
കറാറ(ക്യൂന്സ്ലന്ഡ്): ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിവസവും മഴ പ്രതികൂലമായതോടെ മത്സരം നേരത്തെ നിര്‍ത്തി. കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചിന് 276 റണ്ണെന്ന നിലയിലായിരുന്നു.
രണ്ട് ദിവസം ശേഷിക്കവെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പായി. 12 റണ്ണെടുത്ത ദീപ്തി ശര്‍മയും താനിയ ഭാട്ടിയയുമാണ് (0) ക്രീസില്‍. പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കുറിച്ച ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്നലെ നിറഞ്ഞു നിന്നത്. 216 പന്തുകള്‍ നേരിട്ട സ്മൃതിയുടെ (127) കന്നി സെഞ്ചുറി നേട്ടത്തില്‍ ഒരു സിക്സറും 22 ഫോറുകളും ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും താരം സ്വന്തമാക്കി.
ഓസീസ് മണ്ണില്‍ ഒരു വിദേശ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്മൃതി സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മോലി ഹിഡെ (124) 1949 ലെ സിഡ്നി ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണു പഴങ്കഥയായത്. ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ്. 1984 ലെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ സന്ധ്യ അഗര്‍വാള്‍ (134) സെഞ്ചുറിയടിച്ചിരുന്നു. സ്മൃതി മന്ദാനയെ കൂടാതെ എനിഡ് ബേക്വെല്‍, ഡെബി ഹോക്ലെ, ക്ലയര്‍ ടെയ്ലര് എന്നിവര്‍ മാത്രമാണ് ഓസീസിനെതിരേ ടെസ്റ്റ് സെഞ്ചുറിയടിച്ചത്. ഓസീസ് മണ്ണില്‍ ഏകദിനത്തിലും ടെസ്റ്റിലും സെഞ്ചുറിയടിക്കുന്ന ആദ്യ താരമാണു സ്മൃതി. 2016 ല്‍ ഹൊബാര്ട്ടില് നടന്ന ഏകദിനത്തിലായിരുന്നു താരം സെഞ്ചുറിയടിച്ചത്.
80 റണ്ണെന്ന തലേ ദിവത്തെ സ്കോറില്‍ ബാറ്റിങ് തുടങ്ങി വൈകാതെ സ്മൃതി സെഞ്ചുറി തികച്ചു. ആഷ്ലീഗ് ഗാര്‍ഡ്നറുടെ പന്തില്‍ താഹ്ലിയ മക്ഗ്രാത്ത് പിടിച്ചാണു സ്മൃതി മടങ്ങിയത്. കൂടെയുണ്ടായിരുന്ന പൂനം റൗതിനെയും (165 പന്തില്‍ 36) വൈകാതെ നഷ്ടപ്പെട്ടു. സോഫി മോലിനക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലീസ ഹീലി പിടിച്ചാണു പൂനം റൗത് മടങ്ങിയത്. അമ്പയര്‍ ഔട്ടല്ലെന്ന് വിധിച്ചെങ്കിലും സ്വയം പവലിയനിലേക്ക് തിരിച്ച റൗത്തിന്റെ തീരുമാനത്തെ ക്രിക്കറ്റ് ലോകം പുകഴ്ത്തി. ഇന്ത്യന്‍ ഇന്നിങ്സിന്റെ 81-ാം ഓവറിലാണു സംഭവം. അപ്പീല്‍ അമ്പയര്‍ ഫിലിപ്പ് ഗിലെസ്പി തള്ളിയിരുന്നു. അതോടെ പൂനം സ്വയം അംഗീകരിച്ച് പവലിയനിലേക്ക് മടങ്ങി. വനിതാ ക്രിക്കറ്റില്‍ ഡി.ആര്.എസ്. ഇല്ലാത്തതിനാല്‍ റൗത്തിന് വിക്കറ്റ് സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. യാസ്തിക ഭാട്ടിയ (19), നായിക മിതാലി രാജ് (30) എന്നിവരും പുറത്തായി.






