
സേലം: മുടിവെട്ടാനെത്തിയ ദളിത് യുവാവിനെ മുടിവെട്ടി നല്‍കാതെ ജാതീയാധിക്ഷേപം നടത്തി മടക്കി അയച്ച സംഭവത്തില്‍ സലൂണ്‍ ഉടമയും ബാര്ബറുമടക്കം മൂന്നു പേര്‍ക്കെതിരെ കേസ്. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. പൂവരശന് (26) എന്ന യുവാവാണ് അധിക്ഷേപം നേരിട്ടത്. സംഭവത്തില്‍ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
മുടിവെട്ടാനെത്തിയ പൂവരശനോട് മുടിവെട്ടി നല്‍കില്ലെന്നു പറഞ്ഞ് സലൂണ്‍ ഉടമ അന്നക്കിളി ജാതിയ അധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. മുടിവെട്ടാത്തതില് പരാതിയുണ്ടെങ്കില്‍ പോയി പരാതിപ്പെടാന്‍ ബാര്‍ബര്‍ ലോകനാഥനും പറയുന്നത് കേള്‍ക്കാം. കടയുടമയും മറ്റു ചിലരും സംഘം ചേര്‍ന്ന് തന്നെ അധിക്ഷേപിച്ചുവെന്നും സ്ഥലത്ത് പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും പൂവരശന് പറയുന്നു. വിദുതലൈ ശിരുതൈഗള് കട്ചി സമുദായത്തില്‍ പെട്ടയാളാണ് പൂവരശന്.
ഒക്ടോബര്‍ 23നാണ് സംഭവം നടന്നത്. അന്ന് തന്നെ 'ന്യൂ സ്റ്റൈല്‍ സലൂണ്‍' കടയുടമയ്ക്കും ബാര്‍ബര്‍ക്കും മറ്റൊരാള്‍ക്കുമെതിരെ പൂവരശന് തന്നെ തലവാസല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ വ്ണിയാര് സമുദായത്തില്‍ പെട്ടവരാണ്.
പൂവരശന്റെ പരാതിയില്‍ അന്നക്കിളി, ലോക്നാഥന്‍, പളനിവേല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ സെല്‍വരാജ് പറഞ്ഞു. പളനിവേലിനെ ഇന്നലെ അറസ്റ്റു ചെയ്തതായും റിമാന്ഡിലാക്കിയെന്നും പോലീസ് അറിയിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് കേസ്.






