മുംബൈ: ടാറ്റാ സണ്‍സിന്റെ തലപ്പത്തു നിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കിയ ശേഷമുള്ള ടാറ്റാ ഗ്രൂപ്പ് ഇന്ന് യോഗം ചേരും. മുന്‍ ചെയര്‍മാനെ പുറത്താക്കിയ ശേഷമുള്ള സ്ഥിതിഗതികള്‍ പരിശോധിക്കാനാണ് ഇന്ന് യോഗം ചേരുന്നത്. യോഗത്തില്‍ ഓഹരി ഉടമകളുടെ യോഗത്തില്‍ മിസ്ട്രിയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചും ബോര്‍ഡ് യോഗങ്ങളില്‍ വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തേക്കും.
ടാറ്റയുടെ വിവിധ കമ്പനികളുടെ യോഗങ്ങളില്‍ മിസ്ട്രിക്ക് വോട്ടവകാശം നല്‍കേണ്ടതില്ല എന്നാണ് ടാറ്റ സണ്‍സിന്റെ തീരുമാനമെന്നാണ് സൂചന. അതേസമയം നിലവില്‍ ടാറ്റയുടെ വിവിധ കമ്പനികളുടെ ഓഹരി ഉടമകളുടെ യോഗത്തില്‍ മിസ്ട്രിക്കും വോട്ടവകാശമുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ടാറ്റാ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് വ്യാഴാഴ്ച ഓഹരി ഉടമകളുടെ യോഗം വിളിച്ചതായി വാര്‍ത്തകളുണ്ട്.
ടാറ്റയുടെ ഇടക്കാല ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രത്തന്‍ ടാറ്റയും മറ്റ് ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ഇന്നത്തെ യോഗത്തില്‍ മിസ്ട്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ടാറ്റ ഗ്രൂപ്പില്‍ മൂന്നില്‍ രണ്ട് ഓഹരികളുള്ള മിസ്ട്രിയെ ഒക്ടോബര്‍ 24ന് ചെയര്മാന് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ടാറ്റ ഗ്രൂപ്പില്‍ കുടുംബത്തിന്റെ ആധിപത്യം തിരിച്ച് പിടിക്കുന്നതിനു വേണ്ടിയാണ് ഈ നടപടി എന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.




