
സ്വരമാധുര്യവും വ്യത്യസ്തമായ ആലാപനശൈലിയുംകൊണ്ട് സംഗീതപ്രേമികളുടെ കാതുകള്‍ക്ക് ഇമ്പമുള്ള ഈണമായി മാറിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായ പുഞ്ചിരി സിതാരയുടെ മുഖത്ത് എപ്പോഴും കാണാം. കാണുന്നവരിലേക്കും പോസിറ്റീവ് എനര്‍ജി പകരുന്ന ആ ചിരിയും സ്വരമാധുര്യവുമാണ് സിതാരയുടെ ഐഡന്റിറ്റി. സിതാരയ്ക്കൊപ്പം മകള്‍ സ്വാന് ഋതുവും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ സിതാരയേക്കാള്‍ ഫാന്‍സ് മകള്‍ക്കാണെന്നു തന്നെ പറയാം.
വേറിട്ട ശബ്ദമാണല്ലോ സിതാരയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്?
ഓരോരുത്തര്‍ക്കും അവനവന്റേതായ ശബ്ദമുണ്ടല്ലോ. എന്റെ ശബ്ദത്തിനനുസരിച്ചുള്ള കുറേ പാട്ടുകള്‍ പാടാനുള്ള ഭാഗ്യമെനിക്ക് ലഭിച്ചു. മാത്രവുമല്ല വ്യത്യസ്തമായ പാട്ടുകളാണ് സ്വരവ്യത്യാസങ്ങള്ക്ക് കാരണമാകുന്നത്. പല സംഗീത സംവിധായകരുടെയും ആലോചനകളാണ് ഓരോ പാട്ടുകളും. അവര്‍ക്ക് ആ പാട്ടുകളെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടാവും. പാടിക്കുന്ന സമയത്ത് എന്റെ ശബ്ദംകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് ആദ്യമേ പറഞ്ഞുതരാറുണ്ട്.
ആ രീതിയില്‍ എന്നെക്കൊണ്ട് കഴിയുന്നതുപോലെ പാട്ടുകള്‍ പാടാറുമുണ്ട്. തങ്ങള്‍ ചെയ്യുന്ന ജോലി എന്താണെന്ന് കൃത്യമായി ധാരണയുള്ളവരാണ് സംഗീത സംവിധായകര്‍. അവരുദ്ദേശിക്കുന്ന രീതിയില്‍ പാടുന്നതുവരെ അവരെന്നെ കറക്ട് ചെയ്തുകൊണ്ടിരിക്കും. അങ്ങനെയാണ് വ്യത്യസ്തമായ പാട്ടുകളുണ്ടാവുന്നത്.
ശബ്ദം കൊണ്ടുള്ള അഭിനയമാണ് പാട്ടുകള്‍ എന്നാണ് ഞാന്‍ കരുതുന്നത്. കച്ചേരി പോലെയോ വേദിയില്‍ പാടുന്നതുപോലെയോ അല്ല സിനിമയ്ക്ക് പാടുന്നത്. സംഗീതസംവിധായകര്‍ പറയുന്ന മോഡുലേഷന് വരുത്തി പാട്ടുകള്‍ നന്നായി പാടാന്‍ ശ്രമിക്കാറുണ്ട്.
2007 ല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തി. 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എന്ത് തോന്നുന്നു?
സിനിമ എന്നത് വിദൂരമായ സ്വപ്നങ്ങളിലൊന്നായിരുന്നു. അങ്ങനെയിരിക്കെ സിനിമയില്‍ ഒരവസരം കിട്ടി. ഇത്രയും നാളുകളായിട്ട് നല്ല സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കുമൊപ്പം പാടാന്‍ കഴിഞ്ഞു. പാട്ടുകള്‍ ഹിറ്റാകുമ്പോഴോ അംഗീകാരങ്ങള്‍ കിട്ടുമ്പോളോ അല്ല, പാട്ടുകള്‍ നന്നായി എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോഴാണ് അഭിമാനം തോന്നുന്നത്. എന്റെ പാട്ടുകള്‍ കേട്ടിട്ട് ആര്‍ക്കെങ്കിലുമൊക്കെ സന്തോഷവും ആശ്വാസവും കിട്ടുമ്പോഴാണ് ഞാനെന്ന ഗായികയും എന്റെ ശബ്ദവും അംഗീകരിക്കപ്പെടുന്നത്.
