സോഷ്യല്‍ മീഡിയയില്‍ കഴിവ് തെളിയിച്ച് ജനശ്രദ്ധ നേടുന്ന നിരവധിപേരാണ് ഉളളത്. അങ്ങനെ ജനങ്ങളുടെ പ്രിയങ്കരിയായിമാറിയ പത്തൊമ്പതുകാരിയാണ് ഇച്ചാപ്പി എന്നറിയപ്പെടുന്ന ശ്രീലക്ഷ്മി. 'ഇച്ചാപ്പി ദ വേള്‍ഡ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇച്ചാപ്പിയും ഇച്ചാപ്പിയുടെ കൊച്ചുവീടും ജനശ്രദ്ധനേടിയത്. അവതരണ ശൈലികൊണ്ട് ഈ കൊച്ചുപെണ്‍കുട്ടി ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയെടുത്തിരിക്കുന്നത്.
തന്റെ കൊച്ചുകുടിലിന്റെ മുന്നില്‍ നിന്ന് ആത്മവിശ്വാസത്തോടെ പാടുകയും ഡാന്‍സ് കളിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ഇച്ചാപ്പിയെ ആരും നെഞ്ചോടു ചേര്‍ത്തുപോകും. എപ്പോഴും ഒരു പുഞ്ചിരി മുഖത്തു സൂക്ഷിക്കുന്ന ശ്രീലക്ഷ്മിയുടെ ആരാധകരാണ് പേര്ളീമാണി അടക്കമുളള യൂട്യൂബേര്‍സ്. വീടിനെക്കുറിച്ച് ഒരുപാട് പരിഹാസങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങിയെങ്കിലും അതൊന്നും കാര്യമാക്കാതെ ഇച്ചാപ്പി തന്റെ കഴിവ് പ്രകടിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. പുതിയ വീടിന്റെ സ്ഥലവും പണിപൂര്‍ത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങളുമാണ് ഇച്ചാപ്പി പങ്കുവെച്ചിരിക്കുന്നത്. ഇനിയും ഒരുപാട് പണികള്‍ ബാക്കിയാണെന്നും പറയുന്നുണ്ട്. എങ്കിലും അധികം വൈകാതെതന്നെ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് ഇച്ചാപ്പി പറയുന്നത്. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏകമകളാണ് ശ്രീലക്ഷ്മി, ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇച്ചാപ്പി.






