
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥാനക്കയറ്റത്തിനായുള്ള ഓഫീസേഴ്സ് ടെസ്റ്റിന്റെ ഉത്തരക്കടലാസില്‍ വേണ്ടപ്പെട്ടവരെ തിരിച്ചറിയാന്‍ കോഡ് മന്ത്രങ്ങള്‍! സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം എന്നീ കോഡുകള്‍ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ക്കു മാര്‍ക്ക് വാരിക്കോരി നല്കാനാന് അണിയറനീക്കം.
കഴിഞ്ഞദിവസം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു ദേവസ്വം ഓഫീസേഴ്സ് ടെസ്റ്റ് (ഡി.ഒ.ടി). ഡി.ഒ.ടി-1, ഡി.ഒ.ടി-2, മതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരവൂര്‍ മുതല്‍ പാറശാല വരെയുള്ള ദേവസ്വങ്ങളില്‍ പുതുതായി ജോലിക്കു കയറിയ 250-ല്‍ ഏറെ എല്‍.ഡി.ക്ല ര്ക്കുമാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും മറ്റ് ജീവനക്കാരും പരീക്ഷയെഴുതി. ദേവസ്വം മാന്വലില്‍നിന്നും മുന്‍കൂട്ടി പ്രസിദ്ധീകരിച്ച മതഗ്രന്ഥങ്ങളില്നിന്നുമായിരുന്നു ചോദ്യങ്ങള്‍.ഉത്തരക്കടലാസ് പരിശോധനാക്രമക്കേടിലൂടെ ഇഷ്ടക്കാര്‍ക്കു സ്ഥാനക്കയറ്റം നന്‍കാനുള്ള നീക്കത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതോദ്യോഗസ്ഥരാണ്. ഫസ്റ്റ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷനില്‍ വന്നയാളാണ്. എന്നാല്‍, ദേവസ്വം വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് മുതലെടുത്ത് മറ്റൊരു ഉദ്യോഗസ്ഥനാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നത്. സെക്കന്‍ഡ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥനാരെന്ന വിവരം ചിലര്‍ നേരത്തേ പുറത്തുവിട്ടു.
മതവിഷയം നോക്കുന്നത് 70 വയസ് പിന്നിട്ടിട്ടും ഓണറേറിയം വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്നയാളാണ്.പരീക്ഷ നടന്നപ്പോള്‍തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥന് പരീക്ഷാര്‍ത്ഥികളുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്. ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പരുണ്ടെങ്കിലും പരീക്ഷാര്‍ത്ഥിയെ തിരിച്ചറിയാനാണു കോഡ് മന്ത്രം. ക്രമക്കേടിനെതിരേ സര്‍ക്കാരിനെയും ഹൈക്കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാര്‍.
ജി. അരുണ്‍