പല റിയാലിറ്റി ഷോകളിലും വിജയിയായിരുന്നു. ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായിരിക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
കലോത്സവ വേദികളേപ്പോലെ തന്നെയാണ് റിയാലിറ്റിഷോകളും. പഠിച്ചതും സാധകം ചെയ്തതുമായ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം എന്ന രീതിയിലേ റിയാലിറ്റി ഷോകളെ കണ്ടിട്ടുള്ളു. ഞാന്‍ മത്സരാര്‍ത്ഥിയായി റിയാലിറ്റിഷോയില്‍ പങ്കെടുത്തപ്പോള്‍ ചിത്രച്ചേച്ചി, ജയചന്ദ്രന് സാര്‍,ശരത് സാര്‍, രമേശ് നാരായണന് സാര്‍, ജോര്‍ജ് പീറ്റര്‍ സാര്‍, വിദ്യാധരന് മാഷ് തുടങ്ങിയ പ്രതിഭകളെ കാണാനും പരിചയപ്പെടാനും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനും കഴിഞ്ഞു. അവരിലൂടെ നല്ല കുറേ അവസരങ്ങളും ലഭിച്ചു. ആരേയും പാടി തോല്‍പ്പിക്കണമെന്ന മാനസികാവസ്ഥയോടെയല്ല ഞാന്‍ പങ്കെടുത്തത്. എന്റെ ഉള്ളിലെ പോരായ്മകള്‍ വലിയ ആളുകളുടെ മുമ്പില്‍ വച്ച് തിരുത്താനുള്ള അവസരമായിട്ടേ റിയാലിറ്റി ഷോകളെ കണ്ടിട്ടുള്ളു.
ഇപ്പോള്‍ ജഡ്ജിംഗ് പാനലിന്റെ ഭാഗമായപ്പോള്‍ പാടാന്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. പാടുമ്പോള്‍ എന്തൊക്കെ സ്ട്രെസ് ഉണ്ടെന്നും അവരുടെ മനസിലൂടെ കടന്നുപോകുന്നതെന്താണെന്നും തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ നമ്മുടെ ഗുരുനാഥന്മാരും മുതിര്‍ന്ന സംഗീതഞ്ജരും പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങള്‍ അനിയന്മാരും അനിയത്തിമാരും മക്കളുമായി കാണുന്ന മത്സരാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും.
സിനിമയിലും ആല്‍ബത്തിനും സംഗീതം നല്കിയിരുന്നല്ലോ?
എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പാട്ടുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അല്ലാതെ സിനിമയ്ക്കുവേണ്ടി ഏതുതരത്തിലുമുള്ള പാട്ടുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന സംഗീത സംവിധായികയല്ല. സിനിമയില്‍ സംഗീതം നല്‍കിക്കൊണ്ട് ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഉടലാഴം എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഞാനും മിഥുന്‍രാജും ചേര്‍ന്നാണ് സംഗീതം നല്‍കിയത്. ആ ചിത്രത്തിലെ കഥാപശ്ചാത്തലങ്ങള്ക്കനുസരിച്ച് വര്‍ക്ക് ചെയ്യാമെന്ന് തോന്നിയതുകൊണ്ടാണ് ഞങ്ങളാ ഉത്തരവാദിത്തം ഏറ്റെടുത്തത്.
മലബാറിക്കസ് എന്ന ബാന്‍ഡിനെക്കുറിച്ച്?
