
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,729 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 221 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. 12,165 പേര് കൂടി രോഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 1,48,922 ആയി കുറഞ്ഞു. ഇതുവരെ 1,07,70,46,116 ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗബാധിതരില്‍ 33,724959 പേര് രോഗമുക്തി നേടി. 98.23% ആണിത്. ആകെ 4,59,873 പേര് മരണമടഞ്ഞു. ആകെ രേഗാികളില് 1.34% വരുമിത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു ചുവടുകൂടി വച്ച് ബ്രിട്ടണ് രംഗത്തെത്തി. ആന്റിവൈറല്‍ ഗുളിക ഉപയോഗിക്കുന്നതിന് ബ്രിട്ടണ് അംഗീകാരം നല്കി. ലോകത്ത് ആദ്യമായി ഇത്തരം ഗുളികയ്ക്ക് അംഗീകാരം നല്‍കുന്നത് ബ്രിട്ടനാണ്. യു.എസ് കമ്പനിയായ മെര്‍ക് ആന്റ് കോയും റിഡ്ജ്ബാക് ബയോതെറാപ്യൂട്ടിക്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മോള്നുപൈറവീറിന് (Molnupiravir) ബ്രിട്ടണിലെ ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സിയാണ് അംഗീകാരം നല്‍കിയത്. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കടുത്ത ആരോഗ്യ പ്രശ്നം നേരിടുന്നവര്‍ക്കും കോവിഡ് ഗരുതരമാകാതിരിക്കാന് ഈ ഗുളിക നല്‍കാമെന്നാണ് നിര്‍ദേശം.
അതിനിടെ, റഷ്യയില്‍ കോവിഡ് രോഗികളും മരണവും കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ 1195 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ മുതല്‍ പ്രതിദിന രോഗികളുടെ എണ്ണവും മരണവും ഇവിടെ ഉയര്‍ന്നുവരികയാണ്.
ഗ്ലാസ്ഗോയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.






