‍ ഒരു സ്റ്റുഡിയോ ആരംഭിച്ചു.
ജസ്റ്റിന്: ഞങ്ങളുടെ സമയം തെളിഞ്ഞത് അതിന് ശേഷമാണ്. കാരണം ആല്‍ബം പുറത്തിറങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ ഒരു മ്യൂസിക്കല്‍ പ്രോഗ്രാം ചെയ്യാനുള്ള അവസരം കിട്ടി.
ജിം: 2012 ലാണ് സ്റ്റുഡിയോ തുടങ്ങിയത്. ആയിടയ്ക്കാണ് എന്റെ സുഹൃത്തായ സൗണ്ട് എന്‍ജിനീയര്‍ സോണിച്ചേട്ടനെ കാണാനിടയായത്. ചേട്ടന് പാട്ടുകളോട് വലിയ താല്പര്യമാണ്. സ്റ്റുഡിയോയിലെത്തിയപ്പോള്‍ ചേട്ടന് മഴത്തുള്ളിയുടെ ഒരു സിഡി കൊടുത്തു. ചേട്ടനതിലെ പാട്ടുകള്‍ ഇഷ്ടപ്പെട്ടപ്പോള്‍ സിഡിയുടെ ഒരു കോപ്പി ചേട്ടന്റെ സുഹൃത്തായ ജിബിന്‍ കൊടുത്തു. ജിബിന്‍ ഏഷ്യാനെറ്റിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ്.
ബിബി : ഇവനന്ന് ആ സിഡി കൊടുക്കാന്‍ തോന്നിയത് ഭാഗ്യം. ഇവന് വഴിയാണ് ആ ഭാഗ്യം വന്നത്. ജിബിനില്‍ നിന്നാണ് ഈ സൗഭാഗ്യങ്ങളുടെയെല്ലാം തുടക്കം.
ജിം: ഇനി ഞാന്‍ പറയെട്ടെടാ...പക്ഷേ അതിന് ശേഷം വലിയ അനക്കമൊന്നും ഉണ്ടായില്ല. ഒരിക്കല്‍ ഏഷ്യാനെറ്റ് ചെയ്യാന്‍ തിരുമാനിച്ചൊരു പരിപാടി പെട്ടെന്ന് റദ്ദാക്കി. പകരം ഒരു മ്യൂസിക്കല്‍ പ്രോഗ്രാം നടത്താന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ തീരുമാനിച്ചു. ആരെ വിളിക്കും എന്നായിരുന്നു അവര്‍ക്ക് സംശയം. അപ്പോഴാണ് ജിബിന്‍ സോണിച്ചേട്ടനെ വിളിച്ച് ഞങ്ങളുടെ കാര്യം ചോദിച്ചത്. ചേട്ടന് ഞങ്ങളെ വിളിച്ചു. മഴത്തുള്ളിയിലെ പാട്ടുകള്‍ റിഹേഴ്സ് ചെയ്യണം. സ്റ്റേജില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരുന്നോളൂ എന്നും പറഞ്ഞു. ജസ്റ്റിന് നാട്ടിലില്ലായിരുന്നു. എങ്കിലും ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് വേഗം തന്നെ റിഹേഴ്സല്‍ ചെയത് എല്ലാം റെഡിയാക്കി.
ബിബി : വളരെ പെട്ടെന്നായിരുന്നു ഷൂട്ടിംഗ്. ഇന്ന് പറഞ്ഞു, മറ്റന്നാള്‍ ഷൂട്ടിംഗ്.. ആ രീതിയിലാണ് എല്ലാം സെറ്റ് ചെയ്തത്. പിന്നൊക്കെ ഭയങ്കര പ്ലാനിംഗായിരുന്നു. എന്തെല്ലാം സെറ്റിംഗ്സ് വേണം? എങ്ങനെല്ലാം ചെയ്യണം? ഭയങ്കര ആലോചനയും പ്ലാനിംഗും. എല്ലാം ഗംഭീരമായി തന്നെ നടന്നു. പിന്നീട് ഏഷ്യാനെറ്റില്‍ മ്യൂസിക്ക് മൊജോ പോലെ ഒരു മ്യൂസിക്കല്‍ പ്രോഗ്രാം ചെയ്തു.
എല്‍ദോസ്: ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയത് അഞ്ച് ദിവസത്തേക്കുള്ള പരിപാടിയാക്കി. നൊസ്റ്റാള്‍ജിക്ക് ഫീലില്‍ കുറച്ച് പാട്ടുകള്‍ പാടി. അല്ലേടാ ജിം.
