
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍ പനിയും ചുമയുമായി രാത്രിയില്‍ എത്തുന്ന രോഗികള്‍ കാത്തു നിന്ന് മറ്റെന്തെങ്കിലും രോഗം കൂടി പിടിപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരു മണിക്കൂര്‍ വരെ നിന്നാലാകും ചിലപ്പോള്‍ മരുന്നു ലഭിക്കുക. ലാബോറട്ടറി പരിശോധന ഉള്‍പ്പെടെ ആവശ്യമായി വന്നാല്‍ ഈ കാത്തു നില്‍പ്പിന്റെ സമയം വര്‍ധിക്കും. പരാതി പറയാന്‍ ശ്രമിച്ചാലും പ്രയോജനമൊന്നുമുണ്ടാകാറില്ലെന്നും പരാതിയുണ്ട്.
ഇന്നലെ വൈകിട്ട് ചുമയും പനിയുടെ ലക്ഷണങ്ങളുമായെത്തിയ രോഗിയ്ക്കുണ്ടായ അനുഭവമിങ്ങനെ: രോഗലക്ഷണങ്ങള്‍ പറഞ്ഞതിനു പിന്നാലെ കോവിഡ് പരിശോധനാ വിഭാഗത്തിലേക്കു പറഞ്ഞയച്ചു. അവിടെയെത്തിയപ്പോള്‍ രണ്ടു ജീവനക്കാര്‍ ഉണ്ടെങ്കിലും വിവരം ശേഖരിക്കേണ്ടയാള് ഇല്ല. മറ്റൊരു വാര്‍ഡിലെ കൂടി ജോലി നോക്കുന്ന ജീവനക്കാരി എത്തുമ്പോള്‍ 20 മിനിറ്റു പിന്നിട്ടു. രാത്രിയില്‍ കോവിഡ് പരിശോധനയില്ലെന്നും രാവിലെ എത്താനുമുള്ള അറിയിപ്പും ലഭിക്കാനാണ് ഇത്രയും നേരം കാത്തിരിക്കേണ്ടി വന്നത്.
ഇവിടെ നിന്നു ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ അവിടെ രോഗികളുടെ നീണ്ട നിര.ഇവിടെയും ജീവനക്കാരുടെ കുറവാണ് പ്രശ്നം. ഏറെ നേരം കാത്തു നിന്ന ശേഷമാണ് ഇവിടെ സാമ്പിള്‍ നല്കാന് കഴിഞ്ഞത്. പ്രായമുള്ള രോഗികളാരെങ്കിലുമാണെങ്കില് ഈ സമയമാകുമ്പോഴേയ്ക്കും അവശനാകും.കാത്തു നിന്നു മടുത്ത പലരും ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു.






