
റിയാലിറ്റി ഷോകളിലൂടെ സിനിമാ സംഗീതത്തിലേക്ക് കടന്നുവന്ന ഗായികയാണ് മൃദുല വാര്യര്. പാടുക എന്നതിലപ്പുറം വരികളിലൂടെപ്പോലും സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ചുരുക്കം ചില ഗായികമാരില് ഒരാള്. തന്റെ സംഗീത ജീവിതത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മൃദുല...
സംഗീതസംവിധായികയായ മൃദുലയെക്കുറിച്ച്?
കഴിഞ്ഞ വര്ഷം റിലീസായ പ്രോജക്ടാണ് പ്രാണ. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുളള അക്രമണങ്ങളോടുള്ള പ്രതികരണം എന്നരീതിയില് ചെയ്തിട്ടുള്ള മ്യൂസിക് ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് എന്റെയുള്ളിലേക്ക് അങ്ങനെയൊരു ട്യൂണ് വരുന്നത്. ആദ്യമായാണ് ഒരു പാട്ടിന് സംഗീതസംവിധാനം ചെയ്തത്. സ്വന്തമായി കംമ്പോസ് ചെയ്യണമെന്നൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് സംഭവിച്ചതാണ്. മസ്കറ്റിലെ ഒരുകൂട്ടം പെണ്കുട്ടികള് ചേര്ന്ന് അതിന് നൃത്താവിഷ്കാരവും ഒരുക്കിയിരുന്നു.
വാളയാര് കേസുപോലുള്ള കുറച്ച് അക്രമങ്ങള് അടിക്കടി വന്നുകൊണ്ടിരുന്ന സമയത്താണ് ഈ പ്രോജക്ട് ഉണ്ടാകുന്നത്. ഒന്നുരണ്ട് മണിക്കൂര്കൊണ്ട് കംപ്ലീറ്റ് ചെയ്ത ട്യൂണാണ്. സന്തോഷ് വര്മസാറിന്റടുത്താണ് ലിറിക്സ് എഴുതാന് ഈ ട്യൂണ് ഞാന് ഏല്പ്പിച്ചത്. സാര് വിചാരിച്ചതിലും ഭംഗിയായി എഴുതി തന്നു. അത് വലിയൊരു ഭാഗ്യം.
വിഷ്ണു, അശ്വന്, സന്ദീപ് അവരാണ് മ്യൂസിക് പ്രോഗ്രാമിങ് ചെയ്തത്. കഥകളിയുടെ രണ്ട് ക്യാരക്ടര് കൊണ്ട് ഇത് അവതരിപ്പിക്കണമെന്ന് ഞാന് മനസില് ആഗ്രഹിച്ചിരുന്നു. അത് സഫലമായി. ആല്ബത്തില് സുരേഷ്ഗോപി സാറിന്റെ വോയിസോവറാണ് ഏറ്റവും മനോഹരമായത്.