ജിം: അതേ. മാത്രമല്ല, ഓണത്തെക്കുറിച്ചും ബാല്യകാലത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ പാട്ടുകളുണ്ടാക്കി. അത് ശരിക്കും ക്ലിക്കായി. ഞങ്ങളാരും വിചാരിച്ചില്ല അത്ര ഹിറ്റാവുമെന്ന്.
ബിബി : ആ പരിപാടിക്ക് ശേഷം ഞങ്ങളുടെ ഗ്രൂപ്പില്‍ നല്ല അഭിപ്രായങ്ങളൊക്കെ വന്നു. ശരിക്കും സന്തോഷിച്ച നാളുകളായിരുന്നു അതൊക്കെ. ആ ഷോയ്ക്ക് ശേഷം ജിബിനുമായി നല്ല സൗഹൃദത്തിലായി. അപ്പോള്‍ ജിബിനാണ് ചോദിച്ചത്്്സിനിമയില് ഒരു ചാന്‍സ് നോക്കിക്കൂടേ? ഇത്രയും കഴിവുള്ള ചെറുപ്പക്കാരെ പുറം ലോകമറിയാതിരിക്കുന്നത് മോശമല്ലേ?? എന്നാല്‍ സിനിമാ രംഗത്താരെയും പരിചയമില്ല.
എങ്ങനെ ഒരു ചാന്‍സ് ചോദിക്കും? പരിപാടി ഹിറ്റായപ്പോഴാണ് ജിബിന്‍ ജസ്റ്റ് മാരീഡ് എന്ന ചിത്രത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. അതിന്റെ സംവിധായകന് സാജന് ജോണിയോട് ജിബിന്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞു. സാജന് സാറും പ്രൊഡ്യൂസറും ഞങ്ങളുെട സ്റ്റുഡിയോയിലെത്തി. ട്യൂണ്‍ കേട്ടു. അവര്‍ക്കിഷ്ടമായി. അങ്ങനെയാണ് ജസ്റ്റ് മാരീഡിലേക്കെത്തുന്നത്.
മഴത്തുള്ളി സൗഭാഗ്യം
തകര്‍ന്ന് പോയ നിമിഷങ്ങള്‍
ജിം: ആല്‍ബം റിലീസ് ചെയ്ത് പണി കിട്ടി വീട്ടിലിരിക്കുമ്പോള്‍ നാട്ടുകാര്‍ പുശ്ചത്തോടെയാണ് ഞങ്ങളെ കണ്ടത്. സാമ്പത്തിക പ്രശ്നത്തേക്കാള്‍ രൂക്ഷമായിരുന്നു മനസ്സിനേറ്റ മുറിവ്.
എല്‍ദോസ് : ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം വരും. നമ്മളെത്രത്തോളം കഷ്ടപ്പെട്ടതാ, ആ ആല്‍ബം ചെയ്യാന്‍. കളിയാക്കുന്നവര്ക്കൊക്കെ ഒരു മറുപടി കൊടുക്കണമെന്ന് അന്നേ മനസ്സില്‍ കണ്ടിരുന്നു. അന്ന് ഓരോരുത്തരും കാണുമ്പോള്‍ പറയും, ഇവന്മാര്ക്കൊന്നും ഒരു പണിയുമില്ലേ? വെറുതേ ഒരു ആല്‍ബമെടുത്ത് പൊട്ടിപ്പാളീസായി വീട്ടിലിരിക്കുന്നു. വേറെ വല്ല പണിക്കും പൊയ്ക്കൂടേ ? അത് വലിയൊരു അടിയായിരുന്നു.
ബിബി: കുടുംബത്തെക്കുറിച്ചോര്‍ത്ത് അന്ന് എനിക്കൊരുപാട് സങ്കടം തോന്നിയിട്ടുണ്ട്. ആ അവസ്ഥയൊന്ന് കടന്ന് കിട്ടാന്‍ അല്പം കഷ്ടപ്പെട്ടു.
ജിം: രണ്ട് വര്‍ഷം താമസിച്ച് 2015 ലാണ് ജസ്റ്റ് മാരീഡ് റിലീസായത്. ആ രണ്ട് വര്‍ഷക്കാലം ഞങ്ങള്‍ക്ക് ഒരു വര്‍ക്കും കിട്ടിയില്ല. പരസ്യ ജിംഗിള്‍സ് പോലും കിട്ടാത്ത അവസ്ഥ. അന്നൊക്കെ ഞങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. നോ രക്ഷ.
