
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഒക്ടോബര്‍ ഏഴ് വരെ എന്‍സിബി കസ്റ്റഡിയില്‍. ആര്യന് ഖാനൊപ്പം പിടിയിലായ ഉറ്റസുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ് മുണ് ധമേച്ച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍ വിട്ടു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങാണ് എന്‍.സി.ബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്. കോഡ് ഭാഷയിലാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നതെന്നും അനില്‍ സിങ്ങ് കോടതിയില്‍ പറഞ്ഞു. അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു.
അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. ചില വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകള്‍ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താന്‍ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
അതേസമയം, ആര്യന് ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബി.ക്ക് ലഭിച്ചിരുന്നു. ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന് ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






