ഈ വർഷം മാർച്ചിലാണ് ഷഓമി റെഡ്മി ശ്രേണിയിൽ സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ മൂന്ന് വലിപ്പങ്ങളിൽ 4K എച്ഡിആർ എൽഇഡി സ്‌ക്രീനുള്ള റെഡ്മി ടിവികളാണ് മാർച്ചിൽ വിപണിയിലെത്തിയത്. ആറ് മാസങ്ങൾക്ക് ശേഷം 32 ഇഞ്ച്, 43 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ടിവികൾ കൂടെ അവതരിപ്പിച്ച് റെഡ്മി ടിവി ശ്രേണി ഷഓമി വിപുലീകരിച്ചു.
ഡോൾബി ഓഡിയോ, ഐഎംഡിബി ഇന്റഗ്രേഷൻ, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട്, എംഐ റിമോട്ട് എന്നിവ സഹിതമാണ് പുതിയ റെഡ്മി 32 ഇഞ്ച്, 43 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ടിവികൾ എത്തുന്നത്. സമാന സ്ക്രീൻ വലിപ്പമുള്ള വൺപ്ലസ് ടിവി Y1 ശ്രേണിയോടും, റിയൽമി സ്മാർട്ട് ടിവി ശ്രേണിയോടുമാണ് ടിവികൾ മത്സരിക്കുന്നത്. ആൻഡ്രോയിഡ് ടിവി 11-ൽ പാച്ച്-വാൾ 4-ലാണ് പുത്തൻ സ്മാർട്ട് ടിവികൾ പ്രവർത്തിക്കുന്നത്. റെഡ്മി സ്മാർട്ട് ടിവി 32 ഇഞ്ചിന് 15,999 രൂപയും, 43 ഇഞ്ചിന് 25,999 രൂപയുമാണ് വില.
പുത്തൻ റെഡ്മി ടിവികൾ ആമസോൺ, എംഐ.com, എംഐ ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവർ മുഖേനയാണ് വിപണിയിലെത്തുക. ഉടൻ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021ലാണ് വില്പന ആരംഭിക്കുക. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, റെഡ്മി സ്മാർട്ട് ടിവി 32, സ്മാർട്ട് ടിവി 43 എന്നിവയ്ക്ക് പ്രത്യേക ഉത്സവ ഓഫറും വിലക്കുറവുമുണ്ടാകും എന്ന് ഷഓമി പറഞ്ഞിട്ടുണ്ട്. രണ്ട് HDMI പോർട്ട്, രണ്ട് USB 2.0, AV, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഇഥർനെറ്റ്, ആന്റിന പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ടീവികളുടെ കണക്ടിവിറ്റി ഫീച്ചറുകൾ. വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.0 എന്നിവ ഉൾപ്പെടുന്നു.






