
മരട് (കൊച്ചി) : 12 കോടിയുടെ ഓണം ബമ്പറടിച്ചതാര്ക്കെന്നു കേരളം മുഴുവന്‍ തെരയുമ്പോഴും അവകാശികള്‍ ഒരുപാട് രംഗത്തുവന്നപ്പോഴും കൊച്ചി മരടിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയപാലനു മാത്രം ആകാംക്ഷ തെല്ലുമില്ലായിരുന്നു. കാരണം, ഒന്നാംസമ്മാനാര്‍ഹമായ ടി.ഇ. 645465 നമ്പര്‍ ബമ്പര്‍ ടിക്കറ്റ് ഭദ്രമായി കൈയിലുണ്ടെന്നതുതന്നെ!
ഫലം നേരത്തേ അറിഞ്ഞെങ്കിലും ഇന്നലെ പത്രം നോക്കി ഒന്നുകൂടി നോക്കി ഉറപ്പിച്ചശേഷമാണ് മരട് മോസ്ക് റോഡില്‍ ഓട്ടോ ഓടിക്കുന്ന പൂപ്പനപ്പറമ്പില്‍ പി.ആര്. ജയപാലന് (57) മരടിലെ കനറാ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്.
യഥാര്‍ത്ഥ വിജയി ഫലം ഇത്രയും ഉറപ്പുവരുത്തുമ്പോഴേക്ക്, ലോട്ടറി ടിക്കറ്റിന്റെ പടം കണ്ടുവരെ കോടിപതിയെന്നവകാശപ്പെട്ട് ആളുകള്‍ രംഗത്തുവന്നിരുന്നു! കഴിഞ്ഞയാഴ്ച ലഭിച്ച 5000 രൂപയുടെ ലോട്ടറി സമ്മാനത്തുകയില്‍നിന്ന് 500 രൂപ മുടക്കി ഓണം ബമ്പര്‍ ഉള്‍പ്പെടെ ആറ് ടിക്കറ്റാണു ജയപാലന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍നിന്ന് എടുത്തത്. വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഫാന്‍സി നമ്പര്‍ നോക്കിയെടുത്ത ടിക്കറ്റിനാണു ബമ്പറടിച്ചത്.
ഇതിനിടെ, ഒന്നാംസമ്മാനാര്‍ഹമായ ടിക്കറ്റിന് അവകാശികളായി ഗള്‍ഫിലുള്ള വയനാട് സ്വദേശി സെയ്തലവി, കായംകുളം സ്വദേശി ഷിജാര്‍ എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തെത്തി. എന്നാല്‍, തന്റെ കൈവശം യഥാര്‍ത്ഥ ടിക്കറ്റ് ഉണ്ടായിരുന്നതിനാല്‍ ആശങ്ക തെല്ലുമില്ലായിരുന്നെന്നു ജയപാലന് പറഞ്ഞു. ഇപ്പോഴുള്ള ഓട്ടോറിക്ഷപോലും വായ്പയെടുത്ത് വാങ്ങിയതാണ്. ആധാരം ബാങ്കില്‍ പണയമാണ്. ഇനി കടങ്ങളെല്ലാം തീര്‍ത്ത് സ്വസ്ഥമായി ജീവിക്കണമെന്നു മാത്രമാണ് ആഗ്രഹം- ജയപാലന് പറഞ്ഞു. സമ്മാനം ലഭിച്ച വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ ആശംസകളുമായെത്തി. ഭാര്യ മണി ചോറ്റാനിക്കരയിലെ ഹോമിയോ കോളജില്‍ ജോലി ചെയ്യുന്നു. മക്കളായ വിഷ്ണു, വൈശാഖ്, അമ്മ ലക്ഷ്മി, മരുമകള്‍ കാര്‍ത്തിക എന്നിവരും ഉള്‍പ്പെട്ടതാണു ജയപാലന്റെ കുടുംബം. തികഞ്ഞ ഈശ്വരവിശ്വാസിയായ ജയപാലനു മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇല്ല.
തെക്കുംഭാഗം പനക്കല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മൂന്ന് സ്ത്രീകള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്നായിരുന്നു ആദ്യപ്രചാരണം. അവര്‍ ഇന്നലെ രാവിലെ ടിക്കറ്റ് ഏല്‍പ്പിക്കാന്‍ എത്തുമെന്നു കരുതി തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നു. അതിനിടെയാണു വിദേശത്തു ജോലിചെയ്യുന്ന വയനാട് സ്വദേശിക്കാണു സമ്മാനമെന്ന് വാര്‍ത്ത ചാനലുകള്‍ പുറത്തുവിട്ടത്. സാമൂഹികമാധ്യമങ്ങളില്‍ സമ്മാനജേതാവെന്നു പരിചയപ്പെടുത്തി പലരുടെയും ചിത്രങ്ങള്‍ ട്രോളന്മാര് പങ്കുവച്ചതും ആശയക്കുഴപ്പത്തിനിടയാക്കി.