ബാന്‍ഡുകളുടെ അതിപ്രസരം
ജിം: ഇപ്പോള്‍ ബാന്‍ഡിലും സ്റ്റേജ് ഷോകളിലുമല്ല ശ്രദ്ധ. ഞങ്ങളുടെ മനസ്സ് നിറയെ സിനിമയാണ്. എങ്കിലും താമസിയാതെ 4 Musics ഒരു ബാന്റായി രംഗത്തിറങ്ങും.
(തൊട്ടടുത്ത നിമിഷം തന്നെ മറ്റൊരാള്‍ അവര്‍ക്കിടയിലേക്കെത്തി.ജസ്റ്റ് മാരീഡിന്റെ സംവിധായകന് സാജന് ജോണി.)
ഇതാണ് ഞങ്ങളുടെ ആദ്യ ചിത്രത്തിന്റെ സംവിധായകന് സാജന് ജോണി. ഫോട്ടോ എടുക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കൂടി എടുക്കണേ.. ജിം പറഞ്ഞു.
ബിബി : . ബാന്‍ഡുകള്‍ ഒരുപാട് ഉണ്ടെങ്കിലും ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ല.
ഒപ്പത്തിനൊപ്പം
ബിബി : ആ സമയത്താണ് ജിംമ്മിന്റെ മമ്മി ഒരു മാലാഖയെപ്പോലെയെത്തിയത്. ജിമ്മിന്റെ മമ്മിയുടെ വീട്ടുകാരും ആന്റണി പെരുമ്പാവൂര്‍ ചേട്ടനും കുടുംബസുഹൃത്തുക്കളാണ്. ബാക്കിഇവന് പറയും.
ബിബി : പ്രിയന് സാറിന്റെ സിനിമ എന്ന് കേട്ടപ്പോഴേ ഞങ്ങള്‍ ഞെട്ടി. ഇത്രയും വലിയൊരു സംവിധായകന്റെ ചിത്രത്തിലേക്കൊരവസരം. മനസ്സിലൊരു ലഡ്ഡു പൊട്ടിയതുപോലെ.
ജിം : അന്ന് ഒരു ലഡ്ഡുവല്ലെടാ. രണ്ടു ലഡ്ഡു ഒന്നിച്ചാ പൊട്ടിയേ. (ജിം പൊട്ടിച്ചിരിച്ചു.) ആന്റണിച്ചേട്ടന് പറഞ്ഞു, ഞാന്‍ നിങ്ങളെ പ്രിയന് സാറിന് പരിചയപ്പെടുത്താം. ബാക്കിയെല്ലാം നിങ്ങളുടെ മിടുക്ക്..
ബിബി : രണ്ട് ദിവസം കഴിഞ്ഞാണ് ആന്റണിച്ചേട്ടന് വിളിക്കുന്നത്. നിങ്ങള്‍ ചെന്നൈയ്ക്ക് വിട്ടോ. ഞാന്‍ പ്രിയന് സാറിനോട് പറഞ്ഞിട്ടുണ്ട്.. പിന്നെ ഞങ്ങള്ക്കൊരാവേശമായി. പിറ്റേന്ന് തന്നെ ഞങ്ങള്‍ സാറിനെക്കാണാന്‍ ചെന്നൈയ്ക്ക് വിട്ടു.
ബിബി : പിന്നവിടം മുതല്‍ നടന്നതെല്ലാം ഒരു സ്വപ്നമാണ്.
ജിം : പക്ഷേ, അത്രയും എത്തിയെങ്കിലും ഞങ്ങള്‍ പൂര്‍ണ്ണമായും ഒപ്പത്തിന്റെ ഭാഗമായെന്ന് പറയാനാവില്ല. ഞങ്ങളാണ് സാറിനെ അവസാനം ചെന്ന് കണ്ടത്. ഞങ്ങള്‍ക്ക് ചെല്ലുന്നതിന് മുന്‍പ് ഒരുപാട് മ്യൂസിക്ക് ഡയറകേ്ടഴ്സ് അവരുടെ പാട്ട് അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു. എല്ലാവരുടേയും ഊഴം കഴിഞ്ഞാണ് ഞങ്ങളെത്തിയത്.
ബിബി: ഞങ്ങളുടെ പാട്ട് സാര്‍ കേട്ടിട്ട് പിന്നെ വിളിക്കാംം എന്നുപറയും എന്നാണ് കരുതിയത്. ഒട്ടും ഇഷ്ടപ്പെടില്ല എന്ന് വിചാരിച്ചു. സാറിനെ ആദ്യമായി കാണുന്നതിന്റെ് ആകാംക്ഷയും പേടിയുമൊക്കെ ഉണ്ടായിരുന്നു.