മൃദുലയും ഒരു പെണ്കുട്ടിയുടെ അമ്മയാണ്. ആശങ്ക എത്രത്തോളമുണ്ട്.
ഇപ്പോഴും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് പെണ്കുട്ടികള്ക്ക് നേരെയുള്ള പീഡനത്തെക്കുറിച്ച്. എനിക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്. ആശങ്കയുണ്ടെന്നത് സത്യമാണ്. എങ്ങോട്ടാണ് നമ്മുടെ നാടിന്റെപോക്ക്, ഇതിനൊന്നും ഒരു അറുതിയില്ലെ എന്ന് തോന്നാറുണ്ട്. ഭയമാണ് മനസില്. ഇത്തരം കാര്യങ്ങളൊന്നും നമുക്ക് തടയാന് പറ്റുന്നതല്ല. മാക്സിമം ശ്രദ്ധിക്കണം. എന്നാല് പോലും കുട്ടികളെ വീട്ടില് അടച്ചിടാനാവില്ലല്ലോ. അവരുടെ സ്വപ്നങ്ങള് തേടിപ്പോവാന് അവര്ക്ക് ഫ്രീഡം വേണമല്ലോ. ഇപ്പോഴത്തെ സാഹചര്യത്തില് പുറത്തേക്ക് എങ്ങനെ വിടും എന്നത് ഒരു ചോദ്യമാണ്. ഭയങ്കരമായിട്ടുള്ള ഒരു അവസ്ഥയാണത്. പലരും പേടിച്ചിട്ടും നാണക്കേടുകൊണ്ടും മിണ്ടാതിരിക്കുന്ന അവസ്ഥയുണ്ട്. പ്രത്യേകിച്ച് പെണ്കുട്ടികളുള്ള ഒരു അമ്മയുടെ മനസ് എനിക്ക് ശരിക്ക് മനസിലാകും.
പുതിയ ചിത്രങ്ങളില് പാടിയിട്ടുണ്ടല്ലോ?
ലോക്ഡൗണിന്റെ സമയത്ത് സിനിമകള് ചെയ്തുവച്ചിട്ടുണ്ട്. എം. ജയചന്ദ്രന് സാറിന്റെ സംഗീതത്തില് പത്തൊന്പതാം നൂറ്റാണ്ട് എന്ന ചിത്രം. രഞ്ജിന് രാജ് ന്റെ ചിത്രം.
സ്വന്തമായിട്ടുള്ള നല്ലൊരു പ്രോജക്ട് ചെയ്യണമെന്നുണ്ട്. പക്ഷേ പെട്ടെന്നില്ല. എന്ത് ചെയ്താലും അത് പെര്ഫെക്ഷനോടെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വെറുതെ ചെയ്തിട്ട് കാര്യമില്ലലോ. അതുകൊണ്ട് സാഹചര്യം വരട്ടെ എന്ന് കാത്തിരിക്കുന്നു.

മൃദുലയെന്ന അമ്മയെക്കുറിച്ച്?
ഞാനൊരു പക്കാ ഫാമിലി വുമണ് തന്നെയാണ്. എങ്കിലും കരിയറും അതുപോലെ പ്രധാനമാണ്. എനിക്ക് ആവുന്ന പോലെതന്നെ മകള് മാതുവിന്റെ കാര്യങ്ങള് ശ്രദ്ധിച്ചിട്ടുണ്ട്. അവളെ ഒരുപാട് ബാധിക്കാത്ത രീതിയിലാണ് ഷോകള് പോലും എടുത്തിരിക്കുന്നത്. മകളുടെ വളര്ച്ചയില് എന്റെ മാതാപിതാക്കളുടെ സഹായവും വളരെ വലുതാണ്. ഭര്ത്താവും വളരെ സപ്പോര്ട്ടീവാണ്.
മൈത്രേയി ജനിച്ച് അഞ്ച് വയസാകുന്നതുവരെ എന്റെ അമ്മ വിജയലക്ഷ്മി തന്നെയാണ് അവളെ വളര്ത്തിയത്. അമ്മയോടാണ് അവള്ക്ക് കുറച്ചുകൂടി അറ്റാച്ച്മെന്റ്. അവളോടൊപ്പം അമ്മ ഉള്ളതുകൊണ്ട് എനിക്കും യാതൊരു ടെന്ഷനും ഇല്ലാതെ പ്രോഗ്രാമുകള്ക്കെല്ലാം പോകാമായിരുന്നു. അവള് ഏറ്റവും സുരക്ഷിതമായിട്ടുളള കൈകളിലാണല്ലോ. അപ്പോള് മറ്റ് ടെന്ഷന്റെ ആവശ്യമില്ല. എന്നെക്കാള് മോളുടെ കാര്യങ്ങള് അമ്മയ്ക്കാണ് അറിയുന്നത്. സത്യംപറഞ്ഞാല് ലോക്ഡൗണിന്റെ സമയത്താണ് അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് പോലും എനിക്ക് അറിയാന് കഴിഞ്ഞത്.
അമ്മയുടെ ക്യാരക്ടര് മോളെ ഒരുപാട് ഇന്ഫ്ളുവന്സ് ചെയ്തിട്ടുണ്ട്. അമ്മ ഭയങ്കര സ്മാര്ട്ട് ആണ്. കുസൃതിയാണ്. അച്ഛനും അങ്ങനെതന്നെ. അമ്മയുടെയും അച്ഛന്റെയും കൂടെത്തന്നെ കളിയും ചിരിയും. എനിക്ക് അവളെ കിട്ടാറില്ല.
കുറച്ചുനാള് ഞങ്ങള് സ്വന്തം നാടായ കോഴിക്കോട് ആയിരുന്നു. അവിടെയായിരിക്കുമ്പോള് നാട്ടുംപുറത്തെ കളികളൊക്കെ ശീലിപ്പിക്കാറുണ്ട്, മണ്ണിലിറങ്ങി കളിയും, മറ്റുകുട്ടികളോടൊപ്പമുള്ള സമയങ്ങളുമുണ്ട്. കൊച്ചിയിലേക്ക് വന്നാല് ഫ്ളാറ്റില് തന്നെയാണ്.

