
തൊഴിലധിഷ്ഠിത സോഷ്യൽ മീഡിയ നെറ്റ്വർക്കായ ലിങ്ക്ഡ് ഇൻ ചൈനയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. ചൈന നിലവിൽ വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന സാഹചര്യം ആയതിനാലാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു.
ലിങ്ക്ഡ് ഇൻ സമാനമായ ആപ്ലിക്കേഷന്‍ ചൈനയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇതിന് ലിങ്ക്ഡ് ഇനില്‍ ഉണ്ടായിരുന്നത് പോലെ നെറ്റ് വര്‍ക്ക് ഫീച്ചറുകള്‍ ഉണ്ടാവില്ല എന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹക് ഷ്റോഫ് പറഞ്ഞു. 2014 ലാണ് ലിങ്ക്ഡ് ഇന്‍ ചൈനയില്‍ ആരംഭിച്ചത്.
റിപ്പോർട്ട് അനുസരിച്ചു ലിങ്ക്ഡ് ഇന്‍ പകരമായി ഇന്‍ജോബ്സ് എന്ന് ആപ്ലിക്കേഷനാണ് ചൈനയില്‍ അവതരിപ്പിക്കുക. ലിങ്ക്ഡ് ഇന്‍ സൈറ്റിലെ ഉള്ളടക്കങ്ങള്‍ പുനഃപരിശോധിക്കാന്‍ സമയപരിധി നല്‍കിയിരിക്കുകയാണ് ചൈനീസ് അധികൃതര്‍.






