
സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസായ അന്നുമുതല്‍ ആരാധകരെ ആവേശത്തിലാക്കി മുന്നേറുകയാണ്. സൂര്യയുടെ താരമ്യൂല്യം സിനിമയുടെ വിജയത്തിനു പിന്നിലുണ്ട്, പക്ഷേ നടി ലിജോ മോൾ ജോസ് ആണ് ഈ ചിത്രത്തിലെ യഥാർത്ഥ ‘നായകൻ’. നിരൂപക പ്രശംസ നേടിയ 'ജയ് ഭീം' എന്ന ചിത്രത്തിലെ 'സെങ്കണി' എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ലിജോ മോളാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് വളരെയധികം അഭിനന്ദനം താരം നേടി. ആ സന്തോഷം ലിജോയുടെ ഓരോ വാക്കിലുമുണ്ട്.
‘‘അവൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ടാകാം, അവളുടെ പ്രകടനത്തിന് അഭിനന്ദനങ്ങൾ ഒഴുകിയേക്കാം, പക്ഷേ ഞാന്‍ സെങ്കണിയില്‍ നിന്ന് ഇതുവരെ പൂർണമായി പുറത്ത് വന്നിട്ടില്ല. അത് എന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോളും സിനിമ കണ്ടാൽ ഞാൻ കരയും. അതിന് കാരണം അവളുടെ ആഘാതം ഞാൻ അനുഭവിച്ചതുകൊണ്ടാണ്, അത് ഇപ്പോഴും എന്നിൽ ഉണ്ട്. ഞാൻ ഇതുവരെ ചെയ്ത മറ്റൊരു കഥാപാത്രവും എന്നെ ബാധിച്ചിട്ടില്ല. ഡബ്ബിംഗ് സമയത്തായാലും മരണ രംഗം പോലുള്ള രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്തായാലും ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല. സ്ക്രീനിൽ കാണുന്നതെല്ലാം യഥാർത്ഥ കണ്ണുനീർ ആണ്. സത്യത്തിൽ ഞാൻ കരയുകയായിരുന്നു, സംവിധായകൻ കട്ട് പറഞ്ഞിട്ടും എനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഈ സിനിമയിൽ അത്തരത്തിലുള്ള നിരവധി സീനുകൾ ഉണ്ട്.’’ ലോക്കപ്പിലെ ഭർത്താവിന്റെ കസ്റ്റഡി മരണത്തിന് നീതി തേടുന്ന ആദിവാസി സ്ത്രീയുടെ വേഷമാണ് ലിജോ ചെയ്യുന്നത്. സിനിമയില്‍ എത്തിയതിനെ കുറിച്ച് ലിജോ മോള് പറയുന്നു
‘‘ഒഡീഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 1993-ല്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. സൂര്യ നിര്‍മിച്ച് അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇരുള വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയായാണ് ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തെ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാല്പത് ദിവസത്തോളം ഇരുള വിഭാഗക്കാര്‍ക്കൊപ്പം ചെലവിട്ടു. ഇപ്പോഴും അവര്‍ക്ക് യാതൊരു വിധത്തില്‍പ്പെട്ട പരിഗണനയും സമൂഹത്തില്‍ നിന്ന് കിട്ടുന്നില്ല.’’
സെങ്കണി. ഈ ലോകത്തെ അറിയാത്ത നിഷ്കളങ്കയാണ്, അവൾ ഒരിക്കലും മുന്‍പന്തിയില്‍ നില്ക്കാന് ആഗ്രഹിക്കുന്നില്ല. അവൾ സ്ത്രീശക്തിയുമല്ല, എന്നാൽ അവളുടെ ആത്മാവിനെ തകർക്കാൻ പുരുഷന്മാരെ അനുവദിക്കാതിരിക്കാൻ അവൾ ശക്തയാണ്. സെങ്കണിയുടെ 164 മിനിറ്റുകളിലെ പ്രകടനം കാഴ്ചക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങും.