സോഷ്യല് മീഡിയയില് മൃദുലയുടേയും മകളുടേയും റീല്സ് ഒക്കെ ശ്രദ്ധേയമാണല്ലോ?
വീഡിയോ ഇടാന് മുന്നിട്ടൊരുങ്ങി വരുന്നതെല്ലാം അവളാണ്. റീല്സ് കാണാനും അതുപോലെ ചെയ്യാനും ഒക്കെ അവള്ക്ക് ഭയങ്കര താല്പര്യമാണ്. ആദ്യമൊന്നും പോസ്റ്റ് ചെയ്യാന് വേണ്ടി ചെയ്തതല്ല. പക്ഷേ ചെയ്തുകഴിഞ്ഞപ്പോള് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു വളരെ നന്നായി എന്നൊക്കെ അഭിപ്രായംകേട്ടു. അവളുടെ കുഞ്ഞ് അഭിനയവും പാട്ടുകളും ഒക്കെ പോസ്റ്റ് ചെയ്യാറുണ്ട്. ഒരുപാട് പേര് ഇതൊക്കെ കണ്ട് അഭിപ്രായം പറയാറുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില് കലാകാരന്മാര് അനുഭവിക്കുന്ന ദുരിതങ്ങള് ഏറെയാണ്?
പലരും ഒരുപാട് ദുരിതങ്ങള് അനുഭവിക്കുന്നുണ്ട്. ഞാനൊരു ആര്ട്ടിസ്റ്റാണ്, നമുക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും മറ്റുള്ള കലാകാരന്മാരുടെ പ്രയാസങ്ങള് നന്നായി മനസിലാവുന്നുണ്ട്. പലരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഗാനമേളകള് കൊണ്ട് ജീവിക്കുന്ന ഒരുപാട് കലാകാരന്മാരുണ്ട്. അവര്ക്കും വരുമാനം നിലച്ചിരിക്കുകയാണ്. കോവിഡ് വന്നിട്ടിപ്പോള് ഒന്നര വര്ഷം കഴിഞ്ഞല്ലോ. ലോകത്തുള്ള എല്ലാവര്ക്കും സമാധാനം ഉണ്ടാവട്ടെ എന്നുതന്നെയാണ് പ്രാര്ഥന.

കലാരംഗത്ത് ഇനിയുള്ള പ്രതീക്ഷ?
ഇപ്പോഴുള്ള സ്റ്റേജില്നിന്ന് കൂടുതല് നന്നാവണമെന്നുണ്ട്. ഗ്രാഫ് ഒരിക്കലും താഴേക്ക് പോവരുതേ എന്നൊരു പ്രാര്ഥനയും. അതുപോലെ നല്ല പാട്ടുകള് പാടണമെന്നുണ്ട്. സംഗീതം കൂടുതല് പഠിക്കണം. സംഗീതം എപ്പോഴും മുഴുവനായി അറിയാന് പറ്റിയ സംഭവമല്ല. പാടിയ പാട്ട് വീണ്ടും കേള്ക്കുമ്പോള് അവിടെ ശരിയാക്കാമായിരുന്നു, ഇവിടെ ശരിയാക്കാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. സ്വയം ജഡ്ജ്മെന്റ് ചെയ്യാറുണ്ട്. സഹോദരന് ജയദീപും ഭര്ത്താവ് അരുണുമാണ് ഏറ്റവും വലിയ സപ്പോര്ട്ട്.
ന്







Comments