ബിജു ജോബ്, ലിബോയ് പ്രെയ്സ്ലി, അജയ് കൃഷ്ണന്, മിഥുന് പോള്‍, ശ്രീനാഥ് നായര്‍, സിതാര എന്നിങ്ങനെ ഞങ്ങള്‍ ആറു പേരടങ്ങുന്ന ബാന്‍ഡാണ് മലബാറിക്കസ്. വണ്ടര്‍വേള്‍ഡ് മീഡിയയാണ് ഞങ്ങളുടെ പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. സിനിമയ്ക്കു പുറമേയുള്ള സംഗീത പരീക്ഷണങ്ങളാണ് കൂടുതലും ഫോക്കസ് ചെയ്യുന്നത്.
ഫോക്ക് സോങ്ങുകളാണ് മലബാറിക്കസിന്റെ ഐഡന്റിറ്റി എന്നു പറയാം. ഫോക്കിന്റെയും ക്ലാസിക്കലിന്റെയും ഇടയിലുള്ള സഞ്ചാരവഴികളിലൂടെയാണ് മലബാറിക്കസ് കടന്നുപോകുന്നത്.
സൗഹൃദങ്ങള്‍ക്ക് വളരെയേറെ മൂല്യം നല്കുന്ന ആളാണല്ലോ? ആ സൗഹൃദത്തില്‍ പിറന്നതാണോ ഇടം എന്ന കഫേ?
അതെ. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നത്. ശത്രുത പരമാവധി ഇല്ലാതാക്കുക എന്നതാണ് ഞാന്‍ മനസില്‍ ആഗ്രഹിക്കുന്നത്. എല്ലാ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും വന്നിരിക്കാനും ഒന്നിച്ചുകൂടാനുമുള്ളൊരു ഇടം എന്ന നിലയിലാണ് ഇടം എന്ന കഫേ ആരംഭിക്കുന്നത്. അവിടെ ഒരു ആര്‍ട്ട് കഫേയുണ്ട്. പെര്‍ഫോമന്‍സ് സ്പേസ് ഉണ്ട്, മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പല തരത്തിലുള്ള ആളുകള്‍ വരാറുണ്ട്. ഒരു കൂട്ടായ്മയുടെ ഇടമാണത്.
ഫാമിലിയുടെ പ്രത്യേകിച്ച് ഭര്‍ത്താവിന്റെ സ്ട്രോങ് സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ആ ഭാഗ്യത്തെ കുറിച്ച്?
കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു ഇടം എന്റെ കുടുംബമാണ്. കുടുംബത്തില്‍ എല്ലാവരും ഒത്തുചേരുന്ന സമയത്ത് നേരം വെളുക്കുന്നതുവരെ സംസാരിച്ചിരിക്കാന്‍ എനിക്കിഷ്ടമാണ്. സന്തോഷങ്ങളിലും സങ്കടങ്ങളിലും എനിക്ക് ധൈര്യം പകര്‍ന്ന് അവര്‍ എനിക്കൊപ്പമുണ്ടെന്നത് വലിയ ഊര്‍ജം നല്‍കുന്നുണ്ട്. ഭര്‍ത്താവ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനേക്കാള്‍ ഞങ്ങള്‍ പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്നുണ്ട് എന്നു വേണം പറയാന്‍. ഉയര്‍ച്ച താഴ്ചകളില്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവനവന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള പൂര്‍ണ്ണമായ സാവകാശവും സ്ഥലവും കൊടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഞങ്ങള്‍ക്കിടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം സൗഹൃദമാണ്. ആ സൗഹൃദത്തിനു മുകളിലാണ് ഞങ്ങള്‍ കുടുംബം പടുത്തുയര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയ്ക്കും ഇഷ്ടങ്ങള്ക്കുമൊക്കെ ഒരു ഭാര്യ എന്നതിലുപരി സുഹൃത്തെന്ന നിലയില്‍ എന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ട്. അതുപോലെ തിരിച്ചുമുണ്ട്. എത്ര തിരക്കുകളുണ്ടെങ്കിലും കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരിക്കാറുണ്ട്.
മനസു തുറന്ന ചിരി സിതാരയുടെ ഐഡന്റിറ്റിയായി മാറിയിട്ടുണ്ട്. എപ്പോഴും പോസിറ്റീവായിരിക്കാന്‍ കഴിയുന്നത് എങ്ങനെ?