ജിം : അപ്പോഴാണ് ഞങ്ങളറിയുന്നത്, ജസ്റ്റ് മാരീഡില് ഞങ്ങള്‍ ചെയ്ത പാട്ടുകള്‍ പ്രിയന് സാര്‍ കേട്ടെന്നും അത് സാറിന് വല്യ ഇഷ്ടമായെന്നും. അതോടെ ഞങ്ങള്‍ക്ക് പകുതി ആശ്വാസമായി.
ബിബി: പിന്നെ എല്ലാം പെട്ടെന്നായിരുന്നു.സാര്‍ ഒരു സന്ദര്‍ഭം തന്നു. അതിനനുസരിച്ച് ട്യൂണ്‍ ചെയ്യണം. ഒരു പാട്ടിന് മൂന്ന് ട്യൂണുകള്‍ വേണം. ഒരാഴ്ച്ചക്കുള്ളില്‍ അത് ചെയ്ത് കൊടുക്കണം.
ജിം: പിന്നെ നാട്ടിലേക്ക് ഒറ്റവിടലായിരുന്നു. ഞങ്ങള്‍ നാലുപേരും പല സ്ഥലങ്ങളിലായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ചുള്ള പാട്ട് നാലുപേരും റെഡിയാക്കിയിട്ട് വാട്ട്സ് ആപ്പിലെ ഗ്രൂപ്പിലിടും. ഒരാള്‍ തയ്യാറാക്കിയ ട്യൂണ്‍ മോശമാണെങ്കില്‍ മോശമാണെന്ന് തന്നെ പറയുമായിരുന്നു. അവസാനം നാലുപേരും ചേര്‍ന്ന് പാട്ട് ചെയ്തു. ഒരാഴ്ച്ചയ്ക്ക് ശേഷം ആറ് പാട്ടുകളുമായി അദ്ദേഹത്തെ ചെന്ന് കണ്ടു. ആ ട്യൂണ്‍ കേട്ട ഉടന്‍ തന്നെ അദ്ദേഹം ലോക്ക്ഡ്്് എന്ന് പറഞ്ഞു. ഇത് മതി. ഇനി ഒരു മാറ്റവും വരുത്തേണ്ട.
ചിന്നമ്മാ അടികുഞ്ഞിപ്പെണ്ണമ്മാ...
ജിം: ചിന്നമ്മാ എന്ന പാട്ട് ആദ്യം സെമി ക്ലാസിക്കലായി ചെയ്യണമെന്നാണ് സാര്‍ പറഞ്ഞത്. പിന്നീടത് മാറ്റി. സെമി ക്ലാസിക്കല്‍ ചെയ്താല്‍ സിനിമയുടെ തുടക്കം തന്നെ ഭയങ്കര സീരിയസായിപ്പോവുമെന്ന് സാര്‍ പറഞ്ഞു. നിങ്ങള്ക്കാവുമെങ്കില് അതൊന്ന് മാറ്റിപ്പിടിച്ച് ഒരു പുതിയ ഐഡിയ കൊണ്ടുവരൂ..
ബിബി: എങ്കില്‍ ഉത്സവത്തിന്റെ പ്രതീതിയും ഒപ്പം നാടന്‍ പാട്ടിന്റെ സുഖവും വരുന്നൊരു പാട്ട് ചെയ്യാമെന്ന് ഞങ്ങള്‍ പറഞ്ഞു. സാറിന് ഏതെങ്കിലും പാട്ട് ഇഷ്ടമായാല്‍ ആ നിമിഷം ഹെഡ്ഫോണ് മാറ്റി വച്ചിട്ട് ലോക്ക്ഡ്് എന്ന് പറയും. അതാണദ്ദേഹത്തിന്റെ രീതി.
ജിം: ട്യൂണ്‍ കേട്ട് അദ്ദേഹം രണ്ട് കാര്യങ്ങള്‍ പറഞ്ഞു. പല്ലവിയുടെ അവസാനം രാഗഭാവം വരണം. അനുപല്ലവിയുടെ ആദ്യ രണ്ട് വരിയുടെ ഈണം മാത്രം മാറ്റണം. അതാണ് ചിന്നമ്മ എന്ന പാട്ടിനു പിന്നിലെ കഥ.
