
വ്യത്യസ്ത രുചി അനുഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു കിടിലൻ വിഭവം. ഭക്ഷണ പ്രേമികൾക്ക് പരീക്ഷിക്കാൻ പറ്റിയ ഒരു ഐറ്റമാണ് ചോക്ലേറ്റ് സമോസ. ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമോസയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിൽ ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമൂസകളുടെ വീഡിയോ പങ്കിട്ടത്.
എന്നാൽ ഈ ഫ്യൂഷൻ വിഭവത്തിനു വിമർശനങ്ങളും ഏറുകയാണ്. അതേസമയം, നിരവധി ആരാധകരുമുണ്ട്. സമോസയ്ക്കുള്ളിലും ചോക്ലേറ്റ് നിറച്ചിട്ടുണ്ട്. ഫ്യൂഷൻ ഫുഡിന്റെ ഏറ്റവും പുതിയ അവതരണമാണ് ചോക്ലേറ്റ് സമോസ.രണ്ട് രുചിയിലുമുള്ള സമോസ ആണ് 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിക്കുന്നത്. ഒരു ബോക്സിൽ ചോക്ലേറ്റ് സമോസയും മറ്റൊരു ബോക്സിൽ ഇളം പിങ്ക് നിറത്തിലുള്ള 'സ്ട്രോബെറി സമോസയും വീഡിയോയിൽ കാണാം.
25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷൻ സമോസയുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. സമൂസയ്ക്കുള്ളിൽ എന്താണുള്ളതെന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. 'ചോക്കോ-സമോസ' കണ്ടതിൽ സന്തോഷമുണ്ടെന്നാണ് വീഡിയോയ്ക്ക് ഒരാളുടെ പ്രതികരണം. എന്നാൽ, ഇത് ഭക്ഷണ പ്രേമികളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഇത്തരം ഫ്യൂഷൻ ഭക്ഷണങ്ങൾക്കെതിരെ ഒരു നിയമം വേണമെന്നും ആണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ പ്രതികരണം.






