
ഈ കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ 2021 അടുത്ത മാസം ഏഴാം തിയതി മുതൽ 12 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകളും, ഗാഡ്ജറ്റുകളും, ഗൃഹോപകരണങ്ങളും മികച്ച ഓഫറിൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ 2021ൽ ലഭിക്കും. സെയ്ൽ ദിവസങ്ങൾക്ക് മുൻപായി നിരവധി പുത്തൻ സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്താൻ ഒരുങ്ങുന്നത്.
ഓപ്പോ, പോക്കോ, മോട്ടോറോള, റിയൽമി, സാംസങ്, വിവോ എന്നീ ബ്രാൻഡുകളുടെ പുത്തൻ സ്മാർട്ട്ഫോണുകൾ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ നാർസോ 50 ശ്രേണിയാണ് എന്നുറപ്പിച്ചിട്ടുണ്ട്. ഈ മാസം 24നാണ് നാർസോ 50, നാർസോ 50 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളുള്ള പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയുടെ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം റിയൽമി ബാൻഡ് 2, റിയൽമി സ്മാർട്ട് ടിവി നിയോ 32-ഇഞ്ച് എന്നിവയുടെയും ലോഞ്ച് നടക്കുമെന്നാണ് സൂചന.
സാംസങിന്റെ ഗാലക്സി M52 5ജി ഈ മാസം 28ന് വിപണിയിലെത്തും. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ 2021ലൂടെയാവും ഈ ഫോണിന്റെ വില്പന ആരംഭിക്കുക. എന്നാൽ, ഗാലക്സി M52 5ജി ലോഞ്ച് ആമസോണിലൂടെയാണ് എന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് സാംസങ് ഈ മാസം 28ന് മറ്റൊരു ഫോണാകും വില്പനക്കെത്തിക്കുന്നത് എന്നാണ് വിവരം.