എപ്പോഴും പോസിറ്റീവായി ഇരിക്കാനൊന്നും കഴിയില്ല. നമ്മളൊക്കെ മനുഷ്യരല്ലേ? ചില സമയങ്ങളില്‍ മൂഡ് സ്വിങ്സ് വരും. ആലോചനകളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ വരും. അതൊക്കെ എനിക്കുമുണ്ട്. പിന്നെ ഉറക്കെ ചിരിക്കുക എന്നത് ജന്മസിദ്ധമായി കിട്ടിയതാണ്. അച്ഛമ്മ, അമ്മ, അച്ഛന്റെ സഹോദരി, അമ്മയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും ഉറക്കെ ചിരിക്കുന്നവരാണ്. ചെറിയ തമാശകള്‍ക്കുപോലും ഞങ്ങളൊക്കെ ഉറക്കെ ചിരിക്കും. ആ ചിരി ചിലപ്പോള്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടാകും. എന്തുകൊണ്ടോ ആ ശീലം മാറ്റാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, അങ്ങനെ തോന്നിയിട്ടുമില്ല.
മകള്‍ക്ക് സംഗീതവാസനയുണ്ടോ?
സംഗീതത്തോട് എട്ട് വയസുള്ള ഒരു കുട്ടി കാണിക്കുന്ന താല്പര്യമൊക്കെ സായുവിനുമുണ്ട്. എത്രത്തോളം കൂടുതലായി അതിനെ ഇഷ്ടപ്പെടുന്നു എന്നൊക്കെ കുറച്ച് കഴിഞ്ഞാലേ അറിയാന്‍ കഴിയൂ.
സായു ഇഷ്ടത്തോടെ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട്. നൃത്തവും സംഗീതവും ഒക്കെ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്റെ അച്ഛനമ്മമാര്‍ എല്ലാ കലകളെക്കുറിച്ചുമുള്ള ഒരു എക്സ്പോഷര്‍ എനിക്ക് തന്നിരുന്നു. പിന്നീട് ഏതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തന്നു. എല്ലാം പരിചയപ്പെടുത്തിക്കൊടുക്കുക. പിന്നീടവള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ. സായു വാശിയുള്ള കുട്ടിയല്ല. അമ്മൂമ്മയുടെ വളരെ അടുത്ത ഫ്രണ്ടാണവള്. അവളുടെ ശ്വാസം എന്നുപറയുന്നതും എന്റെ അമ്മയാണ്. അമ്മ എന്നെ എങ്ങനെ നോക്കിയോ അതിന്റെ നൂറിരട്ടി കരുതലോടെയാണ് ഇപ്പോള്‍ അവളെ നോക്കുന്നത്.
പാട്ടിനൊപ്പം ചിലങ്കയും മോഹിപ്പിക്കാറില്ലേ? നര്‍ത്തകിയായ സിതാരയെക്കുറിച്ച് ?
സംഗീതവും നൃത്തവും ഒരേ പ്രാധാന്യത്തോടെയാണ് പഠിച്ചതും പ്രാക്ടീസ് ചെയ്തതും. സംഗീതത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടി. സമയം കിട്ടുമ്പോള്‍ നന്നായി പ്രാക്ടീസ് ചെയ്ത് വേദികളില്‍ നൃത്തമവതരിപ്പിക്കണമെന്നുണ്ട്. പാട്ടുകാരിയെന്ന രീതി മതി എന്ന് ഞാനൊരു തിരഞ്ഞെടുപ്പ് നടത്തിയതല്ല. അതൊരു ഭാഗ്യം മാത്രമാണ്. അതിനിടയില്‍ നൃത്തത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റിയില്ല. അതൊരു പോരായ്മയായിട്ടാണ് എനിക്ക് തോന്നുന്നത്. അതിനുളള അവസരങ്ങള്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. നൃത്തവും ഒപ്പം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
അശ്വതി അശോക്