മോഹന്‍ലാലെന്ന വിസ്മയം
ബിബി : ഒപ്പത്തിന്റെ ഷൂട്ടിംഗ് സെറ്റിലെന്നും ഞങ്ങള്‍ ഉണ്ടാവും.
ജിം: ആ സമയത്ത് ഒരു രസമുണ്ടായാര്ന്നു. ചിന്നമ്മാ എന്ന പാട്ട് പാടാന്‍ ശ്രീകുമാര്‍ സാര്‍ എത്തി. പാട്ടിന്റെ ശൈലിയൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളുടെ മുഖത്തേക്കൊന്നു നോക്കി. എന്നിട്ടു ചോദിച്ചൊരു ചോദ്യമുണ്ട്. എടാ, പയ്യന്മാരേ, ഇത് നിങ്ങള്‍ തന്നെ ചെയ്തതാണോടേയ്...??
ബിബി : സാര്‍ അതൊട്ടും പ്രതീക്ഷിച്ചില്ല. ഒരു ന്യുജെന് സാധനമൊക്കെയായിരിക്കും ഞങ്ങള്‍ ചെയ്ത് കൊടുക്കുക എന്നാണദ്ദേഹം വിചാരിച്ചത്. അതീന്ന് മാറി ഒരു മെലഡി കൊടുത്തപ്പോള്‍ അദ്ദേഹം ഭയങ്കര ഹാപ്പിയായി.
ജിം: ലാല്‍ സാര്‍ ഷൂട്ടിംഗിനെത്തിയപ്പോഴാണ് കൂടുതല്‍ സംസാരിച്ചത്. സെറ്റിലെത്തിക്കഴിഞ്ഞപ്പോള് എല്ലാവര്ക്കും പാട്ടിനെക്കുറിച്ച് നല്ല അഭിപ്രായം. അപ്പോള്‍ സാറിനും പാട്ട് കേള്‍ക്കണം. അങ്ങനെ ഞാനും ബിബിയും പ്രിയന് സാറും ശ്രീകുമാര്‍ സാറും ചേര്‍ന്ന് ലാല്‍ സാറിന്റെ കാരവനില്‍ പോയിരുന്ന് പാട്ട് കേട്ടു. അതിഗംഭീരമെന്നാണ് സാര്‍ പറഞ്ഞത്.
ബിബി: ആ സമയത്തൊക്കെ ഇനി നിനക്ക് സ്റ്റേജില്‍ പാടാനൊരു പാട്ടായല്ലോടാ.. എന്ന് ലാല്‍ സാറെപ്പോഴും ശ്രീകുമാര്‍ സാറിനോട് പറയുമായിരുന്നു. ലാല്‍ സാറൊരു വിസ്മയം തന്നെയാ. അന്ധനായ കഥാപാത്രത്തെ എത്ര അനായാസമായാണ് അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്. അത് അദ്ദേഹത്തിന് മാത്രമേ സാധിക്കൂ.
ബിബി : ഒരു പയ്യന് വിളിച്ചു. അവന് ഭയങ്കര കരച്ചിലാണ്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടാണ് അവനെ സ്വാധീനിച്ചത്. നിങ്ങള്‍ നാലുപേരും കാരണമാണെനിക്ക് മനസ്സമാധാനം കിട്ടിയത്. എനിക്ക് എത്രയും പെട്ടെന്ന് എന്റെ അച്ഛനെ കാണണം. എന്റെ ട്രെയിന്‍ ടിക്കറ്റ് പെട്ടെന്ന് അയച്ചുതരണം. എനിക്ക് വീട്ടില്‍ പോകാന്‍ കാശില്ലാണ്ടിരിക്ക്യാ.. അവന് ഭയങ്കര സെ
ന്റിയായിരുന്നു.
ജിം: ഒരു ചേട്ടന് ഗള്‍ഫില്‍ നിന്നും വിളിച്ചു. കുഞ്ഞ് ജനിച്ചിട്ട് ഇതുവരെയും അതിനെ കാണാന്‍ പറ്റിയില്ല. ഇനി ഒന്നര വര്‍ഷം കഴിഞ്ഞേ ലീവ് കിട്ടൂ. പാവം.
ജസ്റ്റിന് : പാട്ടിന്റെ 50 % ക്രെഡിറ്റ് ഡോ. മധൂ വാസുദേവനും ബി.കെ.ഹരിനാരായണനുമുള്ളതാണ്. അവരാണ് പാട്ടുകളുടെ രചയിതാക്കള്‍.
ശില്പ ശിവ വേണുഗോപാല